യെച്ചൂരിക്കെതിരെ കെ.കെ രാഗേഷ്

ഹൈദരബാദ്: കോണ്‍ഗ്രസുമായി ബന്ധം സ്ഥാപിക്കണമെന്ന സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടിനെ വിമര്‍ശിച്ച് കെ.കെ രാഗേഷ്. പാര്‍ട്ടിയെ കോണ്‍ഗ്രസിന് അടിയറവു വെയ്ക്കരുതെന്ന് രാഗേഷ് പറഞ്ഞു. യെച്ചൂരിയുടേത് അടവുനയമല്ല അവസരവാദമാണ്. കേന്ദ്ര കമ്മറ്റിയുടെ തീരുമാനം അംഗീകരിക്കേണ്ടതായിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് ഭിന്നതകള്‍ വലിച്ചിഴച്ചത് ശരിയായില്ല. നിരാശയില്‍ നിന്നാണ് ബദല്‍ നിലപാട് ഉണ്ടായതെന്നും രാഗേഷ് വിമര്‍ശിച്ചു.

ഇതിനിടെ സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ കരട് രാഷ്ട്രീയ പ്രമേയം വോട്ടെടുപ്പിലേക്ക്. വോട്ടെടുപ്പിന് തയ്യാറാകാന്‍ കേരള പ്രതിനിധികളോട് നിര്‍ദ്ദേശം നല്‍കി. സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ രഹസ്യ ബാലറ്റിനായി അഞ്ച് സംസ്ഥാനങ്ങള്‍ ആവശ്യമുന്നയിച്ചു. പഞ്ചാബ്, ബീഹാര്‍, മഹാരാഷ്ട്ര, ഗോവ, ഒഡീഷ എന്നീ സംസ്ഥാനങ്ങളാണ് രഹസ്യ ബാലറ്റിന് ആവശ്യമുന്നയിച്ചത്.

പാര്‍ട്ടി ഭരണഘടനയിലെ പതിനാലാം വകുപ്പ് പ്രകാരം കേന്ദ്ര കമ്മിറ്റിയംഗങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ തര്‍ക്കം വന്നാല്‍ രഹസ്യബാലറ്റിലൂടെ വോട്ടെടുപ്പ് നടത്തണം എന്നാണ് ചട്ടം. കേന്ദ്രകമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള ചട്ടം മാത്രമാണിതെന്ന് കാരാട്ട് പക്ഷം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ എല്ലാ വോട്ടെടുപ്പിനും ഇത് ബാധകമാക്കാം എന്ന വാദം എതിര്‍പക്ഷം ഉന്നയിക്കും.

കൈ ഉയര്‍ത്തിയാണ് വോട്ടെടുപ്പെങ്കില്‍ ഓരോ വശത്തും ഇരിക്കുന്നവരെ ബ്‌ളോക്കുകളായി തിരിച്ച് നിലപാട് പ്രകടിപ്പിക്കാന്‍ ആവശ്യപ്പെടും. ഇതിലേക്ക് പോകാതെ പ്രശ്‌നം പരിഹരിക്കാന്‍ നേതൃത്വം ശ്രമിക്കണം എന്ന നിലപാട് കേരളത്തിലെ അംഗങ്ങളും പങ്കു വയക്കുന്നുണ്ട്. വോട്ടെടുപ്പ് നടക്കുകയും ഫലം എതിരാവുകയും ചെയ്താല്‍ സീതാറാം യെച്ചൂരി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ താല്പര്യമില്ലെന്ന് വ്യക്തമാക്കിയേക്കും.

ഇന്നലെ ചര്‍ച്ചയില്‍ ഒന്‍പത് സംസ്ഥാന ഘടകങ്ങള്‍ യെച്ചൂരിയേയും എട്ട് ഘടകങ്ങള്‍ കാരാട്ടിനേയും പിന്തുണച്ചു. പശ്ചിമബംഗാളിലും എതിര്‍സ്വരമുണ്ടെന്ന് വ്യക്തമാക്കി ഒരംഗം കാരാട്ടിനെ പിന്തുണച്ചു. സംഘടനാ റിപ്പോര്‍ട്ട് ഇന്ന് രാത്രി എട്ടു മണിക്ക് അവതരിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. രാഷ്ട്രീയ നടത്തില്‍ വോട്ടിംഗിലേക്ക് കാര്യങ്ങള്‍ പോകുകയാണെങ്കില്‍ സംഘടനാ റിപ്പോര്‍ട്ട് അവതരണം നാളത്തേക്ക് മാറ്റും.