ചെമ്മീൻ സിനിമയുടെ കഥ, ശങ്കരമംഗലത്തിന്റെയും

 

കാലം 1965. രണ്ടു ബഹുമാന്യവ്യക്തിത്വങ്ങൾ അമ്പലപ്പുഴയിൽ ബസിറങ്ങി. പ്രസിദ്ധമായ അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രം ചുറ്റി കിഴക്കോട്ട് നീളുന്ന മെറ്റൽറോഡിലൂടെ ഇരുവരും നടക്കുകയാണ്. ലക്ഷ്യം തകഴി എന്ന ഗ്രാമം. അവരിലൊരാൾ പ്രസിദ്ധ ചലച്ചിത്ര സംവിധായകൻ രാമു കാര്യാട്ട്. അപരൻ നാടകകൃത്ത് – തിരക്കഥാകൃത്ത് എന്നീ നിലകളിൽ പേരെടുത്ത
എസ് എൽപുരം സദാനന്ദൻ.

ഒരുമണിക്കൂറോളം കാൽനടയാത്രയ്ക്കുശേഷം ഇരുവരും പച്ചപ്പുനിറഞ്ഞ, നോക്കെത്താദൂരം പാടശേഖരങ്ങൾ നിറഞ്ഞ തകഴി എന്ന
ആ ഗ്രാമത്തിലെത്തി. അവിടെ ചെറിയൊരു ഓടിട്ട വീടിന്റെ മുന്നിലെത്തി.
ശേഷം നീട്ടിവിളിച്ചു ചോദിച്ചു:
”തകഴിച്ചേട്ടൻ ഉണ്ടോ…”

അൽപ്പനേരത്തിനുശേഷം മുറുക്കിചുവപ്പിച്ച ചിരിയോടെ തകഴി എന്ന തകഴി ശിവശങ്കരപ്പിള്ള പുറത്തേക്കുവന്നു. കുശലാന്വേഷണത്തിനുശേഷം രാമു കാര്യാട്ട് കാര്യത്തിലേക്കു കടന്നു:
”അങ്ങയുടെ ചെമ്മീൻ നോവൽ സിനിമയാക്കണം എന്നെനിക്കു ആഗ്രഹമുണ്ട്. ദയവായി അനുവദിക്കണം…”
ശേഷം രാമു കാര്യാട്ട് തകഴിയുടെ അടുക്കലേക്കു നീങ്ങി ഒരു കിഴി അദ്ദേഹത്തിന്റെ മടിയിൽ വച്ചു.
എന്നിട്ട് പറഞ്ഞു:
”അങ്ങ് അനുഗ്രഹിക്കണം…”
തൊട്ടടുത്തുനിന്ന ഭാര്യ കാത്തയെ ആ കിഴി ഏൽപ്പിച്ചശേഷം തകഴി പറഞ്ഞു:
”ശരി, സിനിമയുമായി മുന്നോട്ടു പൊയ്ക്കോളു. ചെമ്മീൻ നോവൽ സിനിമയാക്കുന്നതിൽ എനിക്കു സന്തോഷമേയുള്ളു. എന്റെ എല്ലാ സഹായവും ഉണ്ടാകും…”

അങ്ങനെ 1965 ആഗസ്റ്റ് 19നു ചെമ്മീൻ കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി. രാമു കാര്യാട്ട് സംവിധാനവും എസ് എൽപുരം സദാനന്ദൻ തിരക്കഥാരചനയും നിർവഹിച്ച ചെമ്മീൻ അക്കാലത്തെയും എക്കാലത്തെയും മെഗാഹിറ്റ്. ഈസ്റ്റ്മാൻ കളറിൽ ഇറങ്ങിയ ആദ്യകാല മലയാളച്ചിത്രങ്ങളിൽ ഒന്നാണ് ചെമ്മീൻ. മധു, സത്യൻ, ഷീല, കൊട്ടാരക്കര, അടൂർ ഭവാനി തുടങ്ങിയവർ തകർത്തഭിനയിച്ച പടം. വയലാറിന്റെ ഭാവോജ്വലങ്ങളായ ഗാനങ്ങൾ ചെമ്മീൻ എന്ന എക്കാലത്തെയും ക്ലാസിക് ചിത്രത്തിന്റെ വിജയത്തിനു വഹിച്ച പങ്കു ചെറുതല്ല. കടലിനക്കരെ പോണോരേ, മാനസമൈനേ വരൂ, പെണ്ണാളേ പെണ്ണാളേ കരിമീൻകണ്ണാളേ, പുത്തൻവലക്കാരേ പുന്നപ്രക്കാരേ പുറക്കാട്ടുകടപ്പുറത്ത് ചാകര ചാകര തുടങ്ങിയ ഗാനങ്ങളാണ് വയലാർ ഇതിനായി എഴുതിയത്. അക്കാലത്തെ പേരെടുത്ത സംഗീത സംവിധായകൻ
സലിൽ ചൗധരിയുടെ ഈണം ചെമ്മീൻഗാനങ്ങളെ കാലാതിവർത്തിയാക്കി. മന്നാഡെ ആലപിച്ച മാനസമൈനേ വരൂ, യേശുദാസ് 25-ാം വയസ്സിൽ ആലപിച്ച കടലിനക്കരെ പോണേരേ തുടങ്ങിയ പാട്ടുകൾ നാലരപ്പതിറ്റാണ്ടിനു ശേഷവും കേരളം പാടി നടക്കുന്നു. ആംഗ്ലോ- ഇന്ത്യൻ സിനിമോട്ടോഗ്രാഫർ
മർക്കസ് ബർട്ട്ലി – യു രാജഗോപാൽ ടീമിന്റെ കളർ ഛായാഗ്രഹണം ചെമ്മീൻ പടത്തിനു പകർന്നത് അനുഭൂതിദായകമായ ദൃശ്യവിരുന്ന്.

മലയാളത്തിലെ എക്കാലത്തെയും ദുരന്തപര്യവസായിയായ പ്രണയകഥയുടെ അഭ്രാവിഷ്ക്കാരം അക്കാലത്ത് കേരളക്കരയെ ഇളക്കിമറിച്ചു. മലയാളി മങ്കമാർ ആ പടം കണ്ടശേഷവും കാണാത്തവർ കഥപറഞ്ഞു കേട്ട ശേഷവും ഏറെക്കാലം തേങ്ങിക്കരഞ്ഞുകൊണ്ടേയിരുന്നു…!
പ്രണയാർദ്രമായ ചെമ്മീൻ മലയാളത്തിന്റെ ചലച്ചിത്രകാവ്യ ചരിത്രത്തിൽ അനശ്വരതയുടെ മുഖാവരണവും അണിഞ്ഞ് മലയാളപ്രേക്ഷക മനസ്സിൽ ഇന്നും പൊള്ളുന്ന അനുഭവപർവ്വമായി നിലകൊള്ളുന്നു…!

വാൽകഷ്ണം:

അന്നു രാമു കാര്യാട്ട് തകഴിയുടെ മടിയിൽ വച്ചുകൊടുത്ത കിഴി പിന്നീട് തകഴിയും ഭാര്യ കാത്ത ചേച്ചിയും എണ്ണിനോക്കി…
8000 രൂപ !
അവർക്കു വിശ്വസിക്കാനായില്ല.
ആ തുക കൊണ്ടാണ് തകഴിയിൽ ഇന്നു കാണുന്ന ‘ശങ്കരമംഗലം’ എന്ന തറവാട് ഉണ്ടാക്കിയത്. ആ സ്ഥലം വാങ്ങി തകഴി തന്റെ സ്വപ്നഭവനം അവിടെ നിർമ്മിക്കുകയായിരുന്നു. കുട്ടനാടിന്റെ ഇതിഹാസകഥാകാരൻ പിന്നീട് കഥാപാത്രങ്ങളുമായി സല്ലപിക്കാൻ ഇറങ്ങിയത് ശങ്കരമംഗലത്തെ ഈ തൊടിയിലാണ് !
അവിടെ തകഴിച്ചേട്ടന്റെ പ്രതിമയ്ക്കു ചുറ്റും ആ കഥാപാത്രങ്ങൾ ഇപ്പോഴും സർഗസല്ലാപം നടത്തുന്നു…!!
ഏപ്രിൽ 10നു തകഴി വിട പറഞ്ഞിട്ട് ‘
19 വർഷം തികഞ്ഞു…