കത്വ കൂട്ടമാനഭംഗക്കേസില്‍ സുപ്രീംകോടതി സ്വമേധയാ ഇടപെട്ടു; നിയമം കര്‍ശനമാക്കാനൊരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ കത്വ ജില്ലയില്‍ എട്ടു വയസ്സുകാരി ആസിഫയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്തശേഷം തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ സുപ്രീംകോടതി സ്വമേധയാ ഇടപെടുന്നു. രാജ്യമെങ്ങും പ്രതിഷേധമുയര്‍ത്തിയ സംഭവത്തില്‍ ഇടപെട്ട സുപ്രീംകോടതി അന്വേഷണ പുരോഗതി വിലയിരുത്തും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണു തീരുമാനം. അതിക്രൂരമായി മാനഭംഗം നടന്ന സംഭവത്തില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ഒരുവിഭാഗം അഭിഭാഷകര്‍ ചീഫ് ജസ്റ്റിസിനെയും വിവിധ സുപ്രീംകോടതി ജഡ്ജിമാരെയും സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സുപ്രീംകോടതി വിഷയത്തില്‍ ഇടപെട്ടത്.

സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കം ചില അഭിഭാഷകര്‍ തടഞ്ഞുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ ബാര്‍ അസോസിയേഷനുകള്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ, ജമ്മു കശ്മീര്‍ ബാര്‍ അസോസിയേഷന്‍, ജമ്മു ഹൈക്കോര്‍ട്ട് ബാര്‍ അസോസിയേഷന്‍, കത്വ ബാര്‍ അസോസിയേഷന്‍ എന്നിവയ്ക്കാണ് നോട്ടിസ് അയച്ചത്.

ഇതിനിടെ, കുട്ടികള്‍ക്കെതിരായ ക്രൂരത തടയുന്ന പോസ്‌കോ നിയമം കൂടുതല്‍ കര്‍ശനമാക്കുന്ന കാര്യം കേന്ദ്രത്തിന്റെ പരിഗണനയിലാണെന്നു ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധി അറിയിച്ചു. 12 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കെതിരായ മാനഭംഗക്കുറ്റം വധശിക്ഷയുടെ പരിധിയില്‍ വരുന്ന തരത്തില്‍ നിയമം ഭേദഗതി ചെയ്യാനാണു നീക്കം.

അതേസമയം, എട്ടുവയസ്സുകാരിക്കെതിരായ കൊടുംക്രൂരതയുടെ പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി വലിയ പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് വധശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മുവിലെ ഗുജ്ജര്‍ സമുദായാംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. മുംബൈ, കൊല്‍ക്കത്ത, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു