പ്രതിഷേധക്കാരെ ഒഴിവാക്കി ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ്; ഫഹദ് ഫാസില്‍ നാട്ടിലേക്ക് തിരിച്ചു

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം സംബന്ധിച്ച് നടന്ന പ്രതിഷേധം ഫലം കണ്ടില്ല. പ്രതിഷേധക്കാരെ ഒഴിവാക്കി കൊണ്ട് ചടങ്ങ് നടക്കുകയാണ്. ഡല്‍ഹി വിഗ്യാന്‍ ഭവനിലാണ് ചടങ്ങ് നടക്കുന്നത്. പങ്കെടുക്കാത്തവരുടെ പേരെഴുതിയ കസേരകള്‍ ഒഴിവാക്കി.

കേരളത്തില്‍ നിന്ന് ജയരാജനും യേശുദാസും മാത്രമാണ് പങ്കെടുക്കുന്നത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് പുരസ്‌കാരം വിതരണം ചെയ്യുന്നത്. ഫഹദ് ഫാസില്‍ ഡല്‍ഹിയില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചു.

അതേസമയം, ചടങ്ങ് ബഹിഷ്കരിച്ച അവാര്‍ഡ് ജേതാക്കള്‍ വേദിക്ക് പുറത്ത് പ്രതിഷേധിക്കുകയാണ്.

രാഷ്ട്രപതി രാം നാഥ് കോവിന്ദ് പുരസ്‌കാരം നല്‍കുമെന്നാണ് അറിയിപ്പുകളിലും ക്ഷണപത്രങ്ങളിലുമുള്ളത്. ജേതാക്കള്‍ക്ക് കേന്ദ്ര വാര്‍ത്താ വിതരണമന്ത്രാലയം അയച്ച ക്ഷണക്കത്തുകളിലും രാഷ്ട്രപതി സമ്മാനം നല്‍കുമെന്നാണ് അറിയിച്ചിരുന്നത്.  ഇതുവരെയുള്ള പതിവും അതാണ്.

എന്നാല്‍, ബുധനാഴ്ച വിജ്ഞാന്‍ ഭവനില്‍ നടന്ന പുരസ്‌കാരച്ചടങ്ങിന്റെ റിഹേഴ്‌സലിനിടയിലാണ് ഈ തീരുമാനം മാറ്റിയതായി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം ഉദ്യോഗസ്ഥര്‍ അവാര്‍ഡ് ജേതാക്കളെ അറിയിച്ചത്. 11 പുരസ്‌കാരങ്ങള്‍ മാത്രം രാഷ്ട്രപതി നല്‍കുകയും ബാക്കി മന്ത്രി സ്മൃതി ഇറാനി നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. മറ്റുള്ളവര്‍ക്കൊപ്പം രാഷ്ട്രപതി ഗ്രൂപ്പ് ഫോട്ടോ എടുക്കുമെന്നും അറിയിച്ചു. രണ്ട് ഘട്ടങ്ങളിലായി പുരസ്‌കാരം വിതരണം ചെയ്യുമെന്ന് ചൂണ്ടിക്കാണിച്ചുള്ള അച്ചടിച്ച നടപടിക്രമങ്ങളും റിഹേഴ്‌സലില്‍ നല്‍കി.

എന്നാല്‍, തീരുമാനത്തെ ചലച്ചിത്ര പ്രവര്‍ത്തകര്‍ ഉടന്‍ ചോദ്യംചെയ്തു. കേരളത്തില്‍നിന്നുള്ള ചലച്ചിത്ര പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പ്രതിഷേധമുയര്‍ത്തിയത്. തങ്ങളെ അറിയിച്ചത് രാഷ്ട്രപതി പുരസ്‌കാരം നല്‍കുമെന്നാണെന്നും തീരുമാനം മാറ്റിയതെന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. പിന്നീട് വന്‍ പ്രതിഷേധമാണ് ഉണ്ടായത്.