പെണ്‍കുട്ടികള്‍ക്ക് നീതി ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി, കുറ്റവാളികള്‍ രക്ഷപ്പെടില്ല

ന്യൂഡല്‍ഹി: കത്വ, ഉന്നാവ് പീഡനക്കേസുകളില്‍ രാജ്യമെമ്പാടും വന്‍ പ്രതിഷേധം നടക്കുന്നതിനിടെ വിഷയത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. കേസുകളില്‍ നീതി നടപ്പാക്കുമെന്ന് സംഭവങ്ങള്‍ പേരെടുത്തു പരാമര്‍ശിക്കാതെ അദ്ദേഹം പറഞ്ഞു. ഡോ. അംബേദ്കര്‍ നാഷനല്‍ മെമ്മോറിയലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഈ സംഭവങ്ങള്‍ രാജ്യത്തിനും സമൂഹത്തിനും നാണക്കേടുണ്ടാക്കി. രണ്ടു ദിവസമായി ചര്‍ച്ച ചെയ്യപ്പെടുന്ന സംഭവങ്ങള്‍ ഒരിക്കലും പരിഷ്‌കൃത സമൂഹത്തില്‍ നടക്കാന്‍ പാടില്ലാത്തതാണ്. കുറ്റവാളികളെ രക്ഷപ്പെടാന്‍ അനുവദിക്കില്ല. നമ്മുടെ മക്കള്‍ക്ക് ഉറപ്പായും നീതി ലഭിക്കുമെന്നും’ പ്രധാനമന്ത്രി പറഞ്ഞു. വിഷയത്തില്‍ മോദി മറുപടി പറയണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടതിനു പിന്നാലെയാണു പ്രതികരണവുമായി പ്രധാനമന്ത്രി രംഗത്തെത്തിയത്.

കഴിഞ്ഞ ജനുവരി പത്തിനു കാണാതായ പെണ്‍കുട്ടി ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെടുകയായിരുന്നുവെന്ന ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം പുറത്തുവന്നതോടെയാണ് കത്വ സംഭവം വീണ്ടും ശ്രദ്ധയാകര്‍ഷിച്ചത്. സംഭവത്തില്‍ സുപ്രീംകോടതി സ്വമേധയാ ഇടപെട്ടിരുന്നു.

അതേസമയം, ഉത്തര്‍പ്രദേശിലെ ഉന്നാവ് ജില്ലയില്‍ പതിനേഴുകാരിയെ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാനര്‍ നമാനഭംഗപ്പെടുത്തിയ കേസില്‍ എംഎല്‍എയെ അറസ്റ്റു ചെയ്യാന്‍ അലഹബാദ് ഹൈക്കോടതി സിബിഐയ്ക്കു നിര്‍ദേശം നല്‍കിയിരുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടി എംഎല്‍എയുടെ വീടിനുമുന്നില്‍ പ്രതിഷേധവുമായി എത്തിയതോടെയാണ് വിഷയം കത്തിപ്പടര്‍ന്നത്.