18,000 അടി ഉയരത്തില്‍, 3, 488 കിലോമീറ്റര്‍ നീളത്തില്‍ . . ഇന്ത്യന്‍ സേനയുടെ കരുത്ത്

ന്യൂഡല്‍ഹി: ചൈനീസ് അതിര്‍ത്തിയില്‍ വന്‍ സന്നാഹങ്ങളെ അണിനിരത്തി ഇന്ത്യ.3,488 കിലോമീറ്റര്‍ നീളുന്ന ഇന്ത്യ ചൈന അതിര്‍ത്തിയില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.കൊടും തണുപ്പിനെ അവഗണിച്ച് 18,000 അടി ഉയരത്തില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന ഇന്ത്യന്‍ സേനയുടെ ശക്തമായ സാന്നിധ്യം ചൈനയുടെ ‘സ്വപ്ന’ങ്ങള്‍ക്ക് വലിയ പ്രതിരോധമാണ്.സൈന്യത്തിനു പുറമെ അര്‍ദ്ധസൈനിക വിഭാഗമായ ടിബറ്റ് ബോര്‍ഡര്‍ പൊലീസിന്റെ 96 ഔട്ട് പോസ്റ്റുകള്‍ കൂടിയാണ് പുതുതായി അതിര്‍ത്തിയില്‍ നിര്‍മ്മിക്കുന്നത്.വന്‍ മാരക ശേഷിയുള്ള ആയുധങ്ങളാണ് സേനയോടൊപ്പം വിന്യസിക്കുക.

ഗംഗ, യാങ്ത്സി നദികള്‍ ഒഴുകുന്നതു പോലെ രണ്ടു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം മുന്നോട്ട് പോകട്ടെ എന്നതാണ് ചൈന ഇപ്പോള്‍ ‘ആഗ്രഹിക്കുന്ന’തെങ്കിലും ഇന്ത്യ ഈ വാക്കുകളെ വിശ്വാസത്തിലെടുത്തിട്ടില്ല എന്നതാണ് ഇപ്പോഴത്തെ നീക്കങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷിചിന്‍പിങ്ങും തമ്മിലുള്ള അനൗപചാരിക ഉച്ചകോടിക്കു തുടക്കമായതിനു സമാന്തരമായാണ് അതിര്‍ത്തിയിലെ ശക്തിപ്പെടുത്തല്‍.ചൈനീസ് കടന്നുകയറ്റവും ഭീഷണിയും ചെറുക്കാനും ഇന്ത്യന്‍ സൈന്യത്തിനു എളുപ്പത്തില്‍ അതിര്‍ത്തിയില്‍ എത്തിച്ചേരാനും വേണ്ടിയാണ് ഇപ്പോള്‍ പുതിയ സംവിധാനം ഒരുക്കുന്നത്.