അമേരിക്കയിലെത്തുന്ന മലയാളി സ്റ്റാറുകള്‍ സമക്ഷം

സുരേന്ദ്രന്‍ നായര്‍

അമേരിക്കയിലെ ആഹ്ലാദദായകമായ വേനല്‍ കാലം കേരളത്തില്‍ നിന്നെത്തുന്ന വിവിധ സിനിമാസീരിയല്‍ നടീനടന്മാരുടെ പ്രദര്‍ശനങ്ങളുടെ കാലം കൂടിയാണ്.

നാട്ടില്‍ നിന്നകന്നു കഴിയുമ്പോഴും കൈരളിയുടെ കലാരൂപങ്ങളെയും കലാകാരന്മാരെയും ആസ്വദിക്കാനും പ്രോത്സാഹിപ്പിക്കാനും, അതാതു പ്രദേശത്തെ ആബാലവൃദ്ധം മലയാളി കുടുംബാംഗങ്ങളെ ഒരുമിപ്പിക്കാനുമാണ് ഇത്തരം സ്റ്റാര്‍ ഷോകള്‍ സംഘടിപ്പിക്കുന്നത്.

ലഭേതര ലക്ഷ്യത്തോടെ വ്യവസ്ഥാപിതമായി രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന ബഹുഭൂരിപക്ഷ മലയാളി സംഘടനകളും ഇതുപോലുള്ള പരിപാടികളിലൂടെ സമാഹരിക്കുന്ന ധനം കേരളത്തിലെ അവശതയനുഭവിക്കുന്ന രോഗികളുടെയും നിരാശ്രയരുടെയും ആശ്വാസപ്രവര്‍ത്തനങ്ങള്‍ക്കു ഉപയോഗിക്കുകയാണ് പതിവ്. കേരളത്തിന്റെ സാമ്പത്തികരംഗത്തെ തങ്ങിനിര്‍ത്തുന്നതോടൊപ്പം നിര്‍ധനരായ നിരവധി ആളുകളെയും സര്‍ക്കാരിന്റെ ചില വകുപ്പുകളെ തന്നെയും പ്രവാസികള്‍ തങ്ങളുടെ അധ്വാനത്തിന്റെ വിഹിതം നല്‍കി സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്തു പോരുന്നു.

വിമാനമിറങ്ങുന്നതു മുതല്‍ മടക്കയാത്രവരെയുള്ള സ്റ്റാറുകളുടെയും അനുചരവൃന്ദങ്ങളുടെയും ക്ഷേമം ഉറപ്പുവരുത്തുകയും ആകര്‍ഷകമായ പ്രതിഫലം നല്കുകയുംചെയ്തു ആതിഥ്യമര്യാദ കാണിക്കുന്ന പ്രവാസികളോട് അപൂര്‍വ്വം ചിലരെങ്കിലും കേരളത്തില്‍ തിരിച്ചെത്തി നന്ദികേടുകാണിക്കുന്ന പ്രസ്താവനകള്‍ നടത്തിയിട്ടുള്ളതായി നമുക്കറിയാം.എവര്‍ക്കുമറിയുന്നതുപോലെ പ്രവാസം ദുഖമാണ്, അതിനിടയിലും മലയാള ഭാഷയെയും സിനിമയെയും നെഞ്ചോടുചേര്‍ക്കുന്ന പ്രവാസികളെ വെറും പൊങ്ങച്ചക്കാരായും വിഡ്ഢികളായും ചിത്രീകരിക്കുന്ന കലാപ്രകടനങ്ങള്‍ ഇവിടെവന്നവതരിപ്പിച്ചു കൈയടിനേടാന്‍ ശ്രമിക്കുന്നതും ആശാസ്യമായി തോന്നുന്നില്ല.

പ്രവാസജീവിതം നയിക്കുന്ന വ്യക്തികളും സംഘടനകളും സ്‌പോണ്‍സര്‍ ചെയ്തു കലാകാരന്‍മാര്‍ അവിടെയെത്തുമ്പോള്‍ ഇവിടെ വളരുന്ന പുതുതലമുറ അവരെ നമ്മുടെ സംസ്കാരത്തിന്റെകൂടി പ്രതിനിധികളായി കാണാന്‍ ഇടവരുമെന്ന കാര്യം അവരും സ്‌പോണ്‍സര്‍മാരും മനസ്സിലാക്കുന്നത് കൂടുതല്‍ അഭികാമ്യമായിരിക്കും.

സാക്ഷരതയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മലയാളി ഇന്ത്യയിലൊരു സംസ്ഥാനത്തും കാണാത്ത രീതിയില്‍ പഞ്ചായത്തുകള്‍തോറും ബാറുകള്‍ സ്ഥാപിച്ചു ഏറ്റവും മുന്തിയ മദ്യപന്മാരുടെ സ്ഥാനവും അലങ്കരിച്ചു വരുന്നു. അനുബന്ധമായി സ്ത്രീ പീഠനങ്ങളും ബാലപീഠനങ്ങളും അരങ്ങു തകര്‍ക്കുകയും ചെയ്യുന്നു. ഇത്തരം മാറാപ്പുകളുമായി ഇവിടെയെത്തുന്ന കലാകാരന്‍മാര്‍ തങ്ങളുടെ പ്രകടനം വീക്ഷിക്കാന്‍ ഒരുക്കുന്ന സദസ്സിനെക്കുറിച്ചും അറിഞ്ഞിരിക്കുന്നതു നന്നാണ്. ഓരോ സംഘടനകളും എണ്ണത്തില്‍ വളരെ കുറവായ മലയാളി കുടുംബങ്ങളെ കണ്ടെത്തി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തി സ്വന്തം കാര്യങ്ങള്‍ മാറ്റിവയ്ച്ചു ടിക്കറ്റ് വില്പനയെന്ന മാസങ്ങള്‍നീളുന്ന ശ്രമകരമായ പ്രവര്‍ത്തനങ്ങളാണ് ചെയ്യുന്നത്. അതുകൊണ്ടും ചെലവുകള്‍ നിര്‍വഹിക്കാന്‍ കഴിയില്ലായെന്നതുകൊണ്ടു ചെറിയ ചെറിയ സ്ഥാപനങ്ങള്‍ നടത്തുന്ന സമീപസ്ഥരായ ആളുകളെവരെ സമീപിച്ചുപോലും പണം സംഘടിപ്പിക്കുകയാണ് പതിവ്. അവരെ മുഴുവന്‍ നിരാശരാക്കിയും, സംഘാടകരെ അപമാനിതരാക്കിയും, യാതൊരു കൃത്യനിഷ്ഠതയുമില്ലാതെ അര്‍ധ ബോധാവസ്ഥയില്‍ അരങ്ങിലും അണിയറയിലും ചില കലാകാരന്‍മാര്‍ നടത്തുന്ന ആഭാസപ്രകടനങ്ങള്‍ മലയാളികള്‍ക്ക് മുഴുവന്‍ അപമാനകരമാണ്. അന്തസ്സിന്റേയും കുലീനതയുടെയും കുറവ് അവിടെ വ്യക്തമാകുന്നു.

തികഞ്ഞ സ്വാതന്ത്ര്യവും സ്വകാര്യതയും ഉറപ്പുവരുത്തുന്ന ഈ കര്‍മഭുമിയില്‍ അമേരിക്കന്‍ ജനത കാണിക്കുന്ന മിതത്വവും പ്രൊഫഷണലിസവും നമ്മുടെ കലാകാരന്മാരെ ഓര്മിപ്പിക്കുവാന്‍ ക്ഷണിച്ചുകൊണ്ടുവരുന്ന സ്‌പോണ്‍സര്‍മാര്‍ക്കും കലാകാരന്മാരുടെ ടീം ലീഡറിനുമുണ്ടെന്നു വിനീതമായ അഭിപ്രായത്തോടെ ഉപസംഹരിക്കുന്നു.