ആവേശകരമായ ഇലഞ്ഞിത്തറ മേളം; പൂരക്കാഴ്ച്ചയുടെ വര്‍ണ്ണക്കുടമാറ്റം കാണാന്‍ പതിനായിരങ്ങള്‍

തൃശ്ശൂര്‍: വടക്കുന്നാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലെ ഇലഞ്ഞിത്തറയില്‍ തുടങ്ങിയ ലോകപ്രശസ്തമായ ഇലഞ്ഞിത്തറമേളം ജനങ്ങളെ ആവേശത്തിലാക്കി. രണ്ട് മണിയോടെ ആരംഭിച്ച മേളം ഒന്നര മണിക്കൂറോളം നീണ്ടുനിന്നു. പാറമേക്കാവ് അമ്പലത്തിനു മുന്നില്‍ ഭഗവതിയെ പുറത്തേക്കെഴുന്നള്ളിക്കുന്ന ചടങ്ങിനൊപ്പം പെരുവനം കുട്ടന്‍മാരാരുടെ ചെമ്പടമേളവും തകര്‍ത്തു. ശ്രീമൂലസ്ഥാനത്തു കിഴക്കൂട്ട് അനിയന്‍മാരാരുടെ പ്രമാണത്തില്‍ തിരുവമ്പാടിയുടെ പാണ്ടിമേളവും അരങ്ങേറി.

വെടിക്കെട്ടിന് റവന്യൂ, എക്സ്പ്ലോസീവ് ഉദ്യോഗസ്ഥരാണ് അനുമതി നൽകിയിട്ടുണ്ട്. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്ക് ഇതുസംബന്ധിച്ച് നിർദേശം ലഭിച്ചിട്ടുണ്ട്. നാളെ പുലര്‍ച്ചെ മൂന്നു മണിക്കാണ് വെടിക്കെട്ട്. നേരത്തെ അനുമതി നൽകാതിരുന്നതിനെതിരെ വലിയ പ്രതിഷേധമാണുയർന്നിരുന്നത്.

തെക്കേഗോപുരനടയില്‍ വിശ്വപ്രസിദ്ധമായ കുടമാറ്റം കാണാന്‍ പതിനായിരങ്ങളാണ് എത്തിയിരിക്കുന്നത്. പാറമേക്കാവിനും തിരുവമ്പാടിക്കുമിടയില്‍ നടക്കുന്ന വര്‍ണക്കുടമാറ്റ മത്സരം ആവേശത്തോടെയാണ് ഏറ്റുവാങ്ങാനിരിക്കുന്നത്.

അഭിമുഖം നിരന്ന ഇരുവിഭാഗത്തിന്റെയും 15 വീതം ഗജവീരന്മാരുടെ മുകളില്‍ വര്‍ണക്കുടകളും സ്‌പെഷല്‍ കുടകളും വിരിയും.രാത്രി 11 നു പാറമേക്കാവ് വിഭാഗത്തിന്റെ പഞ്ചവാദ്യത്തിനു പരയ്ക്കാട് തങ്കപ്പന്‍ മാരാര്‍ പ്രമാണിയാകും. തുടര്‍ന്നു പുലര്‍ച്ചെ മൂന്നിനു പൂരവെടിക്കെട്ട്. നാളെ രാവിലെ ഒന്‍പതിനു ശ്രീമൂല സ്ഥാനത്ത് പൂരം വിടചൊല്ലിപ്പിരിയും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ