ലിഗ മരിച്ചത് ശ്വാസംമുട്ടിയാകാമെന്ന് ഡോക്ടര്‍മാര്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദേശ വനിത ലിഗ മരിച്ച സംഭവത്തില്‍ ദുരൂഹത വര്‍ധിക്കുന്നു. മരണം ശ്വാസം മുട്ടിയാകാമെന്ന് ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചു. മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് ഡോക്ടര്‍മാരാണ് ഇക്കാര്യം അറിയിച്ചത്. ഇക്കാര്യത്തില്‍ അന്തിമ നിഗമനം രണ്ട് ദിവസത്തിനകം അറിയിക്കാമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്. മാനഭംഗം നടന്നിട്ടില്ലെന്നും നിഗമനമുണ്ട്. പുതിയ സാഹചര്യത്തില്‍ കൊലപാതക സാധ്യത തള്ളാതെ പൊലീസ് അന്വേഷണം തുടങ്ങി.

വിഷം കഴിച്ച് ലിഗ ആത്മഹത്യ ചെയ്തുവെന്ന വാദമാണ് ഇതോടെ പൊളിയുന്നത്. ലിഗയുടേതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തി ആറ് ദിവസമാകുമ്പോളും ദുരൂഹതകള്‍ നീക്കാനാവാതെ അന്വേഷണസംഘം വലയുന്നു. മരണകാരണം വ്യക്തമാക്കുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടടക്കമുള്ള പരിശോധനാഫലങ്ങള്‍ വൈകുന്നതാണ് കാരണം. അതിന് മുന്നോടിയായാണ് പ്രാഥമിക നിഗമനം പൊലീസിന് കിട്ടിയിരിക്കുന്നത്.

ഇതിനിടെ വിദേശ വനിത വാഴമുട്ടത്തെ പൊന്തക്കാട്ടിലേക്ക് പോകുന്നത് കണ്ടതായി മൊഴി ലഭിച്ചു. സമീപവാസിയായ സ്ത്രീ ഈ വിവരം പറഞ്ഞതായി മീന്‍ പിടിക്കാനെത്തിയ മൂന്നു യുവാക്കള്‍ പൊലീസിന് മൊഴി നല്‍കി. ലിഗയെ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ഥലമാണ് വാഴമുട്ടം. മൊഴി നല്‍കിയ യുവാക്കളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. എന്നാല്‍ വിദേശ വനിതയെ കണ്ടിട്ടില്ലെന്ന് സമീപവാസിയായ സ്ത്രീ മൊഴി മാറ്റി. മൃതദേഹം നേരത്തെ ചിലര്‍ കണ്ടിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ്.

കേസുമായി ബന്ധപ്പെട്ട് നിരവധി പേര്‍ പൊലീസിന്റെ കസ്റ്റഡിയില്‍ ഉണ്ട്. സ്ഥലത്ത് വ്യാജ വാറ്റും ചീട്ടുകളി സംഘവും സജീവമാണ്. ഇവരൊക്കെ സംശയ നിഴലിലാണ്. ശ്വാസം മുട്ടിച്ച് മരണമെന്ന് പറയുമ്പോള്‍ അതില്‍ ഒളിച്ചിരിക്കുന്നതുകൊലപാതകമെന്ന സത്യമാണ്. ഇത് കേരളാ പൊലീസിന്റെ ഇതുവരെയുള്ള വാദങ്ങളെ തള്ളിക്കളയും.

ലിഗയുടേതുകൊലപാതകമെന്നതാണ് കുടുംബത്തിന്റെ ആരോപണം. അതിന് പ്രധാനമായും മൂന്ന് സംശയങ്ങളാണ് ഉന്നയിക്കുന്നത്. ഒന്ന് , നാട്ടുകാര്‍ പോലും പോകാത്ത കണ്ടല്‍ക്കാടിനുള്ളില്‍ സ്ഥലപരിചയമൊട്ടുമില്ലാത്ത ലിഗ എങ്ങിനെയെത്തി. വിശ്വാസം നടിച്ച് ആരെങ്കിലും കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് ആരോപണം. രണ്ട് , ലിഗയെ കാണാതാകുമ്പോള്‍ ധരിച്ചിട്ടില്ലാത്ത ജാക്കറ്റ് മൃതദേഹത്തില്‍ എങ്ങിനെ വന്നു…മൂന്ന് മൃതദേഹത്തിന്റെ കഴുത്ത് വേര്‍പ്പെട്ടത് എങ്ങിനെ…? ഈ സംശയങ്ങളുടെ ഉത്തരമാണ് ബന്ധുക്കള്‍ തേടുന്നത്.

ഇതിന് ജാക്കറ്റ് കോവളത്ത് നിന്ന് വാങ്ങിയതാണെന്ന് ഉറപ്പിക്കാനുള്ള സാക്ഷി മൊഴി പൊലീസിന് കിട്ടിയിട്ടുണ്ട്. ഇതിനൊപ്പം വിദേശ വനിത ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് നിര്‍ണായക മൊഴികള്‍ ലഭിച്ചുവെന്നും പൊലീസ് പറഞ്ഞിരുന്നു. ലിഗ വാഴമുട്ടത്തെ പൊന്തക്കാട്ടിലേക്ക് പോകുന്നത് കണ്ടതായി മൊഴി. മത്സ്യ ബന്ധനത്തിന് പോയവരാണ് മൊഴി നല്‍കിയത്. ഇതെല്ലാം ലിഗയുടേത് ആത്മഹത്യയാക്കി മാറ്റാനുള്ള പൊലീസ് നീക്കത്തിന്റെ ഭാഗമാണെന്ന് ആരോപണം ഉയര്‍ന്നു. ഇതിനിടെയാണ് ഡോക്ടര്‍മാരുടെ നിരീക്ഷണം എത്തുന്നത്.

ഒന്ന് മൃതദേഹത്തിലുണ്ടായിരുന്ന അടിവസ്ത്രത്തിലെ ബ്രാന്റ് നെയിം ലിഗയുടെ രാജ്യത്തെ കമ്പനിയുടേതാണ്. മറ്റൊന്ന് മൃതദേഹത്തിനരികില്‍ നിന്ന് ലഭിച്ച സിഗരറ്റ് പാക്കറ്റും. തലമുടിയിലെ സാമ്യവും മരിച്ചത് ലിഗ തന്നെയെന്ന് ഉറപ്പിക്കുന്ന വസ്തുതകളാണ്. കൂടാതെ സംഭവ സ്ഥലത്തേക്ക് ലിഗ നടന്നുപോകുന്നതിന്റെ സി സി ടി വി ദൃശ്യങ്ങളും പൊലീസിന് ലഭ്യമായിട്ടുണ്ട്. ഇതോടെ ഡി എന്‍ എ പരിശോധനാ ഫലം പുറത്ത് വരുന്നതിന് മുമ്പേതന്നെ മൃതദേഹം ലിഗയുടേതാണെന്ന് പൊലീസ് ഉറപ്പിച്ചു. ഇതിന് പിന്നാലെയാണ് ശ്വാസം മുട്ടിയാണ് ലിഗ മരിച്ചതെന്ന സൂചന പുറത്തുവരുന്നത്. അതുകൊണ്ട് തന്നെ മൂന്നാമതൊരാള്‍ കേസില്‍ ഉള്‍പ്പെട്ടുവെന്നും വ്യക്തമായി.

ലിഗ ഓട്ടോയിലെത്തിയ കോവളം ബീച്ചില്‍ നിന്ന് അരമണിക്കൂറുകൊണ്ട് നടന്നും വള്ളത്തിലൂടെയും മൃതദേഹം കണ്ടെത്തിയ കാട്ടിലെത്താനാവുമെന്ന് പൊലീസ് പറയുന്നു. ഇങ്ങിനെ ചില ടൂറിസ്റ്റുകള്‍ വരാറുണ്ടെന്നും വിഷാദരോഗമുള്ള ലിഗ ആത്മഹത്യ ചെയ്യാനുറച്ച് ഇവിടെയെത്തിയിരിക്കാമെന്നും പൊലീസ് പറഞ്ഞിരുന്നു. മൃതദേഹത്തില്‍ കണ്ട ജാക്കറ്റില്‍ മെയ്ഡ് ഇന്‍ ചൈന എന്നെഴുതിയിട്ടുണ്ട്. അത്തരം ജാക്കറ്റുകള്‍ കോവളത്തെ ഒട്ടേറെ കടകളിലുണ്ട്. ഓട്ടോയിലെത്തിയ ശേഷം ലിഗ വാങ്ങിയതാണെന്നും പൊലീസ് പറയുന്നു.. മൃതദേഹത്തിന്റെ കാലപ്പഴക്കം മൂലം ശരീരം അഴുകിയാണ് തല വേര്‍പ്പെട്ടത്. മുറിഞ്ഞതല്ലെന്ന് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍ അറിയിച്ചതിനാല്‍ അതില്‍ ദുരൂഹതയില്ലെന്നും പറഞ്ഞിരുന്നു. ശരീരം പകുതിയുലേറെയും അഴുകിയതിനാല്‍ പോസ്റ്റുമോര്‍ട്ടത്തിലൂടെ മരണകാരണം കൃത്യമായി അറിയാനാകുമോയെന്ന സംശയവും ഉണ്ട്.

അതിനിടെ ലിഗയുടെ വിഷാദരോഗം ഗുരുതരമായിരുന്നില്ലെന്ന് ചികില്‍സിച്ച ഡോക്ടര്‍. ലിഗ ഏകാന്തത ഇഷ്ടപ്പെട്ടിരുന്നുവെന്നും ചികില്‍സയിലിരിക്കെ ആത്മഹത്യാപ്രവണത കാണിച്ചിട്ടില്ലെന്നും ഡോ. ദിവ്യ പറഞ്ഞു. പുകവലി ശീലം മാറ്റാനാണ് പ്രധാനമായും അവര്‍ ചികില്‍സക്കെത്തിയത്. ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്നതായും തോന്നിയിട്ടില്ലെന്ന് ഡോ.ദിവ്യ പറഞ്ഞു. കോവളത്ത് കണ്ടെത്തിയ മൃതദേഹം ലിഗയുടേതാണെന്ന് ഓട്ടോ ഡ്രൈവര്‍ ഷാജിയും പൊലീസിന് മൊഴി നല്‍കിയിരുന്നു. ലിഗയെ കോവളത്ത് വിട്ടത് ഷാജിയുടെ ഓട്ടോയിലായിരുന്നു. ലിഗയുടെ വസ്ത്രം ഷാജി തിരിച്ചറിഞ്ഞു.

ഡോക്ടറുടെയും ഓട്ടോ ഡ്രൈവറുടെയും വെളിപ്പെടുത്തലുകള്‍ ലിഗയുടേത് സ്വാഭാവിക മരണമല്ലെന്ന സൂചനയാണ് നല്‍കുന്നത്. 38 ദിവസത്തെ തിരച്ചിലിനൊടുവില്‍ കഴിഞ്ഞ ദിവസമാണ് മൃതദേഹം തിരുവല്ലത്തിനടുത്തുവെച്ച് ലഭിച്ചത്. കോവളത്തെ കണ്ടല്‍ക്കാടുകളില്‍ നിന്നും കണ്ടെടുത്ത മൃതദേഹത്തിലെ ജാക്കറ്റ് ലിഗയുടേതല്ലെന്നു സഹോദരി ഇലീസും പറഞ്ഞിരുന്നു.