ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം: ചടങ്ങ് ബഹിഷ്‌കരിച്ച 68 പേര്‍ക്കും മെഡലും ചെക്കും സ്പീഡ് പോസ്റ്റിലെത്തും

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങ് ബഹിഷ്‌കരിച്ചവര്‍ക്ക് സ്പീഡ് പോസ്റ്റിലൂടെ എത്തിക്കുമെന്ന് ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവല്‍ അറിയിച്ചു. മെഡലും പ്രശസ്തി പത്രവും ചെക്കുമാണ് സ്പീഡ് പോസ്റ്റിലൂടെ എത്തിക്കുക. കഴിഞ്ഞ തവണയും ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ടും മറ്റ് പ്രശ്‌നങ്ങള്‍ മൂലവും ചടങ്ങില്‍ സംബന്ധിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഇതു പോലെ പുരസ്‌കാരം അയച്ചു നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

പുരസ്‌കാരത്തിനുള്ള ക്ഷണക്കത്തില്‍ രാഷ്ട്രപതി അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്നാണ് അറിയിച്ചിരുന്നതെന്നും അവസാന നിമിഷത്തെ മാറ്റം അംഗീകരിക്കാനാവില്ലെന്നുമാണ് ചടങ്ങ് ബഹിഷ്‌കരിച്ചവരുടെ നിലപാട്. എന്നാല്‍ മാര്‍ച്ച് മാസത്തില്‍ തന്നെ രാഷ്ട്രപതിയുടെ സമയക്രമവും മറ്റ് വിവരങ്ങളും മന്ത്രാലയത്തെ അറിയിച്ചതാണ്. എത്ര പുരസ്‌കാരങ്ങള്‍ അദ്ദേഹം നല്‍കണമെന്നും മറ്റുളളവ ആര് നല്‍കുമെന്നുമെല്ലാമുളള കാര്യങ്ങള്‍ തീരുമാനിച്ചത് മന്ത്രാലയമാണെന്ന് രാഷ്ട്പതി ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു.

രാഷ്ട്രപതി ഭവന്‍ വളരെ നേരത്തെ തന്നെ ഇക്കാര്യം അറിയിച്ചിട്ടും അവാര്‍ഡ് ജേതാക്കള്‍ക്ക് അയച്ച കത്തില്‍ രാഷ്ട്രപതിയാണ് പുരസ്‌കാരം നല്‍കുകയെന്നാണ് വാര്‍ത്ത വിനിമയ മന്ത്രാലയം അറിയിച്ചത്. മെയ് ഒന്നിന് മന്ത്രാലയം സെക്രട്ടറി എത്ര അവാര്‍ഡുകളാണ് രാഷ്ട്രപതി നല്‍കുന്നതെന്ന് അറിയിക്കാന്‍ രാഷ്ട്രപതി ഭവനിലെത്തിയിരുന്നുവെന്നാണ് വിവരം.

തിരഞ്ഞെടുക്കപ്പെട്ട 11 പേരില്‍ കേരളത്തില്‍ നിന്നു സംവിധായകന്‍ ജയരാജ്, ഗായകന്‍ കെ.ജെ.യേശുദാസ് എന്നിവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇവര്‍ ഇരുവരും പുരസ്‌കാരം ഏറ്റുവാങ്ങിയിരുന്നു.