കേന്ദ്ര കമ്മിറ്റി പൊളിച്ച് പണിയണം;സമ്മര്‍ദ്ദത്തിന് വഴങ്ങാതെ യെച്ചൂരി പക്ഷം

ഹൈദരബാദ്: ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വോട്ടെടുപ്പിന് തയ്യാറെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്ര കമ്മിറ്റി പൊളിച്ച് പണിയാതെ മുന്നോട്ട് പോകാനാകില്ലെന്ന് യെച്ചൂരി വ്യക്തമാക്കി. എസ്.രാമചന്ദ്രന്‍ പിള്ള, എ.കെ പത്മനാഭന്‍, ജി.രാമകൃഷ്ണന്‍ എന്നിവരെ ഒഴിവാക്കണമെന്ന് പി.ബി യോഗത്തില്‍ യെച്ചൂരി ആവശ്യപ്പെട്ടു. നിലവില്‍ പി.ബി യോഗം അവസാനിച്ച് കേന്ദ്ര കമ്മിറ്റി യോഗം ചേരുകയാണ്.

ത്രിപുര മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ അടക്കമുള്ളവരുടെ പേരുകളാണ് യെച്ചൂരിയെ കൂടാതെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. നിലവിലെ പിബിയിലും കേന്ദ്ര കമ്മറ്റിയിലും മാറ്റം വരണമെന്നാണ് യെച്ചൂരിയെ കൂടാതെ ബംഗാള്‍ ഘടകവും ആവശ്യപ്പെടുന്നത്.

കേന്ദ്രകമ്മിറ്റിയുടെയും ഒപ്പം പോളിറ്റ്ബ്യൂറോയുടെയും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ നിര്‍ണായക ചരടുവലികളാണ് നടക്കുന്നത്.  സിപിഐഎം ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതില്‍  പുതിയ നിര്‍ദ്ദേശവുമായി കാരാട്ട് പക്ഷം രംഗത്തെത്തിയതോടെയാണ് ഭിന്നത രൂപപ്പെട്ടത്. കേന്ദ്രകമ്മറ്റിയില്‍ ഏകകണ്ഠമായി പേരുവന്നാല്‍ നിലവിലെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് തുടരാമെന്ന് കാരാട്ട് പക്ഷം അറിയിച്ചു.

പോളിറ്റ് ബ്യൂറോയില്‍ മാറ്റം വേണമെന്നാണ് സീതാറാം യെച്ചൂരിയുടെ നിലപാട്. എന്നാല്‍ നിലവിലെ രീതിയില്‍ മുന്നോട്ട് പോകുക അല്ലെങ്കില്‍ ജനറല്‍ സെക്രട്ടറിയെ മാറ്റുക എന്ന നിലപാടാണ് കരാട്ട് പക്ഷത്തിന് ഉള്ളത്.

ഇപ്പോഴുള്ള കേന്ദ്രകമ്മറ്റിയില്‍ കരാട്ട് പക്ഷത്തിനും മേധാവിത്വവും കേരളഘടകത്തിന് കാര്യമായ പ്രാതിനിധ്യമുണ്ട്. എന്നാല്‍ നിലവിലെ കേന്ദ്രകമ്മറ്റി ഉടച്ചു വാര്‍ത്ത് എല്ലാ സംസ്ഥാനസെക്രട്ടറിമാരുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും, അല്ലെങ്കില്‍ കേന്ദ്രകമ്മിറ്റിയില്‍ വോട്ടെടുപ്പ് എന്ന നിലപാടാണ് ബംഗാള്‍ ഘടകം സ്വീകരിച്ചിട്ടുള്ളത്.

ഇതിനിടെ രാമചന്ദ്രന്‍ പിള്ള പിബിയില്‍ തുടരണമെന്ന് കാരാട്ട് പക്ഷം. തീരുമാനം ഏകകണ്ഠമാണെങ്കില്‍ തുടരാമെന്ന് എസ്ആര്‍പി ആറിയിച്ചു. എസ്ആര്‍പിക്ക് പ്രായപരിധിയില്‍ ഇളവ് നല്‍കണമെന്നാണ് ആവശ്യം.