ഇന്ത്യയ്ക്ക് പന്ത്രണ്ടാം സ്വര്‍ണം; നേട്ടം വനിതകളുടെ ഡബിള്‍ട്രാപ്പ് ഷൂട്ടിംഗില്‍ ഇന്ത്യയുടെ ശ്രേയസി സിംഗിന്

ഗോള്‍ഡ് കോസറ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് പന്ത്രണ്ടാം സ്വര്‍ണം. വനിതകളുടെ ഡബിള്‍ട്രാപ്പ് ഷൂട്ടിംഗില്‍ ഇന്ത്യയുടെ ശ്രേയസി സിംഗാണ് സ്വര്‍ണം നേടിയത്.

അതേസമയം ഗെയിംസില്‍ മികച്ച പ്രകടനവുമായി ഇന്ത്യന്‍ താരങ്ങള്‍ കുതിക്കുകയാണ്. ഷൂട്ടിംഗില്‍ ഇന്ത്യയുടെ ഓം പ്രകാശ് മിതര്‍വാള്‍ വെങ്കലം നേടി. പുരുഷന്‍മാരുടെ 5 മീറ്റര്‍ പിസ്റ്റളിലാണ് ഓം പ്രകാശിന്റെ നേട്ടം. 201.1 സ്‌കോറാണ് ഈ വിഭാഗത്തില്‍ താരം നേടിയത്. 227.2 പുതിയ റെക്കോര്‍ഡോടെ ഓസ്‌ട്രേലിയയുടെ ഡാനിയല്‍ റെപാചോലി സ്വര്‍ണം നേടി. കഴിഞ്ഞ ദിവസം 10 മീറ്റര്‍ എയര്‍ പിസ്റ്റളിലും ഓം പ്രകാശ് മിതര്‍വാള്‍ വെങ്കലം നേടിയിരുന്നു. ഈയിനത്തില്‍ 235.1 പോയിന്റുമായി ഗെയിംസ് റെക്കോര്‍ഡോടെ ഇന്ത്യയുടെ ജിതു റായിക്കായിരുന്നു സ്വര്‍ണം.

ഇന്ത്യയ്ക്ക് വീണ്ടും മറ്റൊരു മെഡല്‍ പ്രതീക്ഷ നല്‍കി വനിതാ ബോക്‌സിങ് 48 കിലോ വിഭാഗത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം എം.സി.മേരികോം ഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ ശ്രീലങ്കയുടെ അനുഷ ദില്‍റുക്ഷിയെ പരാജയപ്പെടുത്തിയാണ് മേരി കോമിന്റെ നേട്ടം.

അഞ്ച് തവണ ലോക ചാംപ്യനും ഒളിംപിക്‌സ് വെങ്കല മെഡല്‍ ജേതാവുമായ മേരി കോം ഇതാദ്യമായാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കുന്നത്. മുപ്പത്തിയഞ്ചുകാരിയായ മേരി കോം 39കാരിയായ ദില്‍രുക്ഷിയെ 5-0 എന്ന നിലയിലാണ് പരാജയപ്പെടുത്തിയത്. ഉയരക്കൂടുതലുണ്ടെങ്കിലും മല്‍സരത്തില്‍ മേരികോമിനെതിരെ അത് പ്രയോജനപ്പെടുത്താന്‍ ദില്‍രുക്ഷിക്കായില്ല. അവസാന മൂന്നു മിനിറ്റില്‍ ദില്‍രുക്ഷി മികവു കാട്ടാന്‍ ശ്രമിച്ചെങ്കിലും പരിചയസമ്പത്തിന്റെ പോരാട്ടം കാഴ്ചവച്ച മേരി കോം വിജയം സ്വന്തമാക്കുകയായിരുന്നു.