കണ്ണിലെ കൃഷ്ണമണിപോലെ ഐക്യം കാത്ത് സൂക്ഷിക്കുമെന്ന് യെച്ചൂരി; ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കല്‍ മുഖ്യലക്ഷ്യം

ഹൈദരബാദ്: പാര്‍ട്ടിയില്‍ ഭിന്നത ഉണ്ടെന്ന പ്രചരണം നിഷ്ഫലമായെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശേഷം സീതാറാം യെച്ചൂരി പറഞ്ഞു. കണ്ണിലെ കൃഷ്ണമണിപോലെ ഐക്യം കാത്ത് സൂക്ഷിക്കും. രാജ്യത്തിന്റെ ഭാഗധേയം നിര്‍ണയിക്കാന്‍ സിപിഐഎം നേതൃത്വം ഒറ്റക്കെട്ടായി മുന്നേറുമെന്നും യെച്ചൂരി പറഞ്ഞു.

ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കലാണ് മുഖ്യലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതെ നോക്കും രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കാന്‍ സിപിഐഎം സുസജ്ജമെന്നും യെച്ചൂരി പ്രഖ്യാപിച്ചു.

പാര്‍ട്ടി കോണ്‍ഗ്രസിന്റെ അവസാന ദിവസം ചേര്‍ന്ന പുതിയ കേന്ദ്രകമ്മിറ്റി യോഗത്തിലാണ് സീതാറാം യെച്ചൂരിയെ വീണ്ടും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. സീതാറാം യെച്ചൂരിയും കാരാട്ട് പക്ഷവും തമ്മില്‍ നിലനിന്ന കടുത്ത അഭിപ്രായഭിന്നതകള്‍ക്കൊടുവിലാണ് പുതിയ നേതൃത്വത്തിന് വോട്ടെടുപ്പില്ലാതെ പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകാരം നല്‍കിയത്.