മധ്യപ്രദേശില്‍ ഉദ്യോഗാര്‍ഥികള്‍ക്കളുടെ നെഞ്ചില്‍ ജാതി എഴുതിയ നടപടി വിവാദമാകുന്നു

ഭോപ്പാല്‍:മധ്യപ്രദേശിലെ ഉദ്യോഗാര്‍ത്ഥികളുടെ നെഞ്ചില്‍ ജാതി എഴുതിയത് വിവാദമാകുന്നു. ധാര്‍ ജില്ലയില്‍ പൊലിസ് കോണ്‍സ്റ്റബിള്‍ ഉദ്യോഗത്തിനായി നടന്ന ആരോഗ്യ പരിശോധനയ്ക്കിടയാണ് ജാതീയ അധിക്ഷേപം ഉണ്ടായത്.

എസ് ഇ, എസ്ടി, ഒ.ബി.സി എന്നിങ്ങനെ റിസര്‍വേഷന്‍ കാറ്റഗറിയിലുള്ള ഉദ്യോഗാര്‍ത്ഥികളുടെ നെഞ്ചിലാണ് ജാതി തിരിച്ച് സീല്‍ വെച്ചത്. റിസര്‍വേഷന്‍ പോളിസിയുടെ അടിസ്ഥാനത്തില്‍ എസ് ഇ, എസ് ടി, ഒ.ബി.സി വിഭാഗകാര്‍ക്ക് പ്രത്യേക തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങളായതിനാല്‍ ഇവരെ തിരിച്ചറിയാനുള്ള എളുപ്പത്തിനാണ് ഇങ്ങനെ ചെയ്തതെന്നാണ് ജില്ലാ അധികൃതര്‍ നല്‍കിയ വിശദീകരണം.

പരിശോധനയില്‍ കൃത്യത ഉറപ്പ് വരുത്താനാണ് ഇങ്ങനെ ചെയ്തതെന്നും ആരെയും അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും സംസ്ഥാന ഡി.ജി.പി റിഷി കുമാര്‍ ശുക്ല പറഞ്ഞു.

ഉദ്യോഗാര്‍ത്ഥികളില്‍ ആരും തന്നെ ഇതിനെതിരെ പരാതി നല്‍കിയിട്ടില്ല. സോഷ്യല്‍ മീഡിയയിലൂടെ ചിത്രം വൈറല്‍ ആയതോട് കൂടിയാണ് സംഭവം വിവാദമാകുന്നത്. എസ് ഇ, എസ് ടി പീഡന നിരോധന നിയമ പ്രകാരം ഉദ്യോഗാര്‍ത്ഥികളുടെ നെഞ്ചില്‍ സീല്‍ പതിച്ച സംഭവം മനുഷ്യാവകാശ ലംഘനമാണെന്ന്് അംബേദ്കര്‍ ഷോദ് സന്‍സ്താന്‍ പ്രസിണ്ടന്റ് ഇന്ദ്രേശ് ഗാച്ബിയെ പറഞ്ഞു.