അമേരിക്കയിലെ വിശ്വാസി സമൂഹം ആഹ്ലാദത്തില്‍; ഡീക്കന്‍ കെവിന്‍ മുണ്ടയ്ക്കലിന്റെ പൗരോഹിത്യ സ്വീകരണം ശനിയാഴ്ച

ന്യൂയോര്‍ക്ക്: അമേരിക്കയിലെ സീറോ മലബാര്‍ വിശ്വാസികളുടെ ദീര്‍ഘനാളത്തെ പ്രാര്‍ത്ഥനാപൂര്‍വ്വമായ കാത്തിരിപ്പ് സഫലമാകുന്നു. 2001-ല്‍ രൂപീകൃതമായ ചിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ നിന്നും തദ്ദേശികനായ പ്രഥമ വൈദീകനായി ഡീക്കന്‍ കെവിന്‍ മുണ്ടയ്ക്കല്‍ മെയ് അഞ്ചാം തീയതി ശനിയാഴ്ച രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തില്‍ നിന്നും വൈദീകപട്ടം സ്വീകരിക്കുന്നു.

മെയ് അഞ്ചാം തീയതി ഉച്ചകഴിഞ്ഞ് 2.30-ന് ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ വച്ചു നടക്കുന്ന തിരുകര്‍മ്മങ്ങള്‍ക്ക് ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യ കാര്‍മികനായിരിക്കും. സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടും, രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുള്ള വൈദീകരും ശുശ്രൂഷകളില്‍ സഹകാര്‍മികരായിരിക്കും. 2010-ല്‍ വൈദീക പഠനത്തിനായി സെമിനാരിയില്‍ ചേര്‍ന്ന കെവിന്‍, യോങ്കേഴ്‌സ് സെന്റ് ജോസഫ് സെമിനാരി, ചിക്കാഗോ സെന്റ് ജോസഫ് എന്നീ സെമിനാരികളില്‍ നിന്നു മൈനര്‍ സെമിനാരി പഠനം പൂര്‍ത്തിയാക്കി. പിന്നീട് റോമിലുള്ള “മരിയ മാട്രേ എക്ലെസിയ’ മേജര്‍ സെമിനാരിയില്‍ നിന്നും തിയോളജി പഠനവും പൂര്‍ത്തിയാക്കി. 2017 ഏപ്രില്‍ 22-ന് മാര്‍ ജേക്കബ് അങ്ങാടിയത്തില്‍ നിന്നും ഡീക്കന്‍ പട്ടം സ്വീകരിച്ചു. തുടര്‍ന്ന് ഡീക്കന്‍ കെവിനെ ആലുവ സെമിനാരിയിലേക്ക് ഹ്രസ്വകാല പഠനത്തിനായി മാര്‍ ജേക്കബ് അങ്ങാടിയത്ത് അയച്ചിരുന്നു.

ന്യൂയോര്‍ക്കിലെ ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ഇടവകയുടെ കൈക്കാരന്‍ ടോം മുണ്ടയ്ക്കലിന്റേയും, വത്സയുടേയും മകനായ കെവിന്‍ ജനിച്ചതും വളര്‍ന്നതും ന്യൂയോര്‍ക്കിലാണ്. ബ്രോങ്ക്‌സ് ദേവാലയത്തിലെ അള്‍ത്താര ബാലനായും, യൂത്ത് ലീഡറായും കെവിന്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. ജീസസ് യൂത്തില്‍ പ്രവര്‍ത്തിക്കുന്ന ബ്രായന്‍, മാര്‍ട്ടിന്‍ എന്നിവരാണ് സഹോദരങ്ങള്‍.

അമേരിക്കയില്‍ നിന്നുള്ള ആദ്യ വൈദീകന്റെ തിരുപ്പട്ട സ്വീകരണത്തിന് വേണ്ട ക്രമീകരണങ്ങള്‍ക്കായി മാതൃ ഇടവക വികാരി ഫാ. ജോസ് കണ്ടത്തിക്കുടി, സെമര്‍സെറ്റ് ഇടവക വികാരി ഫാ. ലിഗോറി ജോണ്‍സണ്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

മെയ് ആറാം തീയതി ഞായറാഴ്ച രാവിലെ 10.30-ന് മാതൃഇടവകയായ ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ ഫാ. കെവിന്‍ മുണ്ടയ്ക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിക്കും. തുടര്‍ന്നു പാരീഷ് ഹാളില്‍ നവ വൈദീകന് സ്വീകരണവും, അനുമോദന സമ്മേളനവും ഉണ്ടാകും.

തിരുകര്‍മ്മങ്ങളിലേക്ക് എല്ലാ വിശ്വാസികളേയും വികാരി ഫാ. ജോസ് കണ്ടത്തിക്കുടി, അസി. വികാരി ഫാ. റോയിസണ്‍ മേനോലിക്കല്‍, കൈക്കാരന്മാര്‍ എന്നിവര്‍ സ്വാഗതം ചെയ്യുന്നു.

Picture2