അപ്രഖ്യാപിത ഹര്‍ത്താല്‍: പ്രധാന പ്രതികള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: കത്വ പീഡനക്കസേില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് അപ്രഖ്യാപിത ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പ്രധാന പ്രതികള്‍ കസ്റ്റഡിയില്‍. കിളിമാനൂര്‍ സ്വദേശികളായ അഞ്ച് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മലപ്പുറം എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്.

ആദ്യ സന്ദേശം പോസ്റ്റ് ചെയ്തത് കിളിമാനൂര്‍ സ്വദേശിയെന്ന് സൂചന. വോയ്‌സ് ഓഫ് ട്രൂത്ത് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഗ്രൂപ്പിന്റെ അഡ്മിനായ പതിനാറുകാരനും പൊലീസ് നിരീക്ഷണത്തിലാണ്.

കഠ്വയില്‍ മുസ്ലിം ബാലിക ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രഖ്യാപിക്കപ്പെട്ട ഹര്‍ത്താല്‍ വലിയ അക്രമസംഭവങ്ങള്‍ക്ക് വഴിവച്ചിരുന്നു. പതിനാറാം തിയതി നടന്ന അപ്രഖ്യാപിത ഹര്‍ത്താലില്‍ തെരുവിലിറങ്ങിയ യുവാക്കള്‍ കടകളും വാഹനങ്ങളും ആക്രമിച്ചു.

ഇതോടെ ഹര്‍ത്താല്‍ നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടികളുമായി പൊലീസ് മുന്നോട്ട് പോവുകയായിരുന്നു. വാട്‌സ്അപ്പ് വഴി ഹര്‍ത്താലിന് പ്രചാരണം നല്‍കിയവരെ നിരീക്ഷിക്കാനും ഫോണ്‍ ഉള്‍പ്പടെ കസ്റ്റഡിയിലെടുക്കാനും നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.

വാട്‌സ്അപ്പ് ഗ്രൂപ്പുകളുടെ അഡ്മിന്‍മാരുടെ വിവരങ്ങള്‍ പൊലീസ് സൈബര്‍സെല്ലിന്റെ സഹായത്തോടെയാണ് ശേഖരിച്ചത്. മൂവായിരത്തിലധികം പേരുടെ ഫോണുകള്‍ നിരീക്ഷണ വിധേയമാക്കുമെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരിയിരുന്നത്. ഇവരുടെ വിവരങ്ങളും സൈബര്‍ സെല്‍ ശേഖരിച്ചിരുന്നു.