വിദേശവനിതയുടെ കൊലപാതകം: അന്വേഷണ സംഘത്തെ അഭിനന്ദിച്ച് ബെഹ്‌റ; ബാഡ്ജ് ഓഫ് ഓണര്‍ നല്‍കും

തിരുവനന്തപുരം: വിദേശ വനിതയുടെ കൊലപാതകം അന്വേഷിച്ച പൊലീസ് സംഘത്തെ അഭിനന്ദിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. വളരെപ്പെട്ടെന്ന് പ്രതികളെ പിടിച്ചെന്നും ഇനിയും കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനുണ്ടെന്നും ബെഹ്‌റ പറഞ്ഞു. ഐ.ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. സംഘത്തിന് ബാഡ്ജ് ഓഫ് ഓണര്‍ നല്‍കി ആദരിക്കും. ലിഗയുടെ സഹോദരി ഇലീസ് പൊലീസ് നന്ദി അറിയിച്ചു.

വിദേശ വനിതയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളായ  ഉമേഷ്, ഉദയന്‍ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. കൊലപാതകം, ബലാത്സംഗം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.

ലഹരിമരുന്ന് നല്‍കിയ ശേഷമാണ് വിദേശവനിതയെ പീഡിപ്പിച്ചത്. മൃതദേഹം കാട്ടില്‍ ഉപേക്ഷിച്ചത് ആത്മഹത്യയാണെന്ന് വരുത്താനായിരുന്നുവെന്നും പൊലീസ് പറയുന്നു. പ്രതികള്‍ മുന്‍പും സമാനമായ സംഭവം നടത്തിയിട്ടുണ്ടെന്ന് പൊലീസിന് സംശയം ഉണ്ട്.

വിദേശ വനിതയെ ബലാത്സംഗം ചെയ്ത് കൊന്നതാണെന്ന് പ്രതികള്‍ മൊഴി നല്‍കിയിരുന്നു. ടൂറിസ്റ്റ് ഗൈഡുകളാണെന്ന് പറഞ്ഞതാണ് ലിഗയെ വാഴമുട്ടത്ത് കൊണ്ടുവന്നത്. ഫൈബര്‍ ബോട്ടിലാണ് വനിതയെ കണ്ടല്‍ക്കാട്ടില്‍ എത്തിച്ചത്. കഞ്ചാവും കാഴ്ച്ചകളും വാഗ്ദാനം ചെയ്തുവെന്നും പ്രതികളായ ഉമേഷ്, ഉദയന്‍ എന്നിവര്‍ പറഞ്ഞു.

മാര്‍ച്ച് 14 വൈകുന്നേരം 5.30വരെ പ്രതികളും വിദേശ വനിതയും കണ്ടല്‍ക്കാട്ടില്‍ ഉണ്ടായിരുന്നു. അതിന് ശേഷമാണ് വിദേശ വനിതയെ കൊലപ്പെടുത്തിയതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.  കണ്ടല്‍ക്കാട്ടില്‍ നിന്ന് കണ്ടെത്തിയ മുടിയിഴകള്‍ ഉമേഷിന്റേതാണെന്നാണ് ഫൊറന്‍സിക് റിപ്പോര്‍ട്ട്.

മുഖ്യപ്രതി ഉമേഷാണെന്ന് പൊലീസ് പറയുന്നു. വിദേശ വനിതയുടെ ദേഹത്ത് കണ്ട ജാക്കറ്റ് ഉദയന്റേതാണ്.  ഉമേഷ്  മറ്റ് സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. ഉമേഷിനെതിരെ പോക്സോയും ചുമത്തും.

അതേസമയം വിദേശ വനിതയുടെ സംസ്കാരം തൈക്കാട് ശാന്തികവാടത്തിൽ ഇന്ന് വൈകീട്ട് നാലിനു നടക്കും. ചിതാഭസ്മം ഇലീസ് ലാത്‍വിയയിലേക്കു കൊണ്ടുപോകും. സാങ്കേതിക കാരണങ്ങളാൽ വിദേശ വനിതയുടെ മാതാപിതാക്കളും മറ്റു ബന്ധുക്കളും സംസ്കാര ചടങ്ങിനെത്തില്ല. രണ്ടാഴ്ച മുൻപായിരുന്നു വിദേശ വനിതയും ഇലീസും നാട്ടിലേക്കു മടങ്ങാൻ വിമാന ടിക്കറ്റ് എടുത്തിരുന്നത്.

വിദേശ വനിതയുടെ സഹോദരി ഇലീസ് അടുത്ത വ്യാഴാഴ്ച നാട്ടിലേക്കു മടങ്ങും. അതിന് മുമ്പ് ആറിനു വൈകിട്ട് അഞ്ചിനു നിശാഗന്ധി ഓഡിറ്റോറിയത്തിലെ സംഗീതസാന്ദ്രമായ അന്തരീക്ഷത്തിൽ വിദേശ വനിതയുടെ ഓർമകളുമായി മെഴുകുതിരി വെളിച്ചത്തിൽ‌ ചടങ്ങ് സംഘടിപ്പിക്കും. വിദേശ വനിതയുടെ തേടിയുള്ള യാത്രയില്‍ ഒപ്പം നിന്നവര്‍ക്ക് ഇലീസ് നന്ദി അറിയിക്കും. ഇന്ത്യൻ സംഗീതം ഏറെ ഇഷ്ടപ്പെട്ടിരുന്ന വിദേശ വനിതയുടെ ഓർമയ്ക്കായി വയലിൻ സംഗീതനിശയും ഉണ്ടായിരിക്കും. ബെലബഹാർ എന്ന സംഗീതോപകരണത്തിലൂടെ പ്രശസ്തനായ സംഗീതജ്ഞൻ നവീൻ ഗന്ധർവിന്റെ ആരാധികയായിരുന്നു വിദേശ വനിത. ചടങ്ങിനെക്കുറിച്ചറിഞ്ഞ നവീൻ മുംബൈയിൽ നിന്നെത്തി വിദേശ വനിതയ്ക്കായി പാടും.

കാണാതായ വിദേശ വനിതയ്ക്കായി ഭർത്താവ് ആൻഡ്രുവും താനും ചേർന്നു രണ്ടു മാസത്തോളമായി നടത്തിയ തിരച്ചിലിന്റെ അനുഭവങ്ങൾ ഇലീസ് പങ്കുവയ്ക്കും. വിദേശ വനിതയെക്കുറിച്ചും കുടുംബത്തെക്കുറിച്ചും ഇലീസിന്റെ വിഡിയോ അവതരണത്തിനു ശേഷം വിദേശ വനിതയുടെ ഓർമയ്ക്കായി കനകക്കുന്നിൽ മരത്തൈ നടും. മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും ചടങ്ങിലേക്ക് ഇലീസ് ക്ഷണിച്ചിട്ടുണ്ട്. പരിപാടിക്കായി ടൂറിസം വകുപ്പ് നിശാഗന്ധി ഓഡിറ്റോറിയം സൗജന്യമായി വിട്ടുനൽകി.

മൃതദേഹം ലാത്വിയയിലേക്കു കൊണ്ടുപോകാൻ കുടുംബാംഗങ്ങൾ ആദ്യം ആലോചിച്ചിരുന്നെങ്കിലും പിന്നീടത് ഉപേക്ഷിക്കുകയായിരുന്നു. ചിതാഭസ്മം വീടുകളിൽ സൂക്ഷിക്കുകയാണ് അവിടത്തെ പതിവ്. പൂന്തോട്ടത്തിലെ പുതിയൊരു തണൽമരച്ചുവട്ടിൽ ചിതാഭസ്മം നിക്ഷേപിക്കണമെന്ന വിദേശ വനിതയുടെ ആഗ്രഹം കുടുംബാംഗങ്ങൾ സഫലമാക്കും.