ലിഗയുടെ മരണം: കോവളത്തെ യോഗ പരിശീലകനെ ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് വിദേശികളെ യോഗ പഠിപ്പിക്കുന്ന ഒരാളെ ഇപ്പോള്‍ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇയാള്‍ സ്ഥിരമായി ഓവര്‍ കോട്ട് ഉപയോഗിക്കുന്നയാളാണെന്നും കഴിഞ്ഞ രണ്ട് ദിവസമായി കോവളത്ത് ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തിയതോടെയാണ് ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.

ലിഗയുടെ മരണത്തിന് പിന്നിലെ ദൂരൂഹത നീക്കാന്‍ കോവളത്തെ അനധികൃത ടൂറിസ്റ്റ് ഗൈഡുകളിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നു. ലിഗയുടെ മരണം പുറത്തറിഞ്ഞതിന് ശേഷം സ്ഥലത്ത് നിന്ന് മുങ്ങിയവരെക്കുറിച്ചാണ് പ്രധാനമായും അന്വേഷിക്കുന്നത്.

ശ്വാസം മുട്ടിയാകാം മരണം സംഭവിച്ചതെന്ന വിവരമാണ് ലിഗയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ നല്‍കിയത്. മൃതദേഹം കിടന്നിരുന്ന രീതിയും സംശയം ജനിപ്പിക്കുന്നതാണ്. ആളൊഴിഞ്ഞ സ്ഥലത്ത് ലിഗ എങ്ങനെ എത്തിയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതാണ് കോവളത്തെ ചില ടൂറിസ്റ്റ് ഗൈഡുമാരിലേക്ക് അന്വേഷണം എത്തിച്ചത്. ചില മയക്കുമരുന്ന് സംഘങ്ങളും ഒറ്റയ്ക്ക് എത്തുന്ന വിദേശികളെ പാട്ടിലാക്കി ഇവിടേക്ക് എത്തിക്കുന്ന സംഘങ്ങളുമൊക്കെ പ്രദേശത്ത് സജീവമാണെന്ന വിവരവും കിട്ടിയിട്ടുണ്ട്. ഇതോടെ അടുത്തകാലത്ത് കോവളത്ത് നിന്ന് മുങ്ങിയ ഗൈഡുമാരെ കണ്ടെത്തി ചോദ്യം ചെയ്യാനുള്ള നീക്കങ്ങള്‍ തുടങ്ങിയത്.

ലിഗയുടെ മൃതദേഹം തിരിച്ചറിഞ്ഞ സഹോദരി എലിസ വസ്ത്രങ്ങള്‍ ലിഗയുടേത് തന്നെയെന്ന് മൊഴി നല്‍കിയെങ്കിലും ഓവര്‍ കോട്ട് ലിഗയുടേത് അല്ലെന്ന് പറഞ്ഞിരുന്നു. ഇത് കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പ്രധാനമായും അന്വേഷണം മുന്നോട്ട് പോകുന്നത്. വിദേശ നിര്‍മ്മിതമായ ഒരു ബ്രാന്‍ഡഡ് ഓവര്‍ കോട്ടാണ് മൃതദേഹത്തില്‍ നിന്ന് കണ്ടെത്തിയത്. കോവളത്തും പരിസരത്തുമുള്ള കടകളില്‍ അന്വേഷിച്ചെങ്കിലും അവിടെയൊന്നും ഈ ബ്രാന്‍ഡില്‍ പെട്ട ഓവര്‍ കോട്ട് വില്‍ക്കുന്നില്ലെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. മാത്രമല്ല ലിഗയുടെ കൈയ്യില്‍ ഇത്തരമൊരു കോട്ട് വാങ്ങാനുള്ള പണവും ഉണ്ടായിരുന്നില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ