രാജ്യത്തിന്റെ ശത്രുവായിരുന്നു ജിന്നയെന്ന് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ

കാണ്‍പൂര്‍: രാജ്യത്തിന്റെ ശത്രുവായിരുന്നു പാകിസ്താന്‍ രാഷ്ട്രശില്‍പി മുഹമ്മദലി ജിന്നയെന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു. അലിഗഢ് മുസ്ലീം സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ ഹാളില്‍ മുഹമ്മദലി ജിന്നയുടെ ചിത്രം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു മൗര്യ. രാജ്യത്ത് ഒരാളും ഇതുവരെയും, ഇനി അങ്ങോട്ടും ഇതുപോലൊരു ശത്രുവിന് മനസില്‍ സ്ഥാനം നല്‍കില്ലെന്നും മൗര്യ പറഞ്ഞു.

സര്‍വകലാശാലയില്‍  ജിന്നയുടെ ചിത്രം സ്ഥാപിച്ചതിനെ ചോദ്യം ചെയ്ത് അലിഗഢില്‍ നിന്നുള്ള ബിജെപി എംപി സതീഷ് ഗൗതം സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ക്ക് കത്തയച്ചിരുന്നു.എന്നാല്‍ ജിന്നയെ മഹാപുരുഷനെന്ന് വിശേഷിപ്പിച്ച് യുപി മന്ത്രിസഭയിലെ അംഗമായ സ്വാമി പ്രസാദ് മൗര്യ രംഗത്തെത്തിയിരുന്നു. പാകിസ്താന്‍ രൂപീകരണത്തിന് മുമ്പ് ഇന്ത്യക്ക് വേണ്ടി പ്രവര്‍ത്തിച്ചയാളായ ജിന്നക്കെതിരെ വിരല്‍ ചൂണ്ടുന്നത് നാണക്കേടാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ സ്വാമി പ്രസാദ് പറഞ്ഞത് വ്യക്തിപരമായ കാര്യമാണെന്നും ഇക്കാര്യം പാര്‍ട്ടിയില്‍  തന്നെ പരിഹരിക്കുമെന്നും ഉപമുഖ്യമന്ത്രി മൗര്യ പറഞ്ഞു.ജിന്ന രാജ്യത്ത് ആദരിക്കപ്പെടരുതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും അഭിപ്രായപ്പെട്ടിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ