നരേന്ദ്ര സിങ്ങും മന്‍മോഹന്‍ മോഡിയും

പി.സി. സിറിയക്‌
നരേന്ദ്ര സിങ്‌, മന്‍മോഹന്‍ മോഡി! ഈയിടെ ഒരു സുഹൃത്ത്‌ തമാശയായി നമ്മുടെ പ്രധാനമന്ത്രിക്കും മുന്‍ പ്രധാനമന്ത്രിക്കും നല്‍കിയ ഓമനപ്പേരുകളാണിവ.

പഴയ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന്റെ മൗനം തുടങ്ങിയുള്ള ഗുണവിശേഷങ്ങളെ വിമര്‍ശിച്ച്‌ നാടുനീളെ വാചാലനായി അന്നു പ്രസംഗിച്ചു നടന്ന നരേന്ദ്ര മോഡി തെരഞ്ഞെടുപ്പ്‌ കഴിഞ്ഞപ്പോള്‍ പ്രധാനമന്ത്രിപദത്തിലെത്തി. 

ഇന്നു മന്‍മോഹന്‍ സിങ്‌ പാര്‍ലമെന്റിലും പുറത്തും പ്രധാനമന്ത്രിയായ നരേന്ദ്ര മോഡിയുടെ മൗനത്തെ വിമര്‍ശിക്കുന്നു.

പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുബോള്‍ അത്‌ കേള്‍ക്കാന്‍വേണ്ടി അവിടെ സന്നിഹിതനാകാന്‍ മടിക്കുന്നു, പ്രധാനമന്ത്രി നരേന്ദ്ര മോഡി.

അഥവാ അദ്ദേഹം സഭയില്‍ വന്നാല്‍തന്നെ മൗനം.
മറുപടി അത്യാവശ്യമാണെങ്കില്‍ അത്‌ പറയാന്‍ ധനകാര്യമന്ത്രി ജയ്‌റ്റ്‌ലിയെ ചുമതലപ്പെടുത്തുന്നു.
ചുമ്മാതല്ലാ, പലരും അദ്ദേഹത്തെ നരേന്ദ്ര മൗനിയെന്നു വിളിക്കുന്നത്‌. 2013-14 കാലഘട്ടത്തില്‍ അനേകം അഴിമതി ആരോപണങ്ങള്‍ (2-ജി സ്‌പെക്‌ട്രം മുതലായവ) ശരമാരിയായി തന്റെമേല്‍ പതിച്ചപ്പോഴും ഒരുത്തരവും പറയാതെ മൗനം അവലംബിച്ച ആളാണ്‌ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌.

അന്ന്‌ നാം അദ്ദേഹത്തെ “മൗന്‍ മോഹന്‍സിങ്‌” എന്നു കളിയാക്കുകയും ചെയ്‌തു. അന്ന്‌ ഏറ്റവും ആക്രമണോത്സുകനായി വാഗ്മിത്ത വിലാസം പ്രകടിപ്പിച്ച വ്യക്‌തിയാണു നരേന്ദ്ര മോഡി.
ഈയിടെ രാജ്യസഭയില്‍ ഇവര്‍ രണ്ടുപേരും എതിര്‍ റോളുകളില്‍ അഭിനയിച്ചു.
മന്‍മോഹന്‍സിങ്‌ സടകുടഞ്ഞ്‌ എഴുന്നേറ്റ്‌ തെരഞ്ഞെടുപ്പിനു മുബുള്ള നരേന്ദ്ര മോഡിയുടെ ശൈലിയില്‍ ശക്‌തമായ ആക്രമണം കാഴ്‌ചവച്ചു.

പക്ഷെ, പ്രധാനമന്ത്രിയുടെ സീറ്റില്‍ നരേന്ദ്ര മോഡി പരിപൂര്‍ണ നിശബ്‌ദന്‍. 2014-ലെ നിശബ്‌ദനായിരുന്ന മന്‍മോഹന്‍സിങ്ങിന്റെ രൂപമായിരുന്നു പ്രധാനമന്ത്രി മോഡിയുടെ മൗനവും തലകുനിച്ചുള്ള ഇരിപ്പും മനസില്‍ എത്തിച്ചത്‌. അന്നെല്ലാം മന്‍മോഹന്‍ സിങ്‌ ആയിരുന്നു നിശബ്‌ദനായി വേദന കടിച്ചിറക്കിക്കൊണ്ട്‌ വിമര്‍ശന ശരങ്ങളെ നേരിട്ടത്‌.

നോട്ട്‌ റദ്ദാക്കല്‍ തീരുമാനത്തെ ഭീമാകാരമായ വിഡ്‌ഢിത്തരം, മുന്‍കൂട്ടി ആസൂത്രണം ചെയ്‌ത കൊള്ളയടി എന്നിങ്ങനെ സിങ്‌ വിവരിച്ചപ്പോള്‍ നരേന്ദ്ര മോഡിക്ക്‌ മറുപടിയില്ലായിരുന്നു.
രാജ്യത്തിന്റെ ജി.ഡി.പി. ഈയൊരൊറ്റ വിഡ്‌ഢിത്തംകൊണ്ട്‌ മാത്രം രണ്ട്‌ ശതമാനംകണ്ട്‌ താഴേയ്‌ക്കുപോകും എന്ന മന്‍മോഹന്‍ സിങ്‌ അന്ന്‌ നല്‍കിയ സൂചന ഇപ്പോള്‍ ഇതാ ശരിയായിരിക്കുന്നു.

മോഡിയെ നേരിട്ട്‌ വെല്ലുവിളിച്ചുകൊണ്ട്‌ മന്‍മോഹന്‍ സിങ്‌ ഗര്‍ജ്‌ജിച്ചു, സ്വന്തം പണം ബാങ്കിലിട്ട പൗരന്മാരെ അത്‌ പിന്‍വലിക്കാന്‍ അനുവദിക്കാതിരുന്ന മുന്‍ ചരിത്രം ഏതെങ്കിലും ഒരു ജനാധിപത്യരാജ്യത്ത്‌ ഇതിനുമുബ്‌ നടന്നിട്ടുണ്ടോ എന്ന്‌. മന്‍മോഹന്‍ സിങ്ങിന്റെ ആ ഉജ്‌ജ്വല പ്രസംഗം അദ്ദേഹം അവസാനിപ്പിച്ചത്‌ ഇങ്ങനെയായിരുന്നു.
“ചിലര്‍ പറയും ഈ നോട്ട്‌ റദ്ദാക്കല്‍ തീരുമാനം തല്‍ക്കാലം ജനങ്ങള്‍ക്ക്‌ കുറേ ബുദ്ധിമുട്ട്‌ ഉണ്ടാക്കുമെങ്കിലും അവസാനം, ആത്യന്തികമായി, രാജ്യതാല്‌പര്യത്തിന്‌ അനുകൂലമായിതന്നെ വന്നു ഭവിക്കും എന്ന്.
ഇത്തരക്കാരെ ഞാന്‍ ഓര്‍മിപ്പിക്കട്ടെ, വിശ്രുതനായ ധനതത്വശാസ്‌ത്രജ്‌ഞന്‍ ജോണ്‍ കെയിന്‍സ്‌ പറഞ്ഞത്‌, അവസാനം, ആത്യന്തികമായി, നമ്മളെല്ലാവരും മരിച്ചിരിക്കുമല്ലോ”.
ശാന്തമായി വാക്കുകള്‍ അളന്നുമുറിച്ച്‌ അനുരഞ്‌ജനഭാവത്തോടെ മാത്രം എക്കാലവും സംസാരിച്ചിരുന്ന മന്‍മോഹന്‍ സിങ്ങിന്റെ സ്‌ഥാനത്ത്‌ അന്ന്‌ രാജ്യസഭ കണ്ടത്‌ ധീരനായി, ആക്രമണോത്സുകനായി, സൂത്രശാലിയായ തന്റെ പ്രതിയോഗിയെ എങ്ങനെയും കീഴ്‌പ്പെടുത്തണമെന്ന ആവേശത്തോടുകൂടി പ്രസംഗിക്കുന്ന തന്ത്രശാലിയായ ഒരു രാഷ്‌ട്രീയക്കാരനെയായിരുന്നു.
നിരീക്ഷകരെ അത്ഭുതപ്പെടുത്തുന്ന ഒരു കാര്യമാണ്‌ പ്രധാനമന്ത്രിസ്‌ഥാനം ഏറ്റെടുത്തശേഷം നരേന്ദ്ര മോഡി ലോക്‌സഭയിലുള്ള ചോദ്യോത്തരവേളയിലോ ചര്‍ച്ചാ വേളയിലോ വളരെ അപൂര്‍വമായി മാത്രം പങ്കെടുക്കുന്നു എന്നത്..
പത്രസമ്മേളനങ്ങള്‍ ഒന്നും നടത്തുന്നില്ല.
തിരിച്ച്‌ ചോദ്യങ്ങള്‍ ഉന്നയിച്ചാല്‍ അവയെ നേരിടുന്ന കാര്യത്തില്‍ ഒരു സങ്കോചം.
വിദേശ യാത്രാവേളകളില്‍ മുന്‍ പ്രധാനമന്ത്രിമാരെല്ലാം പത്രപ്രതിനിധികളെ കൂടെക്കൊണ്ടുപോകും.

ഇടയ്‌ക്ക്‌ വിമാനത്തില്‍ത്തന്നെ അവരുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി നല്‍കും.
പക്ഷേ, മിക്കപ്പോഴും വിദേശപര്യടനം നടത്തുന്ന നരേന്ദ്ര മോഡി ഒരിക്കല്‍പ്പോലും പത്രപ്രതിനിധികളെ തന്നോടൊപ്പം കൊണ്ടുപോകുന്നില്ല.
വലിയ റാലികളില്‍ ജനങ്ങളെ ഇളക്കിമറിക്കുന്ന ഉജ്‌ജ്വല പ്രസംഗങ്ങള്‍ നടത്താനും നോട്ട്‌ റദ്ദാക്കല്‍ തുടങ്ങിയ ന്യായീകരിക്കാന്‍ വിഷമമായ കാര്യങ്ങളെപ്പോലും പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും നന്മയ്‌ക്കുവേണ്ടിയാണെന്നു പറഞ്ഞ്‌ ഫലിപ്പിക്കാനും തനിക്കുള്ള കഴിവ്‌ തെളിയിച്ചിട്ടുണ്ടെങ്കിലും തിരിച്ച്‌ ചോദ്യങ്ങള്‍ വരാന്‍ ഇടയുള്ള സന്ദര്‍ഭങ്ങള്‍ ഒഴിവാക്കുകയാണോ അദ്ദേഹം.?

ഏതാണ്ട്‌ അന്‍പതോളം പ്രാവശ്യം മന്‍ കി ബാത്ത്‌ എന്ന പേരില്‍ റേഡിയോ പ്രസംഗങ്ങള്‍ നടത്തുന്ന നരേന്ദ്ര മോഡി ജനപ്രതിനിധികളുടെ ചോദ്യങ്ങള്‍ക്കുപോലും മറുപടി നല്‍കാന്‍ തയാറായി ഒരു വേദിയിലും പ്രത്യക്ഷപ്പെട്ടിട്ടില്ല ..! ഇതുവരെ…..