ആര്‍സിസിയില്‍ നിന്ന് എച്ച്‌ഐവി ബാധിച്ചെന്ന് സംശയിച്ച കുട്ടി മരിച്ചു

ആലപ്പുഴ: ആര്‍സിസിയില്‍ നിന്ന് എച്ച്‌ഐവി ബാധിച്ചെന്ന് സംശയിച്ച കുട്ടി മരിച്ചു. ആര്‍സിസിയില്‍ രക്തം സ്വീകരിക്കുന്നതിനിടെ എച്ച്‌ഐവി ബാധിച്ചെന്നായിരുന്നു പരാതി. ആലപ്പുഴ സ്വദേശിയായ 9 വയസുകാരിയാണ് മരിച്ചത്.

അതേസമയം ചെന്നൈയിലെ റീജണല്‍ ലബോറട്ടറിയില്‍ നടത്തിയ രക്തപരിശോധനയില്‍ കുട്ടിക്ക് എച്ച്‌ഐവി ബാധയില്ലെന്നു നേരത്തെ കണ്ടെത്തിയിരുന്നു.

രക്താര്‍ബുദ ബാധിതയായ പെണ്‍കുട്ടിയെ 2017 മാര്‍ച്ചിലാണ് ആര്‍സിസിയില്‍ ചികില്‍സയ്ക്ക് കൊണ്ടുവന്നത്. കടുത്ത പനിയെത്തുടര്‍ന്ന് ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിക്ക് അര്‍ബുദരോഗം ഉണ്ടെന്ന് ആലപ്പുഴ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ നടത്തിയ പരിശോധനകളില്‍ സ്ഥിരീകരിച്ചിരുന്നു. പനി ബാധിച്ചപ്പോൾ പ്രവേശിപ്പിച്ച ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും രക്താർബുദം സ്ഥിരീകരിച്ചു. തുടര്‍ന്ന് ആര്‍സിസിയില്‍ ചികിത്സയ്‌ക്കെത്തി. ചികിത്സയുടെ ഭാഗമായി കുട്ടിക്കു റേഡിയേഷന്‍ തെറാപ്പി നടത്തി. അതിനു ശേഷം രക്തത്തില്‍ കൗണ്ട് കുറഞ്ഞു. ഇതു പരിഹരിക്കാനായി ആര്‍സിസിയില്‍ നിന്ന് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ നടത്തിയിരുന്നു. തുടര്‍ന്നുള്ള പരിശോധനയിലാണ് കുട്ടിക്ക് എച്ച്‌ഐവി ബാധിച്ചെന്നു സംശയമുണര്‍ന്നത്.

എച്ച്ഐവി ബാധിച്ചത് ആർസിസിയിലെ ചികിത്സാപ്പിഴവു മൂലമല്ലെന്ന് ആരോഗ്യ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ഡോ.കെ.ശ്രീകുമാരി സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ആർസിസി നടത്തിയ ആഭ്യന്തര അന്വേഷണത്തിലും സ്ഥാപനത്തിനു വീഴ്ച സംഭവിച്ചിട്ടില്ലെന്നു കണ്ടെത്തിയിരുന്നു.