നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിയുടെ പിതാവ് ഹൃദയാഘാതം മൂലം മരിച്ചു

കൊച്ചി: നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിയുടെ പിതാവ് ഹൃദയാഘാതം മൂലം മരിച്ചു. തമിഴ്‌നാട് തിരുവാരൂര്‍ സ്വദേശി കൃഷ്ണസ്വാമി ശ്രീനിവാസനാണ് (46) മരിച്ചത്. മകന്‍ കസ്തൂരി മഹാലിംഗത്തോടൊപ്പം ശനിയാഴ്ചയാണ് ഇദ്ദേഹം കൊച്ചിയിലെത്തിയത്. ഇന്ന് (ഞായറാഴ്ച) രാവിലെ കൃഷ്ണസ്വാമിക്ക് നെഞ്ചു വേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം താമസിച്ചിരുന്ന ലോഡ്ജിന്റെ മാനേജരാണ് മഹാലിംഗത്തെ പരീക്ഷാ കേന്ദ്രത്തിലെത്തിച്ചത്. കൃഷ്ണസ്വാമിയുടെ ബന്ധു കൂടിയായ മാനേജര്‍ തിരിച്ചെത്തുമ്പോള്‍ കൃഷ്ണസ്വാമിയുടെ നില ഗുരുതരമായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

സംഭവമറിഞ്ഞ് ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള സിറ്റി ആശുപത്രിയിലെത്തി തുടര്‍ നടപടികള്‍ക്ക് നിര്‍ദേശം നല്‍കി. തുടര്‍ന്ന് മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചു. ജില്ല കളക്ടര്‍ക്കൊപ്പം ഡിസിപി കറുപ്പസ്വാമിയും ആശുപത്രിയിലെത്തി. വൈകിട്ട് നാലോടെ ആംബുലന്‍സില്‍ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടു പോയി. കൃഷ്ണസ്വാമിയുടെ ബന്ധുക്കളും ആശുപത്രിയിലെത്തിയിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെ പരീക്ഷ കഴിഞ്ഞ് മകന്‍ മഹാലിംഗത്തെ ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. പിതാവിന്റെ മരണ വാര്‍ത്തയറിയാതെയാണ് മകന്‍, കസ്തൂരി മഹാലിംഗം പരീക്ഷയെഴുതിയത്. കാച്ചി തമ്മനം നളന്ദ സ്‌കൂളിലായിരുന്നു മഹാലിംഗത്തിന് പരീക്ഷ നടന്നിരുന്നത്. ബന്ധുക്കളെത്തിയ ശേഷമാണ് കുട്ടിയോട് ദുരന്തവാര്‍ത്ത് പറഞ്ഞത്. സംസ്ഥാന അതിര്‍ത്തി വരെ പോലീസ് പൈലറ്റോടെയാണ് മൃതദേഹം കൊണ്ടുപോയത്.

അതേസമയം കൃഷ്ണസാമിയുടെ കുടുംബത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ മൂന്ന് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.