ഡിസ്‌കസ് ത്രോയില്‍ ഇന്ത്യക്ക് ഇരട്ടമെഡല്‍

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഡിസ്‌കസ് ത്രോയില്‍ ഇന്ത്യയ്ക്ക് ഇരട്ട മെഡല്‍. ഇന്ത്യന്‍ വനിതാ താരങ്ങളായ സീമ പൂനിയ, നവജീത് ധില്ലണ്‍ എന്നിവരാണ് വെള്ളി, വെങ്കല മെഡലുകള്‍ യഥാക്രമം നേടിയത്. സീമ പൂനിയ 60.41 മീറ്ററാണ് എറിഞ്ഞത്. നവജീത് 57.43 മീറ്ററും എറിഞ്ഞു.

അതേസമയം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ ഇന്ന് രണ്ട് സ്വർണം നേടി.  പുരുഷന്‍മാരുടെ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ 74 കിലോഗ്രാം സുശീല്‍ കുമാറും 57 കിലോഗ്രാം വിഭാഗത്തിൽ രാഹുലുമാണ് സ്വർണം നേടിയത്.  ദക്ഷിണാഫ്രിക്കയുടെ ജൊഹാനാസ് ബോത്തയെ തോൽപ്പിച്ചാണ് സുശീൽ സ്വർണം നേടിയത്. വെറും 80 സെക്കന്റ് കൊണ്ടാണ് സുശീൽ എതിരാളിയെ മലർത്തിയടിച്ചത്. 10-0 എന്ന സ്കോറിനാണ് സുശീലിന്റെ ജയം. രാഹുൽ ഫൈനലിൽ കാനഡയുടെ സ്റ്റീഫൻ തക്കഹാഷിയെ തോൽപ്പിച്ചാണ് സ്വർണം നേടിയത്. 15-7 എന്ന സ്കോറിനാണ് രാഹുലിന്റെ വിജയം.

വനിത വിഭാഗത്തിൽ ഇന്ത്യയുടെ സുവർണ പ്രതീക്ഷയായിരുന്ന ബബിത കുമാരിക്ക് വെളളിമെഡൽ മാത്രമേ നേടാനായുളളൂ.

വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ പ്രോണില്‍ തേജസ്വിനി സാവന്ത് വെള്ളി നേടി. 618.9 പോയിന്റാണ് തേജസ്വിനി നേടിയത്.മാര്‍ട്ടീന ലിന്റസേ വെലോസോ ആണ് ഈ ഇനത്തില്‍ സ്വര്‍ണം നേടിയത്. കോമണ്‍വെല്‍ത്ത് ഗെയിംസ് റെക്കോര്‍ഡോടുകൂടിയാണ് ഈ നേട്ടം. സ്‌കോട്ട്‌ലാന്‍ഡ് താരം സിയോനെയ്ഡിനാണ് വെങ്കലം.

സ്‌ക്വാഷ് ഡബിള്‍സില്‍ ഇന്ത്യയ്ക്ക് മെഡലുറപ്പായി. ഇന്ത്യന്‍ ജോഡിയായ ദിപിക പള്ളിക്കല്‍-ജോഷ്‌ന ചിന്നപ്പ സഖ്യമാണ് സെമിയിലേക്ക് കടന്നത്. വെയില്‍സിന്റെ ടീമിനെ 20 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ സഖ്യം തകര്‍ത്തത്.