കത്വ പീഡനം; ‘ആസിഫയ്ക്ക് വേണ്ടി ഹാജരാകരുത്’; അഭിഭാഷകയ്ക്ക് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റിന്റെ ഭീഷണി

കത്വ : ജമ്മു കാശ്മീരിലെ കത്വയില്‍ എട്ട് വയസ്സുകാരി ആസിഫയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ ഹാജരാകാതിരിക്കാന്‍ തന്നെ ഭീഷണിപ്പെടുത്തുന്നതായി വനിതാ അഭിഭാഷകയുടെ പരാതി. സഹപ്രവര്‍ത്തകരില്‍ നിന്നും, ബാര്‍ അസോസിയേഷനില്‍ നിന്നും ഭീഷണിയുണ്ടായതായി അഭിഭാഷക ദീപിക എസ് രജാവത്താണ് എന്‍എഐയോട് വെളിപ്പെടുത്തി.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിനു വേണ്ടി ജമ്മു കോടതിയില്‍ ഹാജരാകാന്‍ ഇരിക്കുകയായിരുന്നു ദീപിക. ഇതിന് മുമ്പ് കശ്മീര്‍ ഹൈക്കോടതിയില്‍ വച്ച് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ബിഎസ് സലാത്തിയ തന്നെ പരസ്യമായി ഭീഷണിപ്പെടുത്തിയതെന്ന് ദീപിക പറയുന്നു.

കഴിഞ്ഞ ജനുവരി 10 നാണ് രസനയിലെ വീടിന് സമീപത്തുനിന്നും ആസിഫയെ കാണാതാവുന്നത്. തുടര്‍ന്ന് ഏഴു ദിവസത്തിന് ശേഷമാണ് വനപ്രദേശത്ത് നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. റവന്യൂ ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെ എട്ട് പേര്‍ ചേര്‍ന്നാണ് എട്ടുവയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയത്. പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബലാത്സംഗത്തെക്കുറിച്ചും കൊലപാതകത്തെക്കുറിച്ചും ഞെട്ടിക്കുന്ന വിവരങ്ങളാണ് ഉണ്ടായിരുന്നത്.

ആസിഫയുടെ കൊലപാതകവുമായി ബന്ധപ്പെട്ട വന്ന വാര്‍ത്തകള്‍ കണ്ടാണ് കേസ് ഏറ്റെടുക്കാന്‍ തീരുമാനിച്ചതെന്ന് അഭിഭാഷക പറയുന്നു. താന്‍ കേസ് ഏറ്റെടുക്കുന്നുവെന്ന് അറിഞ്ഞതോടെ ബാര്‍ റൂമുകളില്‍ നിന്ന് വെള്ളം പോലും നല്‍കരുതെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞതായി അഭിഭാഷക പരാതിപ്പെടുന്നു. മാത്രമല്ല, പ്രതികളെ സംരക്ഷിക്കുവാന്‍ എന്തിന് വേണ്ടിയാണ് അഭിഭാഷകര്‍ ശ്രമിക്കുന്നതെന്നും ദീപിക ചോദിക്കുന്നു.

ബ്രാഹ്മണര്‍ താമസിക്കുന്ന പ്രദേശത്താണ് കൊല്ലപ്പെട്ട പെണ്‍കുട്ടി ഉള്‍പ്പെടുന്ന മുസ്ലിം നടോടികള്‍ താമസിച്ചിരുന്നത്. ഇവരെ പ്രദേശത്തുനിന്നും ഒഴിപ്പിക്കുന്നതിനുവേണ്ടിയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സംഘം പെണ്‍കുട്ടിയെ ക്രൂരതയ്ക്ക് ഇരയാക്കിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. വിരമിച്ച റവന്യൂ ഉദ്യോഗസ്ഥനായ സഞ്ജി റാമാണ് കേസിലെ പ്രധാന പ്രതി. കേസില്‍ പ്രതികളായവരെ വിട്ടയക്കണമെന്ന് ബിജെപി മന്ത്രി ആവശ്യപ്പെട്ടതും വിവാദമായിരുന്നു.