കോണ്‍ഗ്രസ് സഖ്യം: സാധ്യത തള്ളാതെ യെച്ചൂരി

കോണ്‍ഗ്രസ് സഖ്യത്തില്‍ സാധ്യത തള്ളാതെ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തെരഞ്ഞെടുപ്പ് സഖ്യം സംബന്ധിച്ച് സമയമാകുമ്പോള്‍ തീരുമാനമെടുക്കും. ആരെന്ത് വ്യാഖ്യാനിച്ചാലും രേഖയില്‍ എല്ലാം വ്യക്തമാണ്. ദേശീയ സഖ്യങ്ങള്‍ തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കും. പ്രായോഗിക സഖ്യങ്ങളെ ഇന്ത്യയില്‍ നടപ്പാകൂ എന്നും യെച്ചൂരി പറഞ്ഞു.

കോണ്‍ഗ്രസ് സഹകരണം സാധ്യമെന്ന സൂചന നേരത്തെയും സീതാറാം യെച്ചൂരി നല്‍കിയിരുന്നു. സഹകരണം ലോകസഭാ തെരഞ്ഞെടുപ്പിന് ശേഷമായിരിക്കുമെന്നും അദ്ദേഹം സൂചന നല്‍കി. കോണ്‍ഗ്രസിനെ പിന്തുണച്ച ചരിത്രമുണ്ട്. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് എല്‍ഡിഎഫ് വന്‍വിജയമാണ് നേടിയതെന്നും യെച്ചൂരി പറഞ്ഞിരുന്നു.

പിണറായി ജനങ്ങളില്‍ നിന്ന് അകലുന്നുവെന്ന് ചിലര്‍ക്ക് ധാരണ ഉണ്ടാകാം. പിണറായിയുടെ ജനകീയത തീരുമാനിക്കേണ്ടത് ജനങ്ങളാണ്. നേതാക്കള്‍ ജനങ്ങളുമായി അടുത്ത് പ്രവര്‍ത്തിക്കുന്നതാണ് കമ്യൂണിസ്റ്റ് രീതി. കോണ്‍ഗ്രസ് സഖ്യം കേരളത്തില്‍ പ്രശ്‌നമാകില്ല. രാജ്യത്തിന്റെ ആവശ്യം മനസ്സിലാക്കാനുള്ള പക്വത മലയാളികള്‍ക്കുണ്ടെന്ന് യെച്ചൂരി പറഞ്ഞു.

ഐക്യത്തെക്കുറിച്ച് പാര്‍ട്ടി കോണ്‍ഗ്രസിന് മുന്‍പ് ആശങ്കയുണ്ടായിരുന്നു. ഐക്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ പാര്‍ട്ടി കോണ്‍ഗ്രസോടെ അവസാനിച്ചു. നിലപാടുകളെക്കുറിച്ച് ബോധ്യമുള്ളതിനാല്‍ പരാജയഭീതി ഉണ്ടായിരുന്നില്ല. ഒറ്റക്കെട്ടായി നില്‍ക്കാന്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ സാധിച്ചുവെന്നും യെച്ചൂരി പറഞ്ഞിരുന്നു.