‘പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയതയുടെ അഴിഞ്ഞാട്ടം’ – വിമര്‍ശനവുമായി സി.പി.ഐ സംഘടനാ റിപ്പോര്‍ട്ട്

കൊല്ലം: രാഷ്ട്രീയ അഭിപ്രായവ്യത്യാസമെന്ന പേരില്‍ പാര്‍ട്ടിയില്‍ വിഭാഗീയതയെന്ന അര്‍ബുദത്തിന്റെ അഴിഞ്ഞാട്ടമാണു നടക്കുന്നതെന്നു സി.പി.ഐയുടെ കരട് സംഘടനാ റിപ്പോര്‍ട്ട്. പാര്‍ട്ടിയുടെ പലവിധങ്ങളായ ദൗര്‍ബല്യങ്ങളെക്കുറിച്ചു തുറന്ന സ്വയം വിമര്‍ശനമാണു റിപ്പോര്‍ട്ടിലുള്ളത്.

വിഭാഗീയത പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുകയാണ്. ഈ രോഗം ആദ്യഘട്ടത്തിലേ തിരിച്ചറിഞ്ഞ് ഉള്‍പാര്‍ട്ടി ജനാധിപത്യത്തിലൂടെ ഭേദമാക്കാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നേതാക്കള്‍ക്കെതിരെയും റിപ്പോര്‍ട്ട് രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. ചില നേതാക്കള്‍ ദ്വീപുകളെ പോലെ പ്രവര്‍ത്തിക്കുന്നു. ചോദ്യം ചെയ്യാന്‍ പോലും അണികള്‍ക്ക് ഭയമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കേഡര്‍ സവിധാനത്തില്‍ പോലും വീഴ്ച പറ്റിയതായി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.