ബിജെപിയെ തറപറ്റിക്കാന്‍ ചില നീക്കുപോക്കുകള്‍ ആവശ്യമാണ്: ബൃന്ദ കാരാട്ട്

Rajya Sabha MP Brinda Karat at the parliament on monday. *** Local Caption *** Rajya Sabha MP Brinda Karat at the parliament on monday.Express Photograph by Praveen Jain New Delhi 30th Aug 2010

ഹൈദരാബാദ്: സിപിഐഎമ്മില്‍ ഭിന്നത ഉണ്ടെന്ന പ്രചരണം മാധ്യമ സൃഷ്ടി മാത്രമെന്ന് പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യം പാടില്ലെന്ന തീരുമാനം ഒറ്റക്കെട്ടായി എടുത്തതാണെന്നും ബൃന്ദ വ്യക്തമാക്കി.

ബിജെപിയെ തറപറ്റിക്കാന്‍ ചില നീക്കുപോക്കുകള്‍ ആവശ്യമാണ്. അതിന്റെ അര്‍ത്ഥം ദേശീയ തലത്തില്‍ സഖ്യമുണ്ടാക്കുമെന്നല്ല. പ്രാദേശിക പാര്‍ട്ടികളുമായുള്ള സഖ്യം സാഹചര്യങ്ങള്‍ അനുസരിച്ച് സംസ്ഥാന ഘടകങ്ങള്‍ തീരുമാനിക്കുമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

ഹൈദരാബാദില്‍ നടന്ന 22-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍, കോണ്‍ഗ്രസുമായി ധാരണയാകാം, പക്ഷേ രാഷ്ട്രീയസഖ്യം പാടില്ല എന്ന തരത്തില്‍ രാഷ്ട്രീയ പ്രമേയത്തിലെ രണ്ട് ഖണ്ഡികയില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

കോണ്‍ഗ്രസുമായി ഒരു ധാരണയും പാടില്ലെന്നായിരുന്നു പ്രകാശ് കാരാട്ട് പക്ഷത്തിന്റെ നിലപാട്. കേരള ഘടകത്തിന്റെ പിടിവാശിയും ഇതായിരുന്നു. രാഷ്ട്രീയ പ്രമേയത്തില്‍ 16 സംസ്ഥാനങ്ങള്‍ രഹസ്യവോട്ട് ആവശ്യപ്പെട്ടത് കാരാട്ട് പക്ഷത്തിന് തിരിച്ചടിയായിരുന്നു.ഇരുവിഭാഗങ്ങള്‍ക്കും അംഗീകരിക്കാവുന്ന വഴിതേടി ഭിന്നത ഒഴിവാക്കുകയായിരുന്നു. ഉച്ചതിരിഞ്ഞ് തന്റെ നിലപാട് അവതരിപ്പിക്കാന്‍ യെച്ചൂരിക്കായതാണ് പിടിവാശി അയയാനിടയാക്കിയത്. കാരാട്ടിന്റെ മറുപടി പ്രസംഗത്തിന് മുന്‍പാണ് യെച്ചൂരിക്ക് അവസരം നല്‍കിയത്.

കരട് രാഷ്ട്രീയ പ്രമേയത്തിലെ ഭേദഗതികള്‍ പിന്‍വലിക്കില്ലെന്ന് മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദന്‍ വ്യക്തമാക്കിയതും ബംഗാള്‍ ഘടകത്തിന്റെ പരസ്യ പ്രതിഷേധ മുന്നറിയിപ്പും ഏറെ ആകാംക്ഷകളുയര്‍ത്തിയിരുന്നു. ഭേദഗതി അംഗീകരിച്ചില്ലെങ്കില്‍ വേട്ടെടുപ്പ് വേണമെന്നായിരുന്നു വിഎസ് ഉയര്‍ത്തിയ ആവശ്യം. മതേതര ജനാധിപത്യപാര്‍ട്ടികളുമായി യോജിക്കണമെന്നാണ് ഭേദഗതി. ബിജെപിയെ പരാജയപ്പെടുത്താന്‍ ഇത് വേണമെന്നും വിഎസ്. അച്യുതാനന്ദന്‍ ആവര്‍ത്തിച്ചു. വേദിക്ക് മുന്നില്‍ പരസ്യ പ്രതിഷേധം നടത്തുമെന്ന് ബംഗാള്‍ ഘടകവും മുന്നറിയിപ്പ് നല്‍കി. 165 പ്രതിനിധികളാണ് ബംഗാള്‍ ഘടകത്തില്‍ നിന്ന് പ്രതിനിധികളായെത്തിയത്.

കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ധാരണയോ തിരഞ്ഞെടുപ്പ് സഖ്യമോ ഇല്ലാതെ തന്നെ ബിജെപിയെ തോല്‍പ്പിക്കാനാവശ്യമായ നടപടികള്‍ വേണമെന്നായിരുന്നു പ്രമേയത്തിലെ മുന്‍നിര്‍ദേശം. ഇതില്‍ ഭേദഗതി വരുത്താന്‍ ചര്‍ച്ചയില്‍ തീരുമാനമായതോടെ കാരാട്ട് യെച്ചൂരി പക്ഷത്തിന് ഒരു പോലെ സ്വീകാര്യമാകുകയായിരുന്നു.