തെരഞ്ഞെടുപ്പ് പ്രചരണത്തിനിപ്പോഴും ജയ-എം.ജി.ആര്‍ ചിത്രം

തിരുവനന്തപുരം: ജയലളിത- എം.ജി.ആര്‍ ജോഡികള്‍ തമിഴകത്തുള്ളവരുടെ മനസില്‍ നിന്ന് പെട്ടെന്ന് മായില്ല. യഥാര്‍ത്ഥ കാതല്‍ ജോഡികള്‍ ഇവരാണെന്ന് തമിഴകം ഇന്നും വിശ്വസിക്കുന്നു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇരുവരും ആദ്യമായി ജോഡികളായ ആയിരത്തില്‍ ഒരുവന്‍ ഡിജിറ്റലാക്കി തിയേറ്ററുകളിലെത്തിച്ചു. ചിത്രത്തിന്റെ പോസ്റ്ററുകള്‍ വ്യാപകമായി തമിഴ്‌നാടിന്റെ പലഭാഗത്തും ഒട്ടിച്ചു. ഇതോടെ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന് മനസിലായ ഡി.എം.കെയും കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.

തെരഞ്ഞെടുപ്പിന് ആഴചകള്‍ മാത്രം നില്‍ക്കെ ചിത്രം റിലീസ് ചെയ്യുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് കമ്മിഷന് നല്‍കിയ പരാതിയില്‍ ഇവര്‍ ആരോപിച്ചു. എന്നാല്‍ സിനിമയുടെ റിലീസിംഗ് കമ്മിഷന്‍ തടഞ്ഞില്ല. നേതാക്കളുടെ ചിത്രങ്ങളടങ്ങിയ പോസ്റ്ററുകള്‍ പതിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ്. തമിഴ്‌നാട്ടിലുടനീളം ജയലളിതയുടെ സിനിമാ പോസ്റ്റര്‍ പതിച്ചിരുന്നു. പോസ്റ്ററുകള്‍ അടിയന്തിരമായി നീക്കണമെന്ന് തമിഴ്‌നാട്ടിലെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ എ.ഐ.ഡി.എം.കെയെ അറിയിച്ചു. എന്നാല്‍ സിനിമ പുറത്തിറക്കുന്നതിന് പിന്നില്‍ രാഷ്ട്രിയ ലക്ഷ്യമില്ലെന്നാണ് ദിവ്യാഫിലിംസ് ഉടമ ചോക്കലിംഗം അറിയിച്ചത്.

പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ക്ക് പോലും ഇപ്പോഴും എം.ജി ആറിന്റെയും ജയലളിതയുടെയും സിനിമകള്‍ ഗ്രാമങ്ങളിലും റോഡ് വക്കിലും പ്രദര്‍ശിപ്പിക്കുന്നത് പതിവാണ്. കാളവണ്ടിയില്‍ ഇരുവരും അഭിനയിച്ച സിനിമകളിലെ പാട്ട് വെച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ നൃത്തം ചവിട്ടാറുണ്ട്. തമിഴരുടെ ജീവിതവുമായി അത്രയും വൈകാരികമായ ബന്ധമാണ് ഇരുവര്‍ക്കുമുളളത്. എം.ജി.ആര്‍ മരിച്ചപ്പോള്‍ ധാരാളം പേര്‍ ആത്മഹത്യ ചെയ്തിരുന്നു. ജയലളിതയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ തമിഴകത്ത് അത് ആവര്‍ത്തിക്കുമോ എന്ന് അധികാരികള്‍ക്ക് ഭയമുണ്ട്.