കത്വ, ഉന്നാവോ പീഡനക്കേസുകള്‍ സിബിഐയ്ക്ക് കൈമാറണമെന്ന് ബിജെപി എംപി

ഗുവാഹത്തി: സ്ത്രീകള്‍ക്കെതിരായ ലൈംഗിക പീഡനങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇത്തരം കേസുകള്‍ സിബിഐ, എന്‍ഐ എന്നീ ഉന്നതതല അന്വേഷണ ഏജന്‍സികളെ ഏല്‍പ്പിക്കണമെന്ന് ബിജെപി അസാം എംപി ആര്‍. പി ശര്‍മ്മ പറഞ്ഞു. കത്വ, ഉന്നാവോ പീഡനക്കേസുകളെ മുന്‍നിര്‍ത്തിയാണ് ശര്‍മ്മ തന്റെ നിലപാട് വ്യക്തമാക്കിയത്.

”പീഡനക്കേസിന്റെ പേരില്‍ അനാവശ്യ പ്രചരണങ്ങള്‍ നടത്തി സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ക്കെതിരെ സിബിഐയും എന്‍ഐയും അന്വേഷിക്കണം. കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ തന്നെ ലഭിക്കണം”. ശര്‍മ്മ പറഞ്ഞു.

ഉന്നാവോ കേസിലെ പ്രതികളായ ബിജെപി എംല്‍എ കുല്‍ദീപീപ് സിങ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരസ്യമായ വധശിക്ഷ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഉന്നാവോയില്‍ 18കാരിയെ പീഡിപ്പിച്ച കേസിലാണ് കുല്‍ദീപിനെ സിബിഐ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം നടന്ന സംഭവത്തില്‍ മൂന്ന് കേസുകളാണ് സെന്‍ഗറിനെതിരെ ചുമത്തിയിരിക്കുന്നത്.

ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 363(തട്ടിക്കൊണ്ടുപോകല്‍), 366(സ്ത്രീയെ കടത്തിക്കൊണ്ടുപോകല്‍) 376(ബലാത്സംഗം) തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് സെന്‍ഗറിനെതിരെ പൊലീസ് കേസെടുത്തത്. ഇതിന് പുറമെ പോക്‌സോയും ചുമത്തിയിരുന്നു. തുടര്‍ന്ന് കേസ് സിബിഐക്ക് കൈമാറുകയായിരുന്നു.

കത്വ, ഉന്നാവോ കേസുകള്‍ രാജ്യത്തിന് നാണക്കേടുണ്ടാക്കിയെന്ന് രാഷ്ട്രപതി രാംനാഥ് ഗോവിന്ദ് പറഞ്ഞിരുന്നു.  കുട്ടികളുടെ സുരക്ഷ സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. നീതി നടപ്പാകുന്നുവെന്ന് ഉറപ്പാക്കണമെന്നും ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്നും രാഷ്ട്രപതി പറഞ്ഞിരുന്നു

ജനുവരി 10 നാണ് കത്വയിലെ രസന ഗ്രാമത്തിലെ പെണ്‍കുട്ടിയെ വീടിന് പരിസരത്ത് നിന്ന് കാണാതാകുന്നത്. മുസ്‌ലിം നാടോടികളായ ബക്കര്‍വാള്‍ വിഭാഗക്കാരിയായ ഈ എട്ടുവയസുകാരിയുടെ പിതാവ് മുഹമ്മദ് യൂസഫ് ജനുവരി 12ന് ഹീരാനഗര്‍ പൊലീസ് സ്റ്റേഷനില്‍ ഇതുസംബന്ധിച്ച് പരാതിയും നല്‍കിയിരുന്നു. ഉച്ചയ്ക്ക് 12.30 ഓടെ വീടിനടുത്തുള്ള വനപ്രദേശത്ത് കുതിരയെ മേയ്ക്കാനായി കൊണ്ടുപോയ മകള്‍ തിരികെയെത്തിയിട്ടില്ല എന്നായിരുന്നു പരാതി.

ഏഴു ദിവസങ്ങള്‍ക്ക് ശേഷം കുട്ടിയുടെ മൃതദേഹം ഭീകരമായ മുറിവുകളോടെ പരിസരത്തെ വനപ്രദേശത്തുനിന്നും ലഭിച്ചു. ഇതിനിടയിലുള്ള ദിവസങ്ങളില്‍ പിന്നീട് ക്രൈംബ്രാഞ്ച് കേസില്‍ പ്രതി ചേര്‍ത്ത ദീപക് ഖജൂരിയ അടങ്ങുന്ന ഹീരാനഗര്‍‌സ്റ്റേഷനിലെ പ്രത്യേക പോലീസ് സംഘം തന്നെയാണ് പെണ്‍കുട്ടിയെ അന്വേഷിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കൊല്ലപ്പെടുന്നതിനു മുമ്പ് പെണ്‍കുട്ടി മൂന്നു തവണ കൂട്ടബലാത്സംഗത്തിനിരയായെന്നും രണ്ട് പൊലീസുകാരടങ്ങുന്ന ആറുപേരുടെ സംഘമാണ് കുഞ്ഞിനെ മൂന്നു വട്ടം കൂട്ടബലാത്സംഗം ചെയ്തതെന്നും ബലാത്സംഗത്തിന് മുമ്പ് മയക്കുമരുന്ന് നല്‍കിയെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. കുട്ടിയെ കഴുത്തുഞെരിച്ച് കൊന്നശേഷം മരിച്ചെന്ന് ഉറപ്പുവരുത്താനായി വലിയ കല്ലുകൊണ്ട് രണ്ടുവട്ടം തലയ്ക്കടിച്ചുവെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

എട്ടു വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസിൽ എട്ടുപേരെയാണ് അറസ്റ്റ് ചെയ്തത്.