കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ: ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു

ന്യൂഡല്‍ഹി: പോക്‌സോ നിയമ ഭേദഗതി ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. രാജ്യത്ത് കുട്ടികള്‍ക്കെതിരായ പീഡനങ്ങള്‍ കൂടി വരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയിരുന്നു.

ഇനി ഇത് ആറ് മാസത്തിനുള്ളില്‍ പാര്‍ലമെന്റില്‍ പാസാക്കിയാല്‍ നിയമമാകും. കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന പ്രതികള്‍ക്ക് പോക്‌സോ നിയമപ്രകാരം നിലവില്‍ പരമാവധി ശിക്ഷ ജീവപര്യന്തമാണ്. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം കൂട്ടമാനഭംഗക്കേസുകളില്‍ വധശിക്ഷ വിധിക്കാറുണ്ട്.

പന്ത്രണ്ട് വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് ഏറ്റവും കുറഞ്ഞ ശിക്ഷ ഇരുപത് വര്‍ഷം തടവായിരിക്കും. അത് ജീവപര്യന്തവുമാകാം. പന്ത്രണ്ട് വയസില്‍ താഴെയുള്ള പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്താല്‍ ജീവപര്യന്തമോ വധശിക്ഷയോ വിധിക്കാം. 12 മുതല്‍ 16 വയസു വരെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്ന പ്രതികള്‍ക്കുള്ള കുറഞ്ഞ ശിക്ഷ 10 വര്‍ഷത്തില്‍ നിന്ന് 20 വര്‍ഷം തടവായി വര്‍ദ്ധിപ്പിച്ചു. ഇത് ആയുഷ്‌കാല തടവായും മാറ്റാം.