സജി ഓലിക്കര നിര്യാതനായി; മരണമെത്തിയത് മകളുടെ വിവാഹം ക്ഷണിക്കാനുള്ള യാത്രയ്ക്കിടെ

കറുകച്ചാല്‍: കോട്ടയം ജില്ലാ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റായിരുന്ന സജി ഓലിക്കര (57) നിര്യാതനായി. ഹൃദ്രോഗ ബാധയെത്തുടര്‍ന്ന് തൃശൂര്‍ ചാലക്കുടി ശാന്തി ആശുപത്രിയില്‍ ശനിയാഴ്ച വൈകുന്നേരം മൂന്നിനായിരുന്നു അന്ത്യം.

ഇളയ മകളുടെ വിവാഹം ക്ഷണിക്കാന്‍ കോഴിക്കോടുള്ള ബന്ധുക്കളുടെ വീടുകളിലേക്കു പോകുന്നതിനായി കുടുംബാംഗങ്ങളോടൊപ്പം വെള്ളിയാഴ്ച രാവിലെയാണ് ചമ്പക്കരയിലുള്ള വീട്ടില്‍നിന്നും പുറപ്പെട്ടത്. പോകും വഴി നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംസ്‌കാരം പിന്നീട് നടക്കും.

ജില്ലാ പഞ്ചായത്തുകള്‍ നിലവില്‍ വന്ന 1995 മുതല്‍ രണ്ടര വര്‍ഷക്കാലം സജി ഓലിക്കര പ്രസിഡന്റായിരുന്നു. സിപിഐ അംഗമായി കറുകച്ചാല്‍ ഡിവിഷനില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. എല്‍ഡിഎഫ് ധാരണ പ്രകാരം രണ്ടര വര്‍ഷത്തിനുശേഷം സ്ഥാനമൊഴിഞ്ഞു. സിപിഐയില്‍ നിന്നും രാജിവച്ച സജി കേരള കോണ്‍ഗ്രസ് എം സംസ്ഥാനകമ്മിറ്റിയംഗമായി പ്രവര്‍ത്തിക്കുകയായിരുന്നു. പരേതരായ പോത്തന്‍ ജോണ്‍. അച്ചാമ്മ എന്നിവരാണ് മാതാപിതാക്കള്‍. ഭാര്യ റാണി ആയിരൂര്‍ ചുഴിക്കുളത്തില്‍ കുടുംബാംഗം. മക്കള്‍ വര്‍ഷ (ഓസ്‌ട്രേലിയ), മേഘ (ദുബായ്). മരുമകന്‍ കെവിന്‍ ( ഓസ്‌ട്രേലിയ).

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ