സൈന്യം വധിച്ച അഞ്ച് ഹിസ്ബുള്‍ ഭീകരരില്‍ ഒരാള്‍ കശ്മീര്‍ സര്‍വകലാശാല പ്രൊഫസര്‍

ഷോപിയാന്‍: കശ്മീരിലെ ഷോപ്പിയാനിലും പുല്‍വാമയിലും ഉണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് ഗ്രാമീണര്‍ കൊല്ലപ്പെട്ടു. പൊലീസും നാട്ടുകാരും തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്. രാവിലെയുണ്ടായ ആക്രമണത്തില്‍ സൈന്യം അഞ്ച് ഭീകരരെ വധിച്ചിരുന്നു.  ഇവരിൽ സംഘടനയുടെ മുതിർന്ന തലവനും കശ്മീർ സർവകലാശാലയിലെ പ്രഫസറും ഉൾപ്പെടുന്നു. കശ്മീര്‍ യൂണിവേഴ്‌സിറ്റിയിലെ സോഷ്യോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ മുഹമ്മദ് റാഫി ഭട്ടാണ് കൊല്ലപ്പെട്ടത്. ഇവരിൽ നിന്ന് ആയുധങ്ങളും വെടിയുണ്ടകളും പിടിച്ചെടുത്തു. ഷോപിയാനിലെ ബാഡിഗാം ഗ്രാമത്തിലായിരുന്നു ഏറ്റുമുട്ടല്‍. ഭീകരരുടെ ആക്രമണത്തില്‍ ഒരു ജവാനും രണ്ടു പൊലീസുകാർക്കും പരുക്കേറ്റു.

ഭീകരര്‍ തമ്പടിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്നാണു സുരക്ഷാസേന ഗ്രാമത്തില്‍ തിരച്ചിലിന് എത്തിയത്.  അതിനിടെ ഭീകരരുമായി ഏറ്റുമുട്ടൽ നടന്നയിടത്തേക്കു ഗ്രാമീണർ എത്തിയത് പ്രശ്നം രൂക്ഷമാക്കി. മേഖലയിലുണ്ടായ സംഘർഷത്തിൽ അഞ്ചു ഗ്രാമീണരും കൊല്ലപ്പെട്ടു. ഇന്റർനെറ്റ് സേവനം ഉൾപ്പെടെ തെക്കൻ കശ്മീർ ജില്ലകളിൽ താത്കാലികമായി നിരോധിച്ചിരിക്കുകയാണ്. ചട്ടബൽ മേഖലയിൽ മൂന്നു ഭീകരരെ കൊലപ്പെടുത്തി 24 മണിക്കൂർ തികഞ്ഞതിനു പിന്നാലെയായിരുന്നു ഷോപിയാനിലെ ഏറ്റുമുട്ടൽ.

കൊല്ലപ്പെട്ട ഭീകരരിൽ ഹിസ്ബുള്‍ മുജാഹിദ്ദീന്റെ മുതിർന്ന കമാൻഡർ സദ്ദാം പാഡറും ഉൾപ്പെട്ടിട്ടുണ്ട്. പ്രൊഫസര്‍ മുഹമ്മദ് റാഫി ഭട്ട്, തൗസീഫ് ഷെയ്ഖ്, ആദിൽ മാലിക്, ബിലാൽ എന്നിവരാണു കൊല്ലപ്പെട്ട ബാക്കി നാലു പേർ. എല്ലാവരും തെക്കൻ കശ്മീരിൽ നിന്നുള്ളവരാണ്. കശ്മീർ സർവകലാശാലയിലെ അസി. പ്രൊഫസറായ മുഹമ്മദ് റാഫി ഭട്ടിനെ വെള്ളിയാഴ്ച വൈകീട്ട് മൂന്നര മുതൽ കാണാനില്ലായിരുന്നു. അന്നാണ് ഭട്ട് ഭീകരസംഘത്തിനൊപ്പം ചേർന്നതെന്നാണു വിവരം. ഇതിനു പിന്നാലെ ശനിയാഴ്ച വൈകീട്ടോടെ ബാഡിഗാമിൽ സുരക്ഷാസേന ഭീകര സംഘത്തെ വളയുകയായിരുന്നു. ഭട്ടിന്റെ കുടുംബാംഗങ്ങളെ സ്ഥലത്തെത്തിച്ച് അനുനയിപ്പിക്കാനുള്ള ശ്രമവും പൊലീസ് നടത്തിയെങ്കിലും വിജയിച്ചില്ല.

jammu and kashmir encounter

ഭട്ടിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച പകൽ പൊലീസിനു കുടുംബം പരാതി നൽകിയിരുന്നു. സർവകലാശാലയിലും ഭട്ടിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടു പ്രതിഷേധമുയർന്നു. ഇതിനുപിന്നാലെയാണു ഭീകരസംഘത്തിൽ ഭട്ടും ഉൾപ്പെട്ടെന്ന വിവരം പുറത്തുവരുന്നതും കൊല്ലപ്പെടുന്നതും.

ഭീകരരുമായി ഏറ്റുമുട്ടലുണ്ടായ സ്ഥലത്തേക്കു ജനങ്ങൾ പ്രതിഷേധവുമായി എത്തിയതും സംഘർഷം രൂക്ഷമാക്കി. കല്ലേറിനിടെ ഒട്ടേറെ യുവാക്കൾക്കു പരുക്കേറ്റു. ഇവരിൽ അഞ്ചു പേരാണ് മരിച്ചത്. തിങ്കളാഴ്ച മുതൽ രണ്ടു ദിവസത്തേക്ക് സർവകലാശാല അടച്ചിടാനാണു തീരുമാനം. സംഘർഷ സാധ്യതയുള്ളതിനാൽ എല്ലാ പരീക്ഷകളും മാറ്റിവച്ചു.