എത്ര വലിയ പാത്രം കൊണ്ട് മൂടിയാലും സത്യം ഒരു നാള്‍ വെളിയില്‍ വരിക തന്നെ ചെയ്യും: അശ്വതി ജ്വാല

തിരുവനന്തപുരം: തനിക്കെതിരെയുണ്ടായ അപവാദ പ്രചരണങ്ങള്‍ക്കും പൊലീസ് നടപടികള്‍ക്കുമെല്ലാം മറുപടിയുമായി സാമൂഹിക പ്രവര്‍ത്തക അശ്വതി ജ്വാല രംഗത്ത്. സമൂഹം എത്രത്തോളം രാഷ്ട്രീയവത്ക്കരിക്കപ്പെട്ടു എന്നു മനസ്സിലാക്കാന്‍ ഈ സംഭവത്തിലൂടെ കഴിഞ്ഞെന്നും ജ്വാല ഫേസ്ബുക്കില്‍ കുറിച്ചു.

‘സംഘടിതമായ അപവാദ പ്രചരണം സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ ചിന്താഗതിയെ എത്രത്തോളം സ്വാധീനിക്കാം എന്നതിന്റെ ഉദാഹരണം മാത്രമാണ് നിങ്ങള്‍. പ്രചാരണം അഴുച്ചുവിട്ടവരോടും പരാതിയില്ല. കാരണം നിങ്ങള്‍ ജ്വാലയെ എറിഞ്ഞ ഓരോ കല്ലും ഇപ്പോള്‍ പൂമാലയായി ജ്വാലയ്ക്കു മുന്നില്‍ തന്നെ വീഴുകയാണ്’ അശ്വതി തന്റെ കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

അശ്വതിയുടെ കുറിപ്പ്

തീയ്ക്ക് അങ്ങനെയൊരു കഴിവുണ്ട് എന്ന് പണ്ട് എപ്പോഴോ പഠിച്ചിട്ടുണ്ട്. അതായത് തീ കെടുത്താൻ വേണ്ടി നമ്മൾ ഉപയോഗിക്കുന്ന ഒരു വസ്തുവിന് ആ തീയിനെ കെടുത്താനുള്ള കഴിവ് യഥാർത്ഥത്തിൽ ഇല്ല എങ്കിൽ ആ വസ്തു ആ തീയിന് കൂടുതൽ ശക്തിയോടെ കത്തിപ്പടരാൻ സഹായകരമാകും എന്ന്.

ചില അവിചാരിത സംഭവങ്ങളുടെ പേരിൽ ജ്വാലയ്‌ക്കെതിരെ സംഘടിത അപവാദപ്രചാരണങ്ങൾക്കും അതിൻറെ പുറത്തുണ്ടായ പോലീസ് പരാതിയ്ക്കും ഇത്തരം വസ്തുക്കളുടെ അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. അവയ്ക്കൊന്നും തന്നെ ജ്വാലയെ അപകീർത്തിപ്പെടുത്താനോ ജ്വാലയുടെ പ്രവർത്തനങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള തടസ്സങ്ങൾ ഉണ്ടാക്കാനോ ജ്വാലയെത്തന്നെ ഇല്ലാതാക്കാനോ സാധിച്ചില്ല എന്ന് മാത്രമല്ല, ഇവയൊക്കെ ഫലത്തിൽ ജ്വാലയെയും അതിന്റെ പ്രവർത്തനമേഖലയെയും കൂടുതൽ ആളുകളിലേക്ക് തുറന്നിട്ട് ജ്വാലയുടെ പ്രശസ്തിയും ജനപ്രീതിയും വർദ്ധിപ്പിക്കുകയാണ് ചെയ്തത്.

ഈ വിഷയം ഉണ്ടായപ്പോൾ മുതൽ ഈ നിമിഷം വരെ എന്റെ ഫോണിൽ വന്ന കോളുകൾക്ക് കണക്കില്ല. വിളിച്ചവരെല്ലാം തന്നെ എനിക്കും ജ്വാലയ്ക്കും കലവറയില്ലാത്ത പിന്തുണയാണ് തന്നത്. “ചേച്ചി ധൈര്യമായി ഇരിക്ക്. ചേച്ചി ഒരു വാക്ക് പറഞ്ഞാൽ എന്താവശ്യത്തിനും ഓടിയെത്താൻ ഇവിടെ ഞങ്ങളുണ്ട്” എന്നിങ്ങനെ, ഞാൻ ഇതുവരെ കാണുകയോ സംസാരിക്കുകയോ പോലും ചെയ്തിട്ടില്ലാത്ത ഒട്ടനവധി ആളുകളുടെ വാക്കുകൾ പകർന്നു തന്ന ധൈര്യമാണ് ആ ഘട്ടത്തിൽ എന്നെയും ജ്വാലയെയും തളരാതെ പിടിച്ചു നിർത്തിയത്. അത്തരം ആയിരക്കണക്കിന് സുമനസ്സുകളുടെ പിന്തുണയും പ്രാർത്ഥനയും ഉള്ളപ്പോൾ ജ്വാല എന്തിന് ഭയപ്പെടണം..??? ഇപ്പോഴിതാ ജ്വാലയ്ക്കെതിരെയുള്ള പരാതിയിൽ കഴമ്പില്ല എന്ന് മനസ്സിലാക്കി അന്വേഷണം അവസാനിപ്പിക്കാനുള്ള തീരുമാനത്തിലാണ് പോലീസ് എന്ന് പത്രവാർത്തകളിലൂടെ അറിയുന്നു. എത്രവലിയ പാത്രം കൊണ്ട് മൂടിയാലും സത്യം ഒരുനാൾ വെളിയിൽ വരിക തന്നെ ചെയ്യും. അതിനൊപ്പം തന്നെ ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റി കേരളഘടകത്തിന്റെ ഈ വർഷത്തെ അവാർഡിന് അർഹയായി എന്ന വിവരവും പത്രങ്ങളിലൂടെ തന്നെ അറിയുന്നു. അണയ്ക്കാൻ എറിഞ്ഞ വസ്തുക്കൾ തീയിനെ ജ്വലിക്കാൻ എങ്ങനെ സഹായിക്കുന്നു എന്നത് വീണ്ടും തെളിവാകുന്നു.

സമൂഹം എത്രത്തോളം രാഷ്ട്രീയവത്ക്കരിക്കപ്പെട്ടു എന്ന് മനസ്സിലാക്കാൻ സഹായിച്ച ഒരു സംഭവമായിരുന്നു കഴിഞ്ഞു പോയത്. അതിൽ നിന്നും ഒട്ടേറെ പാഠങ്ങൾ പഠിക്കാനും മനസ്സിലാക്കാനും ഉണ്ടായിരുന്നു. . സംഘടിതമായ അപവാദപ്രചരണം സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ ചിന്താഗതിയെ എത്രത്തോളം സ്വാധീനിക്കാം എന്നതിന്റെ ഉദാഹരണം മാത്രമാണ് നിങ്ങൾ. പ്രചാരണം അഴിച്ചുവിട്ടവരോടും പരാതിയില്ല. കാരണം നിങ്ങൾ ജ്വാലയെ എറിഞ്ഞ ഓരോ കല്ലും ഇപ്പോൾ പൂമാലയായി ജ്വാലയ്ക്ക് മുന്നിൽ വീഴുകയാണ്.

അവാർഡിൽ സന്തോഷമുണ്ട് എങ്കിലും അമിതാഹ്ലാദം ഇല്ല. ഓരോ ബഹുമതിയും ജ്വാലയുടെ സമൂഹത്തോടുള്ള ഉത്തരവാദിത്വവും വർധിപ്പിക്കുകയാണ്. ചെയ്തു തീർക്കാൻ ഇനിയും ഏറെയുണ്ട് എന്ന ഓർമപ്പെടുത്തലാണ് ഓരോ അവാർഡും. ജ്വാല അതിനുള്ള ശ്രമങ്ങളിൽ മാത്രമാണ് ശ്രദ്ധിക്കുന്നത്. അതിനുള്ള പ്രേരകശക്തിയാകട്ടെ ജ്വാലയെ സ്നേഹിക്കുകയും അകമഴിഞ്ഞ് പിന്തുണയ്ക്കുകയും ചെയ്ത, ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്ന, ഓരോ സുമനസ്സുകളുടെയും പ്രാർത്ഥനയും…