വാൽക്കണ്ണാടി കണികണ്ടത്

നവീന സുഭാഷ്

വാൽക്കണ്ണാടിയിൽ മുഖം
ചേർത്ത് ഓരോ പുലരിക്കും
അവൾ കണിയായ്…

ഓട്ടുരുളിയും ചന്ദനത്തിരി
ഗന്ധവും അമ്പാടിക്കണ്ണനും
കോടിമുണ്ടും നവധാന്യങ്ങളും
പൊന്നും പണവും കാണിക്കയായ്
അവൾക്ക് കൂട്ടിരുന്നു…

പുടമുറിക്കായൊരുങ്ങുന്ന
മഞ്ഞൾ പുരണ്ട പെണ്ണുടൽ
കണിക്കൊന്ന പോലെ…

സമ്മോഹനമായ
സൗഭാഗ്യങ്ങളുടെ തിരകളാൽ
നനഞ്ഞ തീരത്ത്
ഋതുകളാലങ്കരിച്ച മരപ്പച്ചകൾ…

ഒരിക്കലും ചൂടാനാകത്ത
പൂക്കളോട് ഒരു ചോദ്യം…

നിറയൗവ്വനം സമ്മാനമായ് തന്ന
കാലത്തിന്റെ നിറഭേദങ്ങളിൽ
മഞ്ജുളയായ നിറം നിന്റേത്
മാത്രമാകാൻ അരമനക്കകത്തെ
ഏത് അറയിലിരുന്നായിരുന്നു നീ
തപം ചെയ്തത്.

ഒരു സൂര്യവെളിച്ചം പോലും
തീണ്ടാതെ ഇരുന്ന ദീർഘകാല
ത്യാഗത്താൽ
അറുതിയില്ലാവേനലിലും നിറം
മങ്ങാത്ത പൊൻ വസന്തം ചാർത്തിയ കണിപ്പൂവ്.

വിഷുക്കാലം ഉമ്മ വെച്ച് ഇതൾ
ചുണ്ടുകളിൽ ചിരകാല
സ്വപ്നങ്ങൾ മഞ്ഞപ്പൂക്കളായ്
വിരിയുന്നു.

കാത്തിരിക്കാൻ മടുപ്പില്ലാത്ത
ഓരോ നേരങ്ങളും കണിപ്പൂക്കൾ
പെയ്യിക്കുന്നു.