ദേശീയപാതക്കുള്ള സ്ഥലമേറ്റെടുക്കാന്‍ സര്‍വേ തുടരുമെന്ന് മന്ത്രി ജി.സുധാകരന്‍

തിരുവന്തപുരം: മലപ്പുറത്ത് ദേശീയപാതക്കുള്ള സ്ഥലമേറ്റെടുക്കാന്‍ സര്‍വേ തുടരുമെന്ന് മന്ത്രി ജി.സുധാകരന്‍. ഏറ്റവും കുറച്ച് വീടുകള്‍ നഷ്ടമാകും വിധമാകും സ്ഥലമേറ്റെടുക്കുക. ഇതിനായി അലൈന്‍മെന്റുകള്‍ പുനര്‍നിര്‍ണയിക്കുന്നത് പരിഗണിക്കും. ഏറ്റെടുക്കുന്ന സ്ഥലത്തിന് ലഭിക്കുന്ന തുക കലക്ടര്‍ ഉടമകളെ അറിയിക്കും.

വേങ്ങര ഭൂമിയേറ്റെടുപ്പുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു. ഭൂമിയേറ്റെടുക്കല്‍ സംഘര്‍ഷത്തില്‍ കലാശിച്ചതിനെ തുടര്‍ന്ന് പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിന് സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം സെക്രട്ടറിയേറ്റിലാണ് നടന്നത്

ദേശീയപാത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. അതേസമയം, യോഗത്തിലേക്ക്  സമരസമിതി പ്രവര്‍ത്തകരെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല.

കുറ്റിപ്പുറം മുതല്‍ ഇടിമുഴിക്കല്‍ വരെയുള്ള 54 കിലോമീറ്റര്‍ ഭാഗത്തെ സര്‍വേയാണ് വന്‍ പ്രതിഷേധത്തിനും സംഘര്‍ഷത്തിനും ഇടയാക്കിയത്. വേങ്ങരയിലെ അരീത്തോട്ടില്‍ ഒന്നേകാല്‍ കിലോമീറ്റര്‍ ദൂരത്തില്‍ 32 വീടുകള്‍ നഷ്ടമാകുമെന്നാണ് സമരക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ വീടുകള്‍ സംരക്ഷിക്കാന്‍ 2013ലെ അലൈന്‍മെന്റ് നടപ്പാക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.