റിയാ പട്ടേലിന്റെ മരണം- പ്രതിക്ക് നാലുവര്‍ഷം തടവ്

മിനിയാപോലിസ്- ഇന്ത്യന്‍ അമേരിക്കന്‍ ബിസിനസ്സ് വിദ്യാര്‍ത്ഥിനി റിയാ പട്ടേല്‍(21) കാറപകടത്തില്‍ കൊല്ലപ്പെട്ടതിന് ഉത്തരവാദിയായ മൈക്കിള്‍ ലോറന്‍സ് കാംമ്പല്ലിനെ(21) നാലുവര്‍ഷത്തെ തടവിന് ശിക്ഷിച്ചു.ഏപ്രില്‍ 5ന് മിനിസോട്ട ഡിസ്ട്രിക്റ്റ് കോര്‍ട്ട് ജഡ്ജ് ഫ്രഡ് കറസോവാണ് വിധി പ്രസ്താവിച്ചത്.

2017 സെപ്റ്റംബര്‍ 17നാണ് ഇരുവരും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടത്. മൈക്കിള്‍ മദ്യപിച്ചു വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമെന്നും, അപകടത്തിനുശേഷം ഗുരുതര പരിക്കേറ്റ റിയാ പട്ടേലിനെ കാറില്‍ ഉപേക്ഷിച്ചു അവിടെ നിന്നും മൈക്കിള്‍ സഥലം വിട്ടതായി ജൂറി കണ്ടെത്തിയിരുന്നു.

 സംഭവത്തിന് മുമ്പ് മൈക്കിളിന്റെ പേരില്‍ ഓവര്‍ സ്വീഡിങ്ങ്, മയക്കുമരുന്നു ഉപയോഗം തുടങ്ങിയ കേസ്സുകള്‍ നിലവിലുണ്ടായിരുന്നതായും ജൂറി കണ്ടെത്തി.വാഹനം ഓടിച്ചുകൊണ്ടിരുന്ന മൈക്കിളിന്റെ കവിളില്‍ വികാരവായ്‌പോടെ റിയാപട്ടേല്‍ ചുംബിച്ചതാണ് തന്റെ ശ്രദ്ധ നഷ്ടപ്പെടുന്നതിനും വാഹനം അപകടത്തില്‍പെടുന്നതിനും കാരണമായതെന്ന വാദം നടക്കുമ്പോള്‍ പ്രതി ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. കോടതി പ്രതിയുടെ വാദം അംഗീകരിച്ചില്ല.

കോടതിയുടെ മുമ്പില്‍ പ്രതി ക്ഷമാപണം നടത്തുകയും, റിയായെ വളരെ സ്‌നേഹിച്ചിരുന്നുവെന്ന് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.