പാക് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കുമേല്‍ കടുത്ത നിയന്ത്രണങ്ങളുമായി യുഎസ്

ന്യൂഡല്‍ഹി: യുഎസില്‍ പാക് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കു യാത്രാ നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ നീക്കം. മേയ് ഒന്നു മുതല്‍ പാക് ഉദ്യോഗസ്ഥര്‍ അവരുടെ സ്ഥാപനങ്ങള്‍ക്ക് 25 മൈല്‍ അപ്പുറത്തേക്കു പോകുന്നതിനടക്കം നിയന്ത്രിക്കുന്നതിനാണ് യുഎസിന്റെ പുതിയ നീക്കമെന്നു പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. 25 മൈലുകള്‍ക്കപ്പുറത്തേക്കു യാത്ര ചെയ്യണമെങ്കില്‍ അഞ്ചു ദിവസം മുന്‍പ് അനുമതി വാങ്ങണമെന്നാണു നിര്‍ദേശം.

വാഷിങ്ടണിലെ പാക് എംബസിയിലേക്കു ഇതു സംബന്ധിച്ചു നോട്ടീസ് അയച്ചെന്നാണു റിപ്പോര്‍ട്ടുകള്‍. അതേസമയം യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റും എംബസിയും ഇക്കാര്യം നിഷേധിച്ചു. മാര്‍ച്ച് പകുതിയോടെ യുഎസിലെ പാക് എംബസിക്കു നോട്ടീസ് ലഭിച്ചെന്നും പലതവണ ഇരുരാജ്യങ്ങളും ചര്‍ച്ചകള്‍ നടത്തിയന്നെും പാക് മാധ്യമം ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു ഒത്താശ ചെയ്യുന്നതിന്റെ പേരില്‍ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പാകിസ്താനെ നിരവധി തവണ വിമര്‍ശിച്ചിക്കുകയും പാകിസ്താനുള്ള സാമ്പത്തിക സഹായവും മരവിപ്പിക്കുകയും ചെയ്തിരുന്നു.

ഇതിനിടെ, ബൈക്ക് യാത്രക്കാരനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ യുഎസ് ഉദ്യോഗസ്ഥനായ കേണല്‍ ജോസഫ് ഇമാനുവല്‍ ഹാളിനോടു പാകിസ്താന്‍ വിട്ടുപോകരുതെന്ന നിര്‍ദേശം നല്‍കി. നയതന്ത്ര ബന്ധത്തിന്റെ പേരില്‍ ഇദ്ദേഹത്തെ അറസ്റ്റു ചെയ്തിട്ടില്ലെന്നും സുരക്ഷയെ കരുതിയാണ് ഈ ഉദ്യോഗസ്ഥന്റെ വിവരങ്ങള്‍ പുറത്തുവിടാത്തതെന്നും യുഎസ് എംബസി അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും പാകിസ്താന്‍ അറിയിച്ചു.