ബിഡിജെഎസ് ബിജെപി ബന്ധം വഷളാകുന്നു; ബിഡിജെഎസിന് എന്‍ഡിഎയില്‍ നേരിടേണ്ടി വന്നത് അവഗണന മാത്രമെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: എന്‍ഡിഎയില്‍ ബിഡിജെഎസിന് പരിഗണന കിട്ടിയില്ലെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എല്‍ഡിഎഫും യുഡിഎഫും ഘടകക്ഷികള്‍ക്ക് പരിഗണന നല്‍കുന്നു. ബിഡിജെഎസിന്റെ ആവശ്യങ്ങള്‍ വാങ്ങിത്തരുന്നതില്‍ ബിജെപി കേരളഘടകം പരാജയപ്പെട്ടു. കാസര്‍ക്കോട്ടെ കേന്ദ്രസര്‍വ്വകലാശാലയ്ക്ക് ശ്രീനാരായണ ഗുരുവിന്റെ പേര് നല്‍കാത്തതില്‍ എസ്എന്‍ഡിപിക്കും വിഷമമുണ്ട്. ഒരു നിമിഷം വിചാരിച്ചാല്‍ നടക്കാവുന്നതേയുള്ളൂ ഇത്. എന്നാല്‍ കേരളത്തിലെ ബിജെപി ഘടകത്തിന് ഇക്കാര്യത്തില്‍ താല്‍പര്യമില്ല. ബിഡിജെഎസിന് എന്‍ഡിഎയില്‍ നേരിടേണ്ടി വന്നത് അവഗണന മാത്രം. ബിഡിജെഎസ് നടത്തുന്നത് സമ്മര്‍ദ്ദ തന്ത്രം തന്നെയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഗത്യന്തരമില്ലാതെയാണ് ബിഡിജെസ് സമ്മര്‍ദ്ദതന്ത്രത്തിലേക്ക് പോയതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ബിജെപി വിചാരിച്ച കാര്യങ്ങള്‍ നിമിഷ നേരം കൊണ്ട് നടത്തി. ഘടകക്ഷികള്‍ക്ക് ഒന്നും കൊടുക്കാതെ ബിജെപി 200ലധികം പോസ്റ്റുകള്‍ സ്വന്തമാക്കി.

ബിഡിജെഎസിനെ എതിര്‍ക്കുന്ന സിപിഐഎം നേതാക്കള്‍ക്ക് പലമുഖമെന്നും വെള്ളാപ്പള്ളി പറഞ്ഞു. സിപിഐഎമ്മിന്റേത് കപട മതേതര നിലപാടാണ്. ബി.ഡി.ജെ.എസിനെ എല്‍.ഡി.എഫിലെടുക്കില്ലെന്ന എം.വി ഗോവിന്ദന്റെ പരാമര്‍ശം അനവസരത്തിലുള്ളതാണ്. സി.പി.ഐ.എമ്മിന്റെ നിലപാട് പറയേണ്ടത് പാര്‍ട്ടി സെക്രട്ടറിയാണ്. മധ്യകേരളത്തിലെ രാഷ്ട്രീയം അറിയാഞ്ഞിട്ടായിരിക്കാം ഗോവിന്ദന്റെ ആ പരാമര്‍ശം.ബിഡിജെഎസ് വര്‍ഗീയ പാര്‍ട്ടിയാണെന്ന് പറഞ്ഞ എം.വി ഗോവിന്ദന്റെ നിലപാട് അപക്വം. സജി ചെറിയാനെ തോല്‍പിക്കാന്‍ എം.വി ഗോവിന്ദന്‍ ശ്രമിക്കുന്നുവെന്ന് സംശയിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം, ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് പിന്‍മാറിയാല്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയുടെ വോട്ടുകുറയുമെന്നു വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. ഇനി പരിഹാരശ്രമങ്ങളുണ്ടായാലും ഇപ്പോഴുള്ള മുറിവുണങ്ങില്ല. ചെങ്ങന്നൂരിലേത് ശക്തമായ ത്രികോണ മല്‍സരമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ചെങ്ങന്നൂരില്‍ നിലവില്‍ സജി ചെറിയാനാണ് മുന്‍തൂക്കമുള്ളതെന്ന് പറഞ്ഞ വെള്ളാപ്പള്ളി ശ്രീധരന്‍പ്പിള്ള മൂന്നാം സ്ഥാനത്താണെന്നും പറഞ്ഞു.