നായര്‍ ബനവലന്റ് അസോസിയേഷന്‍റെ വിഷു ആഘോഷം കെങ്കേമമായി

ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസോസിയേഷന്‍ ഏപ്രില്‍ 15 ശനിയാഴ്ച ഗ്ലെന്‍ ഓക്സ് സ്കൂള്‍ ഓഫ് ടീച്ചിംഗ്  ഓഡിറ്റോറിയത്തില്‍ വെച്ച് വിപുലമായ രീതിയില്‍ വിഷു ആഘോഷിച്ചു. വിഷുക്കണി കണ്ടതിനു ശേഷം കാരണവസ്ഥാനീയരായ ഡോ. ഡോ. എ.കെ.ബി. പിള്ളയും, രാമചന്ദ്രന്‍ നായരും ചേര്‍ന്ന് എല്ലാവര്‍ക്കും വിഷുക്കൈനീട്ടം നല്‍കി. ജനാര്‍ദ്ദനന്‍ തോപ്പിലും വത്സമ്മ തോപ്പിലും ചേര്‍ന്നൊരുക്കിയ വിഷുക്കണി തികച്ചും ഭക്തിനിര്‍ഭരവും നയനാനന്ദകരവുമായിരുന്നു.

ശ്രീമതി സുശീലാമ്മ പിള്ള ഭദ്രദീപം തെളിയിച്ച് ചടങ്ങുകള്‍ക്ക് ശുഭാരംഭം കുറിച്ചു.  ജനറല്‍ സെക്രട്ടറി സേതുമാധവന്‍ വിഷു ആശംസകള്‍ നേര്‍ന്നു.  പ്രസിഡന്റ്റ് കരുണാകരന്‍ പിള്ള സ്വാഗതമാശംസിക്കുകയും വിഷുവിന്‍റെ മംഗളങ്ങള്‍ നേരുകയും  ചെയ്തു. ട്രസ്റ്റീ ബോര്‍ഡ് ചെയര്‍പേഴ്സണ്‍ ശ്രീമതി വനജ നായര്‍ ആശംസകള്‍ അര്‍പ്പിച്ചതോടൊപ്പം എല്ലാവരുടേയും കൂട്ടായ പരിശ്രമ ഫലമാണ് ആഘോഷം ഇത്ര ഭംഗിയായി നടന്നതെന്ന് അനുസ്മരിക്കുകയും ചെയ്തു.

എന്‍‌ബി‌എ മുന്‍ പ്രസിഡന്റും പ്രശസ്ത ഫിസിഷ്യന്‍ എജ്യുക്കേറ്ററും നാഷണല്‍ ബോര്‍ഡ് ഓഫ് മെഡിക്കല്‍   എക്സാമിനേഴ്‌സില്‍ അംഗവുമായ ഡോ. ലതാ ചന്ദ്രനായിരുന്നു മുഖ്യാതിഥി.  തന്റെ വിഷു സന്ദേശത്തില്‍, വിഷുവിനെക്കുറിച്ചു വളരെ വിശദമായി അവര്‍ സംസാരിക്കുകയും ഒരു നല്ല വിഷുക്കാലം ആശംസിക്കുകയും ചെയ്തു.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം പരിചയപ്പെട്ട, രണ്ടു വൃക്കകളും തകരാറിലായ ഒരു യുവതിയുടെ ജീവന്‍ നിലനിര്‍ത്താന്‍ തന്റെ ഒരു വൃക്ക നല്‍കി മനുഷ്യ സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും ഉത്തമോദാഹരണമായി മാറിയ ശ്രീമതി രേഖ നായര്‍ക്ക് മുന്‍ പ്രസിഡന്റ് ഗോപിനാഥ് കുന്നത്ത് പ്രശംസാ ഫലകം നല്‍കി ആദരിച്ചു.

പത്തു വര്‍ഷത്തിലേറെയായി എന്‍.ബി.എ. അംഗങ്ങളുടെ കുട്ടികളെ ഏകോപിപ്പിച്ചുകൊണ്ട് കലാപരിപാടികള്‍ വളരെ ഭംഗിയായും ചിട്ടയോടെയും വേദികളില്‍ അവതരിപ്പിച്ച് പരിപാടികള്‍ വിജയിപ്പിച്ച ശ്രീമതി കലാ സതീഷിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരമായി പ്രശംസാഫലകം നല്‍കി ആദരിച്ചു. വിമന്‍സ് ഫോറം ചെയര്‍ പെഴ്സണ്‍ ശ്രീമതി ചിത്രജാ ചന്ദ്രമോഹന്‍ ആണ് ഫലകം നല്‍കിയത്.

പ്രഗത്ഭയായ റിസേര്‍ച്ച് സയന്റിസ്റ്റ് ഡോ. പത്മജാ പ്രേമിൻ്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരമായി പ്രശംസാ ഫലകം നല്‍കി ആദരിച്ചു. ഡോ. സ്മിതാ നമ്പ്യാര്‍ ആണ് ഡോ. പത്മജയെ സദസ്സിന് പരിചയപ്പെടുത്തിയത്.  ഡോ. ലതാ ചന്ദ്രനാണ്  പ്രശംസാ ഫലകം നല്‍കിയത്.

എൻ.ബി.എ. സെന്ററില്‍ എല്ലാ മാസവും നടന്നുവരുന്ന ഭാഗവത പാരായണത്തിന് നേതൃത്വം കൊടുക്കുകയും കൂടുതല്‍ പേര്‍ക്ക് ഭാഗവതം വായിക്കുവാന്‍ പരിശീലനവും പ്രചോദനവും നല്‍കി വരുന്ന ജയപ്രകാശ് നായര്‍ക്ക് അനുമോദനമര്‍പ്പിച്ചതോടൊപ്പം പ്രശംസാഫലകം നല്‍കി ആദരിക്കുകയും ചെയ്തു.  വ്യവസായ സം‌രംഭകനായ പത്മകുമാറില്‍ നിന്ന് ജയപ്രകാശ് ഫലകം ഏറ്റുവാങ്ങി. മുന്‍ പ്രസിഡന്റ് കുന്നപ്പിള്ളില്‍ രാജഗോപാല്‍ ജയപ്രകാശിനെ സദസ്സിന് പരിചയപ്പെടുത്തി.

സ്വവസതികളില്‍ നിന്ന് പാചകം ചെയ്തുകൊണ്ടുവന്ന വിഭവസമൃദ്ധമായ വിഷുസദ്യയ്ക്ക് മേല്‍‌നോട്ടം വഹിച്ചത്  അപ്പുക്കുട്ടന്‍ പിള്ളയായിരുന്നു.  സുനില്‍ നായര്‍, പ്രദീപ് പിള്ള, പ്രദീപ് മേനോന്‍, മുരളീധരന്‍ നായര്‍, രഘുനാഥന്‍ നായര്‍, ഹരിലാല്‍ നായര്‍, സുരേന്ദ്രന്‍ നായര്‍, സുരേഷ് പണിക്കര്‍, രഘു നായര്‍, രാധാകൃഷ്ണന്‍ തരൂര്‍ എന്നിവരായിരുന്നു വിഷു സദ്യ വിജയിപ്പിക്കാന്‍ പിന്നില്‍ പ്രവര്‍ത്തിച്ചത്.

പ്രഭാകരന്‍ നായര്‍, അജിത് നായര്‍, ശബരിനാഥ് നായര്‍, ശാലിനി രാജേന്ദ്രന്‍, രാംദാസ് കൊച്ചുപറമ്പില്‍ എന്നിവര്‍ ഗാനങ്ങളാലപിച്ചു.  കലാ സതീഷ്, രേവതി നായര്‍ എന്നിവരുടെ ശിക്ഷണത്തില്‍ കുട്ടികള്‍ അവതരിപ്പിച്ച നൃത്ത നൃത്യങ്ങള്‍ ഒന്നിനൊന്നു മെച്ചമായിരുന്നു. കലാ സതീഷും ഊര്‍മ്മിള റാണി നായരും എം.സി. മാരായി പ്രവര്‍ത്തിച്ചു.  വൈസ് പ്രസിഡന്റ് ജനാര്‍ദ്ദനന്‍ തോപ്പിലിന്റെ കൃതജ്ഞതയോടെ വിഷു ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചു.