പത്തനംതിട്ടയില്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കറുടെ വാഹനവ്യൂഹത്തിലേക്ക് സ്വകാര്യവാഹനം ഇടിച്ചു കയറി

പത്തനംതിട്ട: കേന്ദ്ര മാനവശേഷി വികസന മന്ത്രി പ്രകാശ് ജാവ്‌ദേക്കറുടെ വാഹനവ്യൂഹത്തിലേക്കു സ്വകാര്യ വാഹനം ഇടിച്ചു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പു പ്രചാരണം കഴിഞ്ഞു മടങ്ങുകയായിരുന്നു മന്ത്രിയുടെ വാഹന വ്യൂഹത്തെ കുളനടയില്‍ വച്ചു മറികടക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടം. മൂന്നു തവണ വാഹനം ഇടിച്ചതായി ബിജെപി ആരോപിച്ചു. സുരക്ഷാ വീഴ്ച അന്വേഷിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

വാഹനം ഓടിച്ചിരുന്ന പന്തളം സ്വദേശി ലെനിന്‍ മുരളിയെ (24) പൊലീസ് കസ്റ്റഡിയില്‍ എടുത്ത് വൈദ്യപരിശോധനക്ക് വിധേയനാക്കി. ഇയാള്‍ മദ്യപിച്ചിരുന്നതായി വ്യക്തമായതായി പോലീസ് പറഞ്ഞു. ഇയാളുടെ വാഗണ്‍ ആര്‍ കാര്‍ മന്ത്രിയുടെ പൈലറ്റ് വാഹനവുമായി ഇടിക്കുകയായിരുന്നു. പന്തളം പോലീസിന്റെ കസ്റ്റഡിയിലാണ് ഇയാള്‍ ഇപ്പോള്‍ ഉള്ളത്. മദ്യപിച്ച് വാഹനമോടിച്ചതിന് ഇയാള്‍ക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.