കെ.മുരളീധരന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പ്

കൊച്ചി: കെ.മുരളീധരന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പിന് തുടക്കമാകുന്നതായി റിപ്പോര്‍ട്ട്. രമേശ് ചെന്നിത്തല നേതൃത്വം നല്‍കുന്ന വിശാല ഐ ഗ്രൂപ്പില്‍ അര്‍ഹിച്ച പരിഗണന ലഭിക്കാത്തതില്‍ അസ്വസ്ഥ പ്രകടിപ്പിച്ചാണ് നീക്കം. ഇതിന്റെ ഭാഗമായി കൊച്ചിയില്‍ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ യോഗം ചേര്‍ന്നതായാണ് റിപ്പോര്‍ട്ട്. കെ.മുരളീധരനെ മുന്നില്‍ നിര്‍ത്തി പുതിയ ഗ്രൂപ്പ് രൂപീകരണം  ഉള്‍പ്പെടെ ആലോചിക്കുന്നതിന്റെ ഭാഗമായാണ്  യോഗം ചേര്‍ന്നത്.

കെ.കരുണാകരന്‍ സ്റ്റഡി സെന്റര്‍ എന്ന പേരിലാണ് വിശാല ഐ ഗ്രൂപ്പിലെ അസംതൃപ്തര്‍ ജില്ലാ തലങ്ങളില്‍ ഒത്തുകൂടുന്നത്. കെ. കരുണാകരന്‍ അനുകൂലികളാണ്  കൂട്ടായ്മയ്ക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. ഡി.ഐ.സി (കെ) എന്ന പേരില്‍ കെ.കരുണാകരന്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ അദ്ദേഹത്തിനൊപ്പം പാര്‍ട്ടിയില്‍ നിന്നു പുറത്തു പോവുകയും പിന്നീട് കോണ്‍ഗ്രസില്‍ തിരിച്ചെത്തി ഐ ഗ്രൂപ്പിന്റെ ഭാഗമാവുകയും ചെയ്തവരാണ് ഇവര്‍.

ഇതു വരെ പാര്‍ട്ടിയിലെ ആരും പുതിയ ഗ്രൂപ്പിനെക്കുറിച്ച് പരസ്യമായി ഒന്നും പറയാന്‍ തയ്യാറായിട്ടില്ല. എന്നാല്‍, നിലവിലെ ഗ്രൂപ്പ് നേതൃത്വത്തില്‍ പലരും അസംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.