പുതിയ കെപിസിസി പ്രസിഡന്റിനായുള്ള ചര്‍ച്ച നടക്കുന്നില്ലെന്ന് ഹസന്‍

കൊല്ലം: പുതിയ കെപിസിസി പ്രസിഡന്റിനായുള്ള ചര്‍ച്ച ഇപ്പോള്‍ നടക്കുന്നില്ലെന്ന് എം എം ഹസന്‍. ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഡല്‍ഹിക്ക് പോയത് അവര്‍ അങ്ങോട്ട് ആവശ്യപ്പെട്ടാണ്. പ്രസിഡന്റ് വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കല്ല ഇരുവരും ഡല്‍ഹിക്ക് പോയത്. ജനമോചന യാത്ര നടക്കുമ്പോള്‍ ഇത്തരത്തിലുള്ള പ്രചാരണം യാത്ര പൊളിക്കാനാണെന്നും ഹസന്‍ കൊല്ലത്ത് പറഞ്ഞു.

പുതിയ കെപിസിസി അധ്യക്ഷന്‍ ഉടന്‍ ഉണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. പുതിയ അധ്യക്ഷന്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് വേണോയെന്ന് രാഹുല്‍ തീരുമാനമെടുക്കുെമെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

പുതിയ കെപിസിസി അധ്യക്ഷനെ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചുരുക്കപ്പട്ടിക ആവശ്യപ്പെട്ടിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടും പ്രതിപക്ഷ നേതാവ് ചെന്നിത്തലയോടും പട്ടിക നല്‍കാന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. മൂന്ന് പേരുടെ പട്ടികയാണ് നല്‍കേണ്ടത്.പുതിയ കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് കഴിയും വരെ അധ്യക്ഷപദവിയില്‍ എം.എം ഹസന്‍ തുടരട്ടെയെന്ന് രാഹുല്‍ ഗാന്ധിയെ ഉമ്മന്‍ചാണ്ടി അറിയിച്ചിരുന്നു എന്നും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.