അങ്കമാലി എം.എല്‍.എ. റോജി ജോണിന് ന്യൂജെഴ്സിയില്‍ സ്വീകരണം

ന്യൂജെഴ്സി: അങ്കമാലി എം.എല്‍.എ. റോജി എം. ജോണിന് ന്യൂജെഴ്സിയിലെ അങ്കമാലി കൂട്ടായ്മയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കുന്നു.
 ഏപ്രില്‍ 30 തിങ്കളാഴ്ച വൈകീട്ട് 6:30ന് ഔവര്‍ റെഡീമര്‍ ചര്‍ച്ച് ഹാളിലാണ് (344 നോര്‍ത്ത് വാഷിംഗ്ടണ്‍ അവന്യൂ, ഡ്യൂമൊണ്ട്, ന്യൂജെഴ്സി 07628) സ്വീകരണം സംഘടിപ്പിച്ചിരിക്കുന്നത്.
 കെ.എസ്.യു വിലൂടെ രാഷ്ട്രീയ രംഗത്തേക്കു കടന്നു വന്ന റോജി ജോണ്‍, എറണാകുളം തേവര സേക്രട്ട് ഹാര്‍ട്ട് കോളേജ് യൂണിയന്‍ ചെയര്‍മാന്‍, ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റി (ജെ.എന്‍.യു) യൂണിയന്‍ കൗണ്‍സിലര്‍, നാഷണല്‍ സ്റ്റുഡന്റ്സ് യൂണിയന്‍ ദേശീയ വൈസ് പ്രസിഡന്റ്, എന്‍‌എസ്‌യു ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ പ്രത്യേക താല്പര്യ പ്രകാരം 2016 ൽ നടന്ന കന്നിയങ്കത്തിൽ അങ്കമാലി നിയോജകമണ്ഡലത്തിൽ നിന്നും കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
 അങ്കമാലിയുടെ വികസന പ്രവര്‍ത്തനങ്ങളില്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനും പ്രവാസികളായ അങ്കമാലിക്കാര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ എംഎല്‍എയെ ധരിപ്പിക്കുന്നതിനും അവസരം ലഭിക്കുന്ന ഈ സ്വീകരണ ചടങ്ങില്‍ പങ്കെടുക്കാന്‍ സംഘടനാ-രാഷ്ട്രീയ ഭേദമന്യേ എല്ലാവരെയും ക്ഷണിക്കുന്നതായി അങ്കമാലി കൂട്ടായ്മ ഭാരവാഹികള്‍ അറിയിച്ചു.
 കൂടുതല്‍ വിവരങ്ങള്‍ക്ക്: ദേവസ്സി പാലാട്ടി 201 921 9109, സെബാസ്റ്റ്യന്‍ ചെറുമഠത്തില്‍ 201 887 7893, ഷിജോ പൗലോസ് 201 238 9654.