മലയാളിക്ക് ഇനി അപ്പിയിടാനുള്ള സ്ഥലം കൂടി ഇല്ലാതാകും

അധികാരത്തിന് പുറത്തു നില്‍ക്കുബോള്‍ ഹാരിസണ്‍ ഭൂമി ഏറ്റെടുക്കാത്തതിനെതിരെ ശബ്ദമുയര്‍ത്തുകയും അധികാരത്തിലെത്തുബോള്‍ ഹാരിസണ് അനുകൂല നിലപാട് എടുക്കുകയും ചെയ്ത എല്‍ഡിഎഫിന്റെ ഇരട്ടത്താപ്പ് വെളിച്ചുത്തു കൊണ്ടുവന്ന വിധിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ നിന്നും ഉണ്ടായത്.
നിയമസെക്രട്ടറി ഹാരിസണ് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയും കേസ് ശരിക്കും പഠിച്ച്‌ വാദിച്ചു കൊണ്ടിരുന്ന സുശീല ഭട്ടിനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്തു നിന്നും മാറ്റിയും സര്‍ക്കാര്‍ നടത്തിയ കള്ളക്കളിയുടെ വിജയമാണ് ഇപ്പോള്‍ ഉണ്ടായത്…. !!

ഹാരിസണ് അനുകൂലമായ വിധി വന്നതോടെ കേരളത്തില്‍ വന്‍കിടക്കാര്‍ കൈവശം വെക്കുന്ന ഒന്നേകാല്‍ ലക്ഷം ഏക്കര്‍ ഭൂമിയുടെ കാര്യത്തിലും തീരുമാനമായി.കേസില്‍ തുടക്കം മുതല്‍ കള്ളക്കളിയാണ് നടന്നത്.
വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഹാരിസണിനെതിരെ ശക്തമായ നിലപാടുകളെടുത്തിരുന്നു.

അതുകൊണ്ടാണ് സുശീല ഭട്ടിനെ കേസ് വിദശമായി പഠിച്ചു കൈകാര്യം ചെയ്യാന്‍ ഏല്‍പ്പിച്ചത്.അങ്ങനെ സുശീലാ ഭട്ട് കേരളത്തിന്റെ അഭിഭാഷകയായി.ഇതോടെ കേസുകളെല്ലാം കേരളം ജയിക്കാന്‍ തുടങ്ങി.
എല്ലാ ഭൂമിയും നഷ്ടമാകുമെന്ന ഭയം ഹാരിസണു വരികെയും ചെയ്തു.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴും വിവാദം ഭയന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി സുശീലാ ഭട്ടിനെ മാറ്റിയില്ല.
എന്നാല്‍ പിണറായി സര്‍ക്കാരില്‍ സിപിഐയ്ക്കാണ് റവന്യൂ വകുപ്പ്.

ആദ്യം തന്നെ ഹാരിസണ്‍ കേസില്‍ നിന്ന് ഇടത് പക്ഷം നേരത്തെ നിയമിച്ച അഭിഭാഷകനെ മാറ്റി.അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന കാനം രാജേന്ദ്രനും ഈ നീക്കത്തെ അനുകൂലിച്ചു…!

പകരം അഡീഷണല്‍ ഐ ജിയായ രഞ്ജിത് തബാനെ കൊണ്ടുവരാന്‍ നീക്കം നടന്നു.ഹാരിസണിന്റെ സ്വന്തം ആളാണ് രഞ്ജിത്ത് എന്ന് ആക്ഷേപം ഉയര്‍ന്നതോടെ അദ്ദേഹം കേസില്‍ നിന്ന് പിന്മാറി.
പിന്നീട് സ്റ്ററ്റ് അറ്റോര്‍ണിയായ കെ വി സോഹനെ ഹാരിസണ്‍ കേസ് അഡ്വക്കേറ്റ് ജനറല്‍ ഏല്‍പ്പിക്കുമെന്ന സൂചനയും വന്നു.
ഹൈക്കോടതി അഭിഭാഷകനായ സോഹനും ഹാരിസണുമായി ബന്ധമുണ്ടായിരുന്നു.

ഹാരിസണിന് വേണ്ടി സോഹനും കേസുകളില്‍ ഹാജരായിട്ടുണ്ട്.
എന്നാല്‍, പത്തനംതിട്ട കോടതിയിലെ കേസില്‍ സോഹര്‍ ആണ് ഹാരിസണ് വേണ്ടി ഹാജരായത്.ഹാരിസണ്‍ ഭൂമി സ്വകാര്യവ്യക്തിയുടേതെന്നായിരുന്നു വാദം.

തോട്ടം മേഖലയില്‍ കബനികള്‍ ഏഴ് ലക്ഷം ഏക്കര്‍ ഭൂമി അനധികൃതമായി കൈവശം വച്ചിരിക്കുന്നുവെന്നാണ് സര്‍ക്കാര്‍ കണ്ടെത്തല്‍.പത്തനംതിട്ട കോടതിയില്‍ ഉണ്ടായിരുന്ന 2989/11 നബര്‍ കേസിലാണ് സോഹന്‍ ഹാജരായത്.ഇത് സോഹനും സമ്മതിക്കുന്നുണ്ട്.

ഇങ്ങനെ സ്റ്റേറ്റ് അറ്റോര്‍ണി സര്‍ക്കാരിനായി വാദിക്കാനെത്തിയാല്‍ എങ്ങനെ സംസ്ഥാന താല്‍പ്പര്യം സംരക്ഷിക്കും എന്ന ചോദ്യം ഉയര്‍ന്നു.
ഇതോടെ കേരളത്തിന് പുറത്തുനിന്നും അഭിഭാഷകനെ എത്തിച്ചാണ് സര്‍ക്കാര്‍ കേസില്‍ ഹൈക്കോടതിയില്‍ വാദം നടത്തിയത്.
ഇതിനിടെ സര്‍ക്കാര്‍ തലത്തിലും കേസ് അട്ടിമറിക്കാന്‍ നീക്കം നടന്നു.
ഹാരിസണ്‍ മലയാളം ഭൂമി ഏറ്റെടുക്കല്‍ വിഷയത്തില്‍ പുതിയ വഴിത്തിരിവായി നിയമസെക്രട്ടറിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

ഹാരിസണ്‍ ഉള്‍പ്പെടെയുള്ള തോട്ടങ്ങള്‍ അനധികൃത കയ്യേറ്റമല്ലെന്നും ഇത്തരത്തില്‍ കണക്കാക്കി നിയമ നിര്‍മ്മാണം നടത്തിയാല്‍ അത് ഭരണഘടനാ വിരുദ്ധവും സുപ്രീംകോടതി ഉത്തരവുകളുടെ ലംഘനമാകുമെന്നും ആണ് നിയമസെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയത്.
ടാറ്റ, ഹാരിസണ്‍ ഗ്രൂപ്പുകള്‍ കൈവശം വെച്ചിരിക്കുന്ന ഭൂമി നിയമനിര്‍മ്മാണത്തിലൂടെ ഏറ്റെടുക്കണമെന്ന എംജി രാജമാണിക്യം റിപ്പോര്‍ട്ടിനെ തള്ളിയാണ് നിയമവകുപ്പ് രംഗത്ത് എത്തിയത്.
സംസ്ഥാനത്ത് 75,000 ഏക്കര്‍ ഭൂമി കൈവശം വച്ചിരിക്കുന്ന ഹാരിസണ്‍ മലയാളം ലിമിറ്റഡ് വിദേശ കബനിയുടെ ബിനാമി കബനിയെന്ന് രാജമാണിക്യം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ബിനാമി പേരില്‍ സര്‍ക്കാര്‍ തോട്ടഭൂമി കൈക്കലാക്കിയ ഹാരിസണ്‍ന്റെ നടപടികളെ പറ്റി സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കണമെന്ന് സര്‍ക്കാരിന് സ്‌പെഷ്യല്‍ ഓഫീസര്‍ എം.ജി. രാജമാണിക്യം ശുപാര്‍ശ നല്‍കുകയും ചെയ്തിരുന്നു.
ഇതിനിടെയാണ് കോടതിയില്‍ കേസ് വാദിക്കുന്നതിലെ തട്ടിപ്പ് പുറത്താകുന്നത്.ഹാരിസണ്‍ ഇന്ത്യന്‍ കബനിയാണെന്ന വാദം പൊളിച്ചടുക്കുന്ന വ്യക്തമായ രേഖകള്‍ സഹിതമാണ് എം.ജി. രാജമാണിക്യത്തിന്റെ റിപ്പോര്‍ട്ട്.ഫെറ നിയമത്തിന്റെയും ബിനാമി ട്രാന്‍സാക്ഷന്‍ (പ്രൊഹിബിഷന്‍) ആക്ടിന്റെയും നഗ്‌നമായ ലംഘനമാണ് കബനി നടത്തിയിട്ടുള്ളതെന്നും ഇതിനുപിന്നില്‍ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു…

ടാറ്റ, ഹാരിസണ്‍. അടക്കമുള്ള വിവിധ കമ്പനികൾ കൈവശം വെച്ചിരിക്കുന്ന അഞ്ച് ലക്ഷത്തി ഇരുപതിനായിരം ഏക്കര്‍ നിയമനിര്‍മ്മാണത്തിലൂടെ ഏറ്റെടുക്കണമെന്നായിരുന്നു രാജമാണിക്യം റിപ്പോര്‍ട്ട് നിര്‍ദ്ദേശിച്ചിരുന്നത്.

എന്നാല്‍ രാജമാണിക്യം സമര്‍പ്പിച്ച സമഗ്രമായ റിപ്പോര്‍ട്ടിന് പകരം പുതിയ നിയമനിര്‍മ്മാണം കൊണ്ടുവരണമെന്നാണ് നിയമവകുപ്പ് ആവശ്യപ്പെടുന്നത്.കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് ഹാരിസണിന്റെ കൈവശമുള്ള ഭൂമി തിരിച്ചുപിടിക്കുന്നതിന് കേരള ഭൂസംരക്ഷണ നിയമം പ്രകാരം ഡോ. എം.ജി. രാജമാണിക്യത്തെ നിയമിച്ചിരുന്നു.ഇക്കാലത്ത് ഭൂമി ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചിരുന്നത് ഇടതുകക്ഷികളും ആയിരുന്നു.ഇതിന് പുറമെ 2013 ഫെബ്രുവരി 27ന് ഇക്കാര്യത്തില്‍ ഹൈക്കോടതി വിധിയും ഉണ്ടായി.
ഭൂമി തിരിച്ചുപിടിക്കാന്‍ കോടതി ഉത്തരവിട്ടു.രണ്ടുമാസത്തിനകം ഇതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ് ആ കാലാവധി തീരാന്‍ രണ്ടുദിവസം ശേഷിക്കേ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ രാജമാണിക്യത്തിന്റെ നേതൃത്വത്തില്‍ സമിതിയെ നിയോഗിക്കുന്നത്.

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഭൂമിയേപ്പറ്റിയും അന്വേഷണം നടത്തിയ രാജമാണിക്യത്തിന്റെ നേതൃത്വത്തിലുള്ള സമിതി നിര്‍ദ്ദേശിച്ചത് ഹാരിസണിന്റെ കൈവശമുള്ള ഭൂമി അടിയന്തിരമായി ഏറ്റെടുക്കണമെന്നാണ് നിര്‍ദ്ദേശിച്ചത്.എന്നാല്‍ ടാറ്റയുടേയും ഹാരിസണിന്റേയും കൈയിലിരിക്കുന്ന ഭൂമി നിയമ വിരുദ്ധമല്ലെന്നും കാലങ്ങളായി കൈവശംവെച്ച്‌ അനുഭവിക്കുന്നത് ആണെന്നാണ് ഇപ്പോള്‍ നിയമവകുപ്പ് സെക്രട്ടറി പറയുന്നത്.

ഇതോടെ ഈ ഭൂമി കബനികള്‍ക്ക് തീറെഴുതുന്ന നിലപാടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.ഹാരിസണ്‍ അടക്കമുള്ള കമ്പനികള്‍ ഭൂമി അവകാശപ്പെടുത്തിയിരിക്കുന്നത് അനധികൃതമല്ലെന്നും പാട്ടക്കരാര്‍ കഴിഞ്ഞ ഭൂമി മാത്രമാണ് ഇതെന്നും നിയമസെക്രട്ടറി പറയുന്നു.
ടാറ്റയുടേത് അനധികൃത കൈയേറ്റമാണെന്നത് കോടതി അംഗീകരിച്ചതിന് പിന്നാലെ ഒന്‍പത് വിജിലന്‍സ് കേസുകളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.വിദേശ നാണ്യ വിനിമയ നിയമം, കേരള ഭൂസംരക്ഷണ നിയമം, ഇന്ത്യന്‍ കമ്പനി ആക്‌ട് തുടങ്ങിയവയെല്ലാം ലംഘിച്ചാണ് സര്‍ക്കാരില്‍ നിക്ഷിപ്തമായ ഭൂമി വിദേശ കബനികള്‍ കൈവശം വെച്ചിരിക്കുന്നതെന്നാണ് രാജമാണിക്യം റിപ്പോര്‍ട്ടില്‍ പറയുന്നത്.

തങ്ങളുടെ കൈവശമുള്ള ഭൂമി സംരക്ഷിക്കുന്നതിന് സുപ്രീംകോടതിയിലടക്കം ഹാരിസണ്‍ സര്‍വതന്ത്രങ്ങളും പയറ്റിയെങ്കിലും ഹൈക്കോടതിയിലെ റവന്യൂ സ്പെഷ്യല്‍ പ്ലീഡര്‍ സുശീല ആര്‍. ഭട്ട് ഉറച്ച നിലപാട് സ്വീകരിച്ചതോടെയാണ് നേരത്തെ ഈ തന്ത്രങ്ങള്‍ വിജയിക്കാതിരുന്നത്.ഇത്തരത്തില്‍ നിയമപരമായി തന്നെ വിജയം നേടി നില്‍ക്കുന്ന സാഹചര്യത്തില്‍ മറിച്ചൊരു നിലപാട് സംസ്ഥാന സര്‍ക്കാരിന്റെ നിയമസെക്രട്ടറി സ്വീകരിച്ചത് ദുരൂഹമാണ്.

കേരള ചരിത്രത്തില്‍ വിപ്ലവകരമായേക്കാവുന്ന ഒരു നടപടിയെ അട്ടിമറിക്കുകയാണ് ഇപ്പോള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ചെയ്തത്.
ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആക്‌ട്, ഫോറിന്‍ എക്‌സ്‌ചേഞ്ച് റഗുലേഷന്‍സ് ആക്റ്റ് എന്നിവ നിലവില്‍ വന്നതോടെ വിദേശികള്‍ കൈവശം വച്ചിരുന്ന തോട്ടഭൂമി സര്‍ക്കാരിന്റേതായി മാറിയെന്നും അത് ഏറ്റെടുക്കണമെന്നുമായിരുന്നു രാജമാണിക്യം റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ.ഹാരിസണ്‍ ഭൂമി സര്‍ക്കാരിലേക്ക് തിരിച്ചുപിടിക്കുന്ന കാര്യത്തില്‍ 1999 മുതല്‍ ഇതുവരെ നിയോഗിക്കപ്പെട്ട ആറ് വ്യത്യസ്ത കമ്മീഷനുകളും പറഞ്ഞത് ഹാരിസണ്‍ കൈവശംവച്ചിരിക്കുന്നത് സര്‍ക്കാര്‍ ഭൂമിയാണെന്നും അതു തിരിച്ചുപിടിക്കണം എന്നുമാണ്.

സുമിത എന്‍. മേനോന്‍ റിപ്പോര്‍ട്ട് (1999),
നിവേദിത പി. ഹരന്‍ റിപ്പോര്‍ട്ട് (2005),
ജസ്റ്റിസ് എല്‍. മനോഹരന്‍ റിപ്പോര്‍ട്ട് (2007),
സജിത്ത് ബാബു റിപ്പോര്‍ട്ട് (2010),
വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് (2013),
ഡോ. എം.ജി.രാജമാണിക്യം റിപ്പോര്‍ട്ട് (2015) എന്നിവയാണ് ഇവ.

എന്നാല്‍ ഇതിനെഎല്ലാം അട്ടിമറിക്കാന്‍ ഹാരിസണ്‍ മലയാളം കമ്ബനിക്ക് അനുകൂലമായി ഉന്നതലതലത്തില്‍ വന്‍ഗൂഢാലോചനയാണ് നടന്നത്.
കഴിഞ്ഞ എന്‍.ഡി.എഫ്. ഭരണത്തില്‍ 2006 മുതല്‍ 2011 വരെ നിയമനടപടികള്‍ വലിച്ചുനീട്ടുകയായിരുന്നുവെന്ന പരാതിയും ഉയര്‍ന്നിരുന്നു.

ഹാരിസണിന്റെ കൈവശമുണ്ടായിരുന്ന മുപ്ലിവാലി എസ്റ്റേറുമായി ബന്ധപ്പെട്ട 2009 ലെ കേസില്‍ കമ്ബനിക്ക് അനുകൂലമായി ഹൈക്കോടതിയില്‍ ഒത്തുകളിക്കുകയാണ് അന്നത്തെ ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്തതെന്ന ആരോപണവും ഉയര്ന്നിരുന്നു…

മുപ്ലിവാലയിതേടക്കം കേരളത്തിലെ കൈവശഭൂമിയില്‍ ഹാരിസണ്‍ മലയാളത്തിന് യാതൊരു അവകാശവും ഇല്ലെന്നു വ്യക്തമാക്കുന്ന നിവേദിത പി. ഹരന്‍ റിപ്പോട്ട്, ജസ്റ്റീസ് എല്‍. മനോഹരന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് എന്നിവ അന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കാതെ പൂഴ്‌ത്തിവെച്ചുവെന്നതായിരുന്നു ആരോപണത്തിന് ഇടയാക്കിയത്.

കഴിഞ്ഞ ഇടതുപക്ഷ ഭരണ കാലത്ത് വിവിധ എസ്റ്റേറ്റുകളിലെ പതിനയ്യായിരത്തില്‍പരം ഏക്കര്‍ സ്ഥലം ഹാരിസണ്‍ അനധികൃതമായി വിറ്റത് സര്‍ക്കാര്‍ കണ്ടില്ലെന്ന നടിച്ചതായും ആക്ഷേപമുണ്ടായി.

മലയാളം പ്ലാന്റേഷന്‍സ് (ഹോള്‍ഡിങ്‌സ്) ലിമിറ്റഡ് എന്ന വിദേശ കമ്ബനി ഒരു ഇന്ത്യൻ കമ്പനി അല്ല എന്നതിന് തെളിവാണ് അവർ 2014ല്‍ ഇംഗ്ലണ്ടില്‍ സമര്‍പ്പിച്ച വാര്‍ഷിക റിട്ടേണ്‍ കണക്കുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ആസ്തികളില്‍ ഹാരിസണിന്റെ കൈവശമുള്ള കേരളത്തിലെ 75,000 ഏക്കര്‍ തോട്ടഭൂമിയും ഉള്‍പ്പെടുന്നു.

1977ല്‍ രജിസ്റ്റര്‍ ചെയ്ത കമ്ബനിയെ നിയന്ത്രിക്കുന്ന മുഖ്യകമ്ബനി ബ്രിട്ടന്റെ നിയന്ത്രണത്തിലുള്ള ചാനല്‍ ഐലന്റ് ദ്വീപില്‍ രജിസ്റ്റര്‍ ചെയ്ത ആമ്ബിള്‍ടൗണ്‍ ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡ് എന്നതാണ്. ആന്റണി ഗിന്നസ് എന്ന വിദേശിയുടെ നിയന്ത്രണത്തിലാണ് കമ്പനി .

കേരളത്തിലെ തോട്ടഭൂമി ആസ്തിയായി ഇംഗ്ലണ്ടില്‍ വര്‍ഷാവര്‍ഷം കണക്ക് കാണിക്കുന്ന വിദേശ കമ്ബനിയുടെ ബിനാമി കമ്പനി യാണ് ഹാരിസണ്‍ എന്നതിലേക്കാണ് രേഖകള്‍ വിരല്‍ ചൂണ്ടുന്നത്.

1977ല്‍ രൂപീകൃതമായ മലയാളം പ്ലാന്റേഷന്‍ (ഹോള്‍ഡിങ്‌സ്) ലിമിറ്റഡിന് മറ്റു പേരുകളുള്ളതായി ബ്രിട്ടനിലെ കമ്പനീസ് ഹൗസ് രേഖകളിലുമില്ല.

ഇത്രയുംകാലം ഇന്ത്യന്‍ കോടതികളിലും റവന്യൂ അധികൃതര്‍ക്കും മുബാകെ തങ്ങള്‍ വിദേശകമ്പനിയല്ല, ഇന്ത്യന്‍ കമ്ബനിയാണ് എന്ന് ഹാരിസണ്‍ ഉയര്‍ത്തിയ വാദഗതികള്‍ക്ക് തിരിച്ചടി നല്‍കുന്ന വിശദമായ തെളിവുകളടക്കമാണ് ഹാരിസണ്‍ സ്‌പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യം സിബിഐ അന്വേഷണമാവശ്യപ്പെട്ട് സര്‍ക്കാരിനു മുബാകെ ശുപാര്‍ശ സമര്‍പ്പിച്ചിരിന്നു.

എന്നിട്ടും സര്‍ക്കാര്‍ അഭിഭാഷകന്‍ വേണ്ടവിധത്തില്‍ പ്രവര്‍ത്തിക്കാതെ കേസ് തോറ്റു കൊടുക്കുകയായിരുന്നു.കേസിലെ പ്രത്യാഘാതങ്ങള്‍ ദൂരവ്യാപകമാണെന്ന കാര്യവും ഉറപ്പാണ്.
ഹാരിസണ് ജയിക്കാൻ ആവശ്യമായ എല്ലാ സാഹചര്യങ്ങളും ഒരുക്കിക്കൊടുത്ത സർക്കാർ പ്രത്യേഗം അഭിനന്ദനം അർഹിക്കുന്നു.

രാജ്യത്തോടോ ജനങ്ങളോടോ യാതൊരു പ്രതിബദ്ധതയുമില്ലാതെ വിദേശ കമ്പനികൾക്ക് സ്വന്തം മണ്ണ് വരെ തൂക്കി വിൽക്കുന്ന നിങ്ങളെ രാജ്യ ദ്രോഹികൾ എന്നെ വിളിക്കാൻ കഴിയൂ.
അതിലും മോശമായ മറ്റൊരു വാക്ക് കണ്ടെത്തും വരെ.

ജോളി ജോളി