ബലാത്സംഗങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയില്ലെന്ന വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: വിവാദ പ്രസ്താവനയുമായി കേന്ദ്ര മന്ത്രി സന്തോഷ് ഗാംഗ്‌വര്‍. ബലാത്സംഗങ്ങള്‍ നിര്‍ഭാഗ്യകരമാണെങ്കിലും അവ ഇല്ലാതാക്കാന്‍ കഴിയില്ലെന്നാണ് മന്ത്രി പറഞ്ഞത്. ഇത് പോലൊരു വലിയ രാജ്യത്ത് ഒന്നോ രണ്ടോ അത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ അതില്‍ ഇത്ര വലിയ പ്രശ്‌നമുണ്ടാക്കേണ്ട കാര്യമില്ലെന്നും ഗാംഗ്‌വര്‍ പറഞ്ഞു.

പന്ത്രണ്ട് വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ ലൈംഗികമായ പീഡിപ്പിച്ചാല്‍ വധശിക്ഷ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സിന് ഇന്നലെ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ഇതോടെ 12 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ വിധിക്കാന്‍ കോടതികള്‍ക്ക് അധികാരമായി.

കത്വവയില്‍ ജനുവരിയില്‍ കാണാതായ എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവവും ഉന്നാവോയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്ഥലം എംഎല്‍എ ബലാത്സംഗം ചെയ്തതും രാജ്യത്ത് വലിയ പ്രക്ഷോഭത്തിന് ഇടയാക്കിയിരുന്നു. 2012ലെ ഡല്‍ഹി കൂട്ടബലാത്സംഗ കേസിനെ തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തിന് ശേഷം രാജ്യം കണ്ട മറ്റൊരു പ്രക്ഷോഭമായിരുന്നു കത്വ, ഉന്നാവനോ സംഭവങ്ങളെ തുടര്‍ന്നുണ്ടായത്.

ഇരുകേസുകളിലും പ്രതികളെ രക്ഷിക്കാന്‍ ബിജെപി ശ്രമിക്കുന്നെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ 12 വയസിന് താഴെയുള്ള കുട്ടികളെ ബലാത്സം ചെയ്യുന്നവരെ തൂക്കിലേറ്റാന്‍ സാധിക്കുംവിധം പോസ്‌കോ നിയമത്തില്‍ ഭേദഗതി വരുത്തുമെന്ന പ്രസ്താവനയുമായി കേന്ദ്ര വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി മേനക ഗാന്ധി രംഗത്ത് വരികയും ചെയ്തു.