റേഡിയോ ജോക്കിയുടെ കൊലപാതകം: ഷിജിനയുടെ വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ തെളിവാകും

തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ ഷിജിന ഷിഹാബിന്റെ വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ നിര്‍ണായക തെളിവാകും.

ഇവര്‍ പ്രതികള്‍ക്ക് പണം ബാങ്ക് അക്കൗണ്ട് വഴി കൈമാറുന്നതിന് തൊട്ടുമുന്‍പും ശേഷവും അയച്ച വാട്‌സാപ്പ് സന്ദേശങ്ങളാണ് തെളിവാകുന്നത്. ഇവരുടെ ഫോണില്‍ നിന്നും ഈ സന്ദേശങ്ങള്‍ അന്വേഷണ സംഘം വീണ്ടെടുത്തു.

ഖത്തറിലുള്ള സത്താറിന്റെ നിര്‍ദ്ദേശാനുസരണമായിരുന്നു ഓണ്‍ ലൈന്‍ ഇടപാടുകള്‍ നടത്തിയതെന്ന് ഷിജിന ചോദ്യം ചെയ്യലില്‍ പൊലിസിനോട് സമ്മതിച്ചിട്ടുണ്ട്.

കേസില്‍ ആദ്യം പിടിയിലായ നിഖില്‍ ശ്രീനാഥിന്റെ അക്കൗണ്ടിലേക്കാണ് ഇവര്‍ ആദ്യം പണം കൈമാറിയത്. കൃത്യം നടന്നതിന് അടുത്ത ദിവസമായിരുന്നു അത്. അരലക്ഷം രൂപയാണ് കൈമാറിയത്. പിന്നീട് കേസിലെ മുഖ്യപ്രതികളിലൊരാളായ അപ്പുണ്ണിയുടെ അമ്മയുടെ അക്കൗണ്ടിലേക്ക് 70,000 രൂപയും കൈമാറി. കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ഒളിവിലായിരുന്ന പ്രതികള്‍ക്ക് വാട്‌സാപ്പ് വഴി ഇവര്‍ അയച്ചുകൊടുത്തുവെന്നും പൊലിസ് കണ്ടെത്തി. കേസിലെ ഒന്നാംപ്രതി സത്താറുമായി ഇവര്‍ ഫോണില്‍ നിരന്തരം ബന്ധപ്പെടുകയും ചെയ്തിരുന്നു.