ലിഗയുടെ മൃതദേഹം നാളെ തിരുവനന്തപുരം ശാന്തി കവാടത്തില്‍ സംസ്‌കരിക്കും

തിരുവനന്തപുരം: കൊല്ലപ്പെട്ട വിദേശ വനിത ലിഗയുടെ മൃതദേഹം തിരുവനന്തപുരം ശാന്തികവാടത്തില്‍ നാളെ സംസ്‌കരിക്കുമെന്ന് അധികൃതര്‍. ഇതിന് ലിഗയുടെ കുടുംബത്തിന്റെ അനുമതി ലഭിച്ചതായും അധികൃതര്‍ അറിയിച്ചു. മൃതദേഹം സംസ്‌കരിച്ച ശേഷം അടുത്ത ദിവസം തന്നെ സഹോദരി ഇല്‍സി സ്വദേശമായ ലാത്വിയക്ക് പോകും.

ചികിത്സാര്‍ഥം കേരളത്തിലെത്തിയ ലിഗയെ കാണാതാവുകയായിരുന്നു. മാസങ്ങള്‍ക്ക് ശേഷമുള്ള തിരച്ചിലിനൊടുവില്‍ കോവളത്തെ കണ്ടല്‍ക്കാട്ടിനുള്ളില്‍ വച്ച് ലിഗയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. പിന്നീട് നടന്ന അന്വേഷണത്തില്‍ പൊലിസ് കസ്റ്റഡിയിലെടുത്ത രണ്ടു പേര്‍ കുറ്റം സമ്മതിച്ചതായി പൊലിസ് അറിയിച്ചു. ഇവരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും പൊലിസ് അറിയിച്ചു.

കൊലപാതകവുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ രണ്ട് പേരാണ് നിലവില്‍ പൊലിസ് കസ്റ്റഡിയിലുള്ളത്. പീഡനശ്രമത്തിനിടെയാണ് ലിഗ കൊല്ലപ്പെട്ടതെന്നാണ് കസ്റ്റഡിയിലുള്ള ഒരാളുടെ മൊഴി. എന്നാല്‍ ലിഗയുടെ പണം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് കൊലപാതകമെന്ന് രണ്ടാമന്‍ മൊഴി നല്‍കിയതായാണ് സൂചന.

മൊഴികളിലെ വൈരുധ്യം പൊലിസ് പരിശോധിക്കുന്നുണ്ട്. ലിഗയുടെ ആന്തരികാവയങ്ങളുടെ ശാസ്ത്രീയ പരിശോധനഫലം കൂടി പുറത്ത് വന്നതിന് ശേഷം കേസില്‍ തുടര്‍നടപടികളിലേക്ക് നീങ്ങുമെന്നാണ് സൂചന.