മെഡിക്കല്‍ കോളേജില്‍ രോഗിയെ എലി കടിച്ച സംഭവം: ആരോഗ്യമന്ത്രി വിശദീകരണം തേടി

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയെ എലി കടിച്ച സംഭവത്തില്‍ ആശുപത്രി സൂപ്രണ്ടിനോട് ആരോഗ്യമന്ത്രി വിശദീകരണം തേടി. ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതലെടുക്കണമെന്നും മന്ത്രി കെ.കെ ശൈലജ നിര്‍ദ്ദേശം നല്‍കി. എലിയുടെ കടിയേറ്റ രോഗിക്ക് വിദഗ്ധ ചികിത്സ നല്‍കാനും നിര്‍ദ്ദേശം. അഞ്ചല്‍ കരുകോണ്‍ ഇരുവേലിക്കല്‍ രാജ് വിലാസത്തില്‍ രാജേഷിനാണ് (27) എലിയുടെ കടിയില്‍ പരുക്കേറ്റത്.

ഒരാഴ്ച മുന്‍പ് പെരുവിരലില്‍ എലി കടിച്ചതിന്റെ ചികിത്സയ്ക്കിടെ ഇന്നലെ രാത്രി വീണ്ടും പെരുവിരലിലും ഒപ്പം ചെറുവിരലിലും എലി കടിക്കുകയായിരുന്നു. ബൈക്ക് അപകടത്തില്‍ ഗുരുതര പരുക്കേറ്റ രാജേഷിനെ ഒന്നരമാസം മുന്‍പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇടതുകാലില്‍ പൊട്ടല്‍ ഉണ്ടായിരുന്നതിനാല്‍ ഇരുമ്പ് പ്ലേറ്റ് ഘടിപ്പിച്ചിരിക്കുകയായിരുന്നു. ഈ കാലിലെ പെരുവിരലിലാണ് ഒരാഴ്ച മുന്‍പു കടിയേറ്റത്.മരവിച്ചിരിക്കുന്ന കാലില്‍ കടിയേറ്റതു രാജേഷ് അറിഞ്ഞില്ല. ഇന്നലെ രാത്രിയാണു രണ്ടു വിരലുകളിലും വീണ്ടും എലി കടിച്ചത്.