15 വര്‍ഷത്തിനുള്ളില്‍ സിംഗപ്പൂരും കാലിഫോര്‍ണിയയും പോലെ അമേഠിയും വികസിക്കുമെന്ന് രാഹുല്‍ ഗാന്ധി

അമേഠി: 15 വര്‍ഷത്തിനുള്ളില്‍ സിംഗപ്പൂരും കാലിഫോര്‍ണിയയും പോലെ അമേഠിയും വികസിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അമേഠിയില്‍ ഒരു സ്‌കൂളിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വന്‍കിട പ്രൊജക്ടുകള്‍ക്കായി സംസ്ഥാനത്തിന്റെ വികസനം മന്ദഗതിയിലാക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു. ”10-15 വര്‍ഷങ്ങള്‍ക്ക് ശേഷം സിംഗപ്പൂര്‍, കാലിഫോര്‍ണിയ എന്നീ സ്ഥലങ്ങളെ പുകഴ്ത്തുന്നത് പോലെ അമേഠിയെയും അതേശ്വാസത്തില്‍ വിശേഷിപ്പിക്കും”, രാഹുല്‍ പറഞ്ഞു.

അധികം വൈകാതെ അമേഠി ഒരു എഡ്യുക്കേഷന്‍ ഹബ്ബാകും. അത് തടുക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉത്തര്‍പ്രദേശിലെ അമേഠിയിലും റായ് ബറേലിയിലുമായി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതാണ് രാഹുല്‍. റായ്ബറേലിയില്‍ നിന്നുള്ള പാര്‍ലമെന്റംഗമാണ് അമ്മ സോണിയ ഗാന്ധി.