നഴ്‌സുമാരുടെ ശമ്പളപരിഷ്‌കരണ പ്രഖ്യാപനം അട്ടിമറിക്കുന്നു; മിനിമം വേതനം വെട്ടിക്കുറയ്ക്കുന്നു

തിരുവനന്തപുരം: നഴ്‌സുമാരുടെ ശമ്പളപരിഷ്‌കരണ പ്രഖ്യാപനം അട്ടിമറിക്കുന്നു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം അനുസരിച്ച് 20000 ആണ് നഴ്‌സുമാരുടെ മിനിമം വേതനം. എന്നാല്‍ നഴ്‌സുമാരുടെ വേതനം വെട്ടിക്കുറയ്ക്കുകയാണ്. മിനിമം വേതന ഉപദേശക സമിതിയുടേതാണ് നിര്‍ദ്ദേശം. അലവന്‍സ് ഇനത്തില്‍ 6000 മുതല്‍ 10000 വരെ കുറയ്ക്കാനാണ് നീക്കം. ചൊവ്വാഴ്ച ചേര്‍ന്ന സമിതി യോഗത്തിന്റേതാണ് തീരുമാനം.

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും ജീവനക്കാരുടെയും ശമ്പളം ശുപാര്‍ശ ചെയ്യാനുള്ള മിനിമം വേജസ് ഉപദേശക സമിതിയുടെ യോഗം 10ന് നടന്നിരുന്നു. ശമ്പളം പരിഷ്‌കരിച്ചു വിജ്ഞാപനം ഇറക്കാന്‍ സര്‍ക്കാരിനു ഹൈക്കോടതി അനുമതി നല്‍കിയിരുന്നു.

സമിതി നല്‍കുന്ന ശുപാര്‍ശകള്‍ പരിഗണിച്ചു സര്‍ക്കാരാണു വിജ്ഞാപനം ഇറക്കേണ്ടത്. യോജ്യമല്ലാത്ത കാര്യങ്ങളുണ്ടെന്നു തോന്നിയാല്‍ സര്‍ക്കാരിനു ഭേദഗതി വരുത്താം.